”കാലം മാറുന്നു, കാലാവസ്ഥ തകിടം മറിയുന്നു, മഴയില്ലാത്തിടങ്ങളില്‍ കൊടും മഴ, മഴമേഖലകളില്‍ വരള്‍ച്ച… ഹരിതഭൂമികള്‍ മരുഭൂമികള്‍ക്ക് വഴിമാറുന്നു, ശുദ്ധജലത്തിന്റെ അമൂല്യസ്രോതസ്സായ ഹിമാനികള്‍ കടലില്‍ ഉരുകിയൊലിക്കുന്നു, ഒരുവശത്ത് കരുത്തേറുന്ന പകര്‍ച്ചവ്യാധികളും മറുവശത്ത് പെരുകിവരുന്ന മലിനീകരണവും…. നാമെങ്ങോട്ടാണ് പോകുന്നത്. അതൊക്കെ തിരക്കാന്‍ ആര്‍ക്കാണ് നേരം?” പ്രശസ്ത ശാസ്ത്ര സാഹിത്യകാരന് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ മനസ്സുതുറന്നു.
ജനങ്ങള്‍ അറിയണം – തങ്ങളുടെ ഭൂഗോളത്തെ, തങ്ങളുടെ അന്തരീക്ഷത്തെ, അതിജീവനത്തിന്റെ ഭീഷണികളെ. അതിനാണ് ശാസ്ത്രാവബോധം ജനഹൃദയങ്ങളില്‍ ആളിപ്പടരേണ്ടത്, അദ്ദേഹം പറയുന്നു.
”ശാസ്ത്രം എഴുതണം, ശാസ്ത്രചിന്ത വളര്‍ത്തണം. പക്ഷേ എഴുതേണ്ടപോലെ എഴുതിയില്ലെങ്കില്‍ വായിക്കാന്‍ ആളെ കിട്ടില്ല. പറയേണ്ടപോലെ പറഞ്ഞില്ലെങ്കില്‍ കേള്‍വിക്കാരെയും കിട്ടില്ല… അതിനാല്‍ മനുഷ്യന് മനസ്സിലാവുംവിധം സയന്‍സ് എഴുതുകയാണ് എന്റെ ലക്ഷ്യം. സാധാരണക്കാരന് രുചിക്കുന്ന സയന്‍സ്. അവന് രസിച്ച് വായിച്ച് തന്റെ ബോധമണ്ഡലത്തിലേക്ക് ആവാഹിക്കുന്ന സയന്‍സ്…”
ഇതാണ് ഡോ. അനില്‍കുമാറിന്റെ ശാസ്ത്രമെഴുത്തിന്റെ സൂത്രവാക്യം. അതാവട്ടെ അദ്ദേഹത്തെ അച്ചടിമാധ്യമങ്ങളിലൂടെയുള്ള ശാസ്ത്രപ്രചാരണത്തിനുള്ള ഭാരതസര്‍ക്കാരിന്റെ പരമോന്നത പുരസ്കാരത്തിന് അര്‍ഹനാക്കുകയും ചെയ്തു. മികച്ച ശാസ്ത്ര പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഈ വര്‍ഷം നേടിയതും ഡോ. അനി
ല്‍കുമാര്‍ തന്നെ. പ്രധാനകാരണം, കഴിഞ്ഞ പതിനാലുവര്‍ഷമായി ജന്മഭൂമി വാരാന്ത്യത്തില്‍ മുടങ്ങാതെ എഴുതുന്ന ശാസ്ത്രവിചാരം പംക്തി. ഭാരതത്തിന്റെ ഏതെങ്കിലും പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ കാലം മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്ന ഏക ജനപ്രിയ സയന്‍സ് കോളമാണിത്. ഒരുപക്ഷേ ഏഷ്യയിലെ തന്നെ റെക്കോഡ്.
”ഡിഗ്രിക്ക് പഠനവിഷയം രസതന്ത്രമായിരുന്നു. പിന്നെ പത്രപ്രവര്‍ത്തനത്തിലും നിയമത്തിലും ഡിഗ്രികള്‍. തുടര്‍ന്ന് ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും. നന്നായി സയന്‍സ് എഴുതുവാനുള്ള കരുത്ത് നല്‍കിയത് രസതന്ത്രമാണ്. ആ എഴുത്തിനെ ജനകീയമാക്കാന്‍ സഹായിച്ചത് പത്രപ്രവര്‍ത്തനവും” അനില്‍കുമാര്‍ പറയുന്നു.
അനില്‍കുമാറിന്റെ പത്രജീവിതത്തിന്റെ തുടക്കം ‘മാതൃഭൂമി’യിലായിരുന്നു. ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചതും അക്കാലത്തുതന്നെ. മികച്ച വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്കാരം. കുറെക്കാലം സ്പൈസസ് ബോര്‍ഡില്‍ കൃഷിമാസികയുടെ പത്രാധിപത്യം വഹിച്ചു. കൊച്ചി സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് & പബ്ലിക്കേഷന്‍സ് ഡയറക്ടറായി വന്നതു മുതല്‍ ശാസ്ത്രപ്രചാരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച സയന്‍സ് കമ്മ്യൂണിക്കേഷന്‍ കേന്ദ്രം മേധാവിയായിരുന്നു. അവിടെ നിരന്തരമായി സംഘടിപ്പിച്ച ദേശീയ ശില്പ്പശാലകളിലൂടെ രണ്ടായിരത്തോളം യുവപത്രപ്രവര്ത്തകരെയാണ് അദ്ദേഹം ശാസ്ത്രമെഴുത്തിലേക്ക് കൈപിടിച്ച് ആനയിച്ചത്. ‘സയന്‍സ് കമ്മ്യൂണിക്കേറ്റര്‍’ എന്ന ഗവേഷണ ജേര്‍ണല്‍ സ്വയം ആരംഭിച്ചതും അക്കാലത്തുതന്നെ.
ശാസ്ത്രമെഴുത്ത് എന്നാല്‍ ഭാഷാന്തരീകരണമല്ല. കേട്ടാല്‍ ഞെട്ടുന്ന സാങ്കേതിക പദങ്ങള്‍ കൊണ്ടുള്ള അമ്മാനമാട്ടവുമല്ല. ആദരവ് എന്നും സര്‍ഗാത്മക സാഹിത്യത്തിന് തന്നെയാണ്. ഒരുപക്ഷെ അതിനേക്കാള്‍ ഒരുപടികൂടി മുന്നിലാണ് ശാസ്ത്രസാഹിത്യം. സാഹിത്യം സര്‍ഗശേഷിയില്‍ നിന്ന് പിറന്നുവീഴുമ്പോള്‍ ശാസ്ത്രസാഹിത്യത്തിന്റെ പിറവിക്കു പിന്നില്‍ സര്‍ഗശേഷിയും കഠിനാദ്ധ്വാനവും കൂടി വേണമെന്ന് ഡോ. വടവാതൂര്‍.
”സാധാരണക്കാരനു വേണ്ടി ശാസ്ത്രമെഴുതുമ്പോള് ഏറെ ശ്രദ്ധ ആവശ്യമായി വരും. തലക്കെട്ടും ആമുഖവും മാത്രമല്ല ഉപസംഹാരം വരെ ശ്രദ്ധിക്കണം. പ്രതിപാദനം ആകര്‍ഷകമാക്കാന്‍ പുരാണത്തേയും പഴഞ്ചൊല്ലിനേയും അമ്മൂമ്മക്കഥയെയും വരെ ഞാന്‍ കൂട്ടുപിടിക്കും. തലക്കെട്ടില്‍ സിനിമാ പേരുകള്‍ പോലും വിളക്കിച്ചേര്‍ക്കും. അങ്ങനെ സൃഷ്ടിയെ കഴിയുന്നത്ര ആസ്വാദ്യകരമായ ഒരു വിഭവമാക്കും. ശാസ്ത്രമെഴുത്തിനുവേണ്ട കറിക്കൂട്ടുകള്‍ ഒരുക്കുമ്പോള്‍ വായനക്കാരന്റെ രുചി അറിയുകയാണ് പ്രധാനം… ഞാനെഴുതുന്ന കോളം ടെസ്റ്റ് ചെയ്തശേഷമേ പ്രസാധനത്തിന് അയക്കൂ. ആദ്യമത് വായിച്ചു കേള്‍ക്കുന്നത് ഭാര്യ തന്നെ. കേള്‍ക്കുമ്പോള്‍ ഭാര്യ ഗിരിജയുടെ മുഖം പ്രസന്നമാകുമെങ്കില് ഉറപ്പിക്കാം, കോളം നന്നായെന്ന്. അതാണെന്റെ ലിറ്റ്മസ് പരീക്ഷണം.” അദ്ദേഹം പറയുന്നു.
ഒരുകാലത്ത് ശാസ്ത്രാവബോധത്തില്‍ മുന്നില്‍ നിന്ന മലയാളി സമൂഹം അതില്‍ നിന്ന് ഏറെ അകന്നുപോയതായി ഡോ. അനില്‍കുമാര്‍ പരിതപിക്കുന്നു. ഒരു കാരണം രാഷ്ട്രീയത്തില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന അമിതമായ താല്‍പ്പര്യം. പലപ്പോഴും ശാസ്ത്രപ്രചാരണം മതനിഷേധവും വിശ്വാസനിഷേധവുമായി മാറുന്നു എന്നത് മറ്റൊരു കാരണം. മനുഷ്യന്റെ അടിസ്ഥാന വിശ്വാസങ്ങളെ എതിര്‍ക്കുന്നതാണ് ശാസ്ത്രം എന്ന ധാരണ ശരിയല്ല. അപ്രകാരം സംഭവിക്കുമ്പോള്‍ സാധാരണ മനസ്സുകള്‍ ശാസ്ത്രത്തെ നിരാകരിക്കാനുള്ള സാധ്യത ഏറുന്നു. അന്ധവിശ്വാസങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടവയാണ്. പക്ഷേ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍ത്തി രേഖ അതിലോലമാണെന്നത് ശാസ്ത്രപ്രചാരകര്‍ മറന്നുകൂടാ… പ്രത്യയശാസ്ത്രങ്ങള്‍ സയന്‍സില്‍ കടന്നുകൂടുന്നതും പ്രശ്നം സങ്കീര്‍ണമാക്കും.
വടവാതൂര്‍ ഗവ. യു.പി. സ്കൂള്‍, എംടി സെമിനാരി ഹൈസ്കൂള്‍, കോട്ടയം ബസേലിയോസ് കോളേജ്, കേരള – കാലിക്കറ്റ് – മംഗലാപുരം സര്‍വകലാശാല കാമ്പസുകള്‍ എന്നിവിടങ്ങളിലായിരുന്നു ഡോ. അനില്‍കുമാറിന്റെ വിദ്യാഭ്യാസം. കേരള സര്‍വകലാശാല കാമ്പസ് യൂണിയന് ചെയര്‍മാനായി രാഷ്ട്രീയമില്ലാ മുന്നണിയില്‍ മത്സരിച്ച് വിജയിച്ചത് മറ്റൊരു ഓര്മ. ഇതുവരെ രണ്ടായിരത്തോളം ലേഖനങ്ങള്‍ എഴുതി. അറുപത് പുസ്തകങ്ങളില്‍ നാല്‍പ്പതും ജനപ്രിയശാസ്ത്രവുമായി ബന്ധപ്പെട്ടത്. ജീവചരിത്രം, ബാലസാഹിത്യം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളിലും ഡോ. അനില്‍കുമാര്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മികച്ച ശാസ്ത്രലേഖകനുള്ള സംസ്ഥാന പുരസ്കാരം മൂന്നു തവണ ലഭിച്ച അദ്ദേഹത്തിന് മികച്ച ജനപ്രിയ ശാസ്ത്രഗ്രന്ഥത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട് – ‘മൈനാകവും കൂട്ടുകാരും’ എന്ന പുസ്തകത്തിന്.
ഹരികഥാ സാഹിത്യകാരനും നിമിഷ കവിയുമായിരുന്ന മുത്തച്ഛന് മുന്‍ഷി കരിപ്പാല്‍ നാരായണപിള്ളയുടെ പൈതൃകം തന്നെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ ഈ എഴുത്തുകാരന്റെ കരുത്ത് സ്വന്തം ഭാര്യ തന്നെ. കൊടുങ്ങൂര്‍ മഠത്തില്‍ പരേതനായ വാസുദേവപണിക്കരുടെ മകള്‍ ഗിരിജയാണ് ഭാര്യ. വിഷയം ഗണിതശാസ്ത്രം. മെര്‍സ്കില്‍ സീനിയര്‍ ഡാറ്റാ എഞ്ചിനീയര്‍ ആയ കൃഷ്ണ അനില്‍കുമാര്‍, പോണ്ടിച്ചേരിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. അജയ്ഗോപാല്‍ എന്നിവരാണ് മക്കള്‍. മെര്‍സ്കില്‍ തന്നെ ലീഡ് ഡാറ്റാ എഞ്ചിനീയര്‍ അരവിന്ദ് പ്രതാപ് മരുമകന്. പിഎസ്സിയില് ഉദ്യോഗസ്ഥയായ ഡോ. മഞ്ജുളാദേവി ഏക സഹോദരി.
മലയാളത്തിലേക്ക് ഈ ദേശീയ പുരസ്കാരം ആദ്യമായെത്തിച്ച ഡോ. അനില്‍കുമാര്‍ വടവാതൂരിലെ എഴുത്തുപുരയില്‍ ഏറെ സജീവമാണ്. മൂന്ന് പുസ്തകങ്ങള്‍ ഒരേസമയം പുറത്തിറക്കാനുള്ള തിരക്കിലാണ് അദ്ദേഹം. അതില്‍ ആദ്യത്തേത് പത്ര ചരിത്രത്തിന്റെ 100 വര്‍ഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: