പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്). ഈ പാര്‍ട്ടിയുടെ നായകനോ, ഹുഗ്ലിയിലെ ഫര്‍ഫുറ ശെറീഫ് എന്ന പ്രമുഖ തീര്‍ത്ഥാനടകേന്ദ്രത്തില്‍ നിന്നുള്ള മതപണ്ഡിതന് അബ്ബാസ് സിദ്ദിഖി. സാധാരണ മതപണ്ഡിതനല്ല സിദ്ദിഖി- ഇസ്ലാമിക മൗലികവാദവും സ്ത്രീവിരുദ്ധതയും തലയ്ക്കടിച്ച ഒരു മതപണ്ഡിതന്. എങ്ങിനെയാണ് മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഈ ഇസ്ലാമിക മതഭ്രാന്തന്റെ പാര്‍ട്ടിയുമായി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയത്?
തൃണമൂല്‍ എംപി നുസ്രത്ത് ജഹാനെ മരത്തില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പ്രഖ്യാപിച്ച മതപണ്ഡിതനാണ് അബ്ബാസ് സിദ്ദിഖി. ശരീരം കാട്ടി പണം സമ്പാദിക്കുന്നവള്‍ എന്നായിരുന്നു നസ്രത്ത് ജഹാനെതിരെ അബ്ബാസ് സിദ്ദിഖി ഉയര്‍ത്തിയ മറ്റൊരു ആരോപണം.2020ലെ ദല്‍ഹി കലാപത്തിന് ശേഷം അള്ളായോട് പ്രാര്‍ത്ഥിച്ചത്രെ കോടിക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ ശക്തമായ ഒരു വൈറസിനെ അയക്കാന്‍. അതാണ് കൊറോണയെന്നാണ് സിദ്ദിഖിയുടെ കൊച്ചുബുദ്ധിയില്‍ ഉദിച്ച കണ്ടെത്തല്‍.
ഇസ്ലാമിക തീവ്രവാദി സ്കൂള്‍ അധ്യാപകന്റെ കഴുത്ത് മുറിച്ചപ്പോള്‍ പ്രവാചകനെ അപമാനിച്ചവര്‍ അസുരവിത്തുകളാണെന്നും അങ്ങിനെയുള്ളവര്‍ക്ക് ശരിയായ ശിക്ഷ കിട്ടണമെന്നും അബ്ബാസ് സിദ്ദിഖി വിധിച്ചു. മാത്രമല്ല, മതതീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഫ്രാന്‍സിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.
കാഫിര്‍ എന്ന വാക്ക് ഇടയ്ക്കിടെ അബ്ബാസ് സിദ്ദിഖിയുടെ നാവില്‍ നിന്നും അടര്‍ന്ന് വീഴും. നാസ്തികന് അല്ലെങ്കില്‍ ദൈവവിശ്വാസമില്ലാത്തവന് എന്ന അര്‍ത്ഥത്തിലാണ് കാഫിര്‍ എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ വന്ദേ മാതരം ഉരിയാടിയാല്‍ മുസ്ലിങ്ങള്‍ കാഫിറുകളായി മാറുമെന്നതാണ് അബ്ബാസ് സിദ്ദിഖിയുടെ ഉപദേശം. കൊല്‍ക്കത്തിയിലെ മേയര്‍ ഫിര്‍ഹാദ് ഹക്കിമിനെ കാഫിര്‍ എന്ന് വിളിക്കാനാണ് അബ്ബാസ് സിദ്ദിഖി ഇഷ്ടപ്പെടുന്നത്. കാരണം മുസ്ലിമായിട്ടും അദ്ദേഹം ഹിന്ദു പൂജകളില്‍ പങ്കെടുത്തു എന്നതാണ് ഹക്കിമിന് ചാര്‍ത്തികൊടുത്തിരിക്കുന്ന കുറ്റം. കൊല്‍ക്കത്തയിലെ സമൂഹ ദുര്‍ഗാപൂജകള്‍ സംഘടിപ്പിക്കുന്നവരില്‍ പ്രധാനിയാണ് ഹക്കിം.
ഇങ്ങിനെ ഉദാഹരണങ്ങള്‍ നിരത്തിയാല്‍ അബ്ബാസ് സിദ്ദിഖിയെ ഏത് ഗണത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് ഇപ്പോള്‍ വായനക്കാര്‍ക്ക് തന്നെ മനസ്സിലായിക്കാണും. ഈ അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായാണ് കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലേര്‍പ്പെടുന്നത്.
തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജി പറയുന്നത് അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യത്തോടെ ഇടതുപക്ഷവും കോണ്‍ഗ്രസും മതേതര പാര്‍ട്ടികള്‍ അല്ലാതായി എന്നാണ്. ഈ അപകടകരമായ സഖ്യത്തിലൂടെ മുസ്ലിം മതമൗലികവാദ രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും.
1946ല്‍ ഇന്ത്യാവിഭജനക്കാലത്ത് മുസ്ലിങ്ങളോടൊപ്പം നിന്ന ഇടതുപക്ഷം പഴയ ചരിത്രം ആവര്‍ത്തിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. പഴയ സിപിഎം മുഖ്യമന്ത്രി ജ്യോതിബസു മുസ്ലിംലീഗ് നേതാവ് ഹസ്സന് ഷാഹിദ് സുഹ്രവാര്‍ദിയോടൊപ്പം നില്ക്കുന്ന ഫോട്ടോയാണ് ഉദാഹരണമായി ബിജെപി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. 1946ല്‍ കൊല്‍ക്കത്ത വര്‍ഗ്ഗീയകലാപത്തിന് കാരണക്കാരനായിരുന്നു ഹസ്സന് ഷാഹിദ് സുഹ്രവാര്‍ദി.
കഴിഞ്ഞ ദിവസം ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും നടത്തിയ ബ്രിഗേഡ് റാലിയില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും നിസ്സഹായരായി ഒരു വര്‍ഗ്ഗീയ-മതമൗലികവാദ ശക്തിക്ക് മുന്നില്‍ കീഴടങ്ങുന്നതാണ് കണ്ടതെന്നും ഇത് ബംഗാളിനെ സര്‍വ്വനാശത്തിന്റെ വക്കിലേക്ക് കൊണ്ടുപോകുമെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ താക്കീത് നല്കുന്നു.
ഈ ഒരു നീക്കത്തോടെ ബംഗാളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസാന സാധ്യതകൂടി സിപിഎം കുരുതികൊടുക്കകയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. അതേ സമയം കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവും ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നത് സിദ്ദിഖി മതേതരവാദിയാണെന്നാണ്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ഇതിനെ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ ആത്മാവിനെ രൂപവല്‍ക്കരിച്ച ഗാന്ധിജിയും നെഹ്രുവും കൊണ്ടു വന്ന മതേതരസങ്കല്‍പങ്ങള്‍ക്ക് എതിരാണ് ഈ സഖ്യമെന്നാണ് ആനന്ദ് ശര്‍മ്മ അടിവരയിട്ട് പറയുന്നത്.
‘വര്‍ഗ്ഗീയതുമായുള്ള സമരം ചെയ്യുംപോള് കോണ്‍ഗ്രസിന് ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. എല്ലാത്തരം വര്‍ഗ്ഗീയതയോടും ഒരു പോലെ പോരാടേണ്ടതുണ്ട്,’ ആനന്ദ് ശര്‍മ്മ മറ്റൊരു ട്വീറ്റില്‍ ഉപദേശിക്കുന്നു. എന്നാല്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ ഈ തീരുമാനത്തിനെ പ്രിയങ്കയും പിന്തുണച്ചു. സിദ്ദിഖിയുടെ പാര്‍ട്ടിയ്ക്ക് 30 സീറ്റുകളില്‍ ഇടതുമുന്നണിയില്‍ നിന്നും ഏഴിടത്ത് കോണ്‍ഗ്രസില്‍ നിന്നും പിന്തുണലഭിക്കും. ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ 13 ശതമാനം വരും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: