ആലപ്പുഴ: ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. ഇന്നലെ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രണ്ട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല. കായംകുളം, മാവേലിക്കര നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കീറാമുട്ടിയിരിക്കുന്നത്. നിലവിലെ എംഎല്‍എമാര്‍ക്കെതിരെ പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിര്‍പ്പുയര്‍ത്തിയതാണ് പ്രതിസന്ധി.
കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍ കായംകുളത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗവും, ഡിവൈഎഫ്ഐയിലെ ഒരു വിഭാഗവും പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുകയാണ്. പ്രതിഭയ്ക്ക ജയസാദ്ധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിഭയെ ഒഴിവാക്കി ജില്ലാ സെക്രട്ടറിയേറ്റംഗത്തെ മത്സരിപ്പിക്കണമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.
മാവേലിക്കരയിലെ നിലവിലെ എംഎല്‍എ ആര്. രാജേഷിനെ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ചതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി ഒഴിവാക്കണമെന്നാണ് ജില്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. നിരവധി നാളുകളായി ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവുമായി നല്ല ബന്ധത്തിലല്ല, രാജേഷ് എന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും കാര്യത്തില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയായിരുക്കും അന്തിമ തീരുമാനമെടുക്കുക.
മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്കി വീണ്ടും മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായ ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളതെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ യുഡിഎഫ് മണ്ഡലമായിരുന്നു. ജി സുധാകരന് വന്നതോടെയാണ് മണ്ഡലം അനുകൂലമായത്. എന്നാല്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതില്‍ എതിര്‍സ്വരങ്ങളും ഉയര്‍ന്നു.
പുതിയ തലമുറയ്ക്ക അവസരം നിഷേധിക്കുകയാണെന്നാണ് വിമര്‍ശനം. ചെങ്ങന്നൂരില്‍ നിലവിലെ എംഎല്‍എ സജി ചെറിയാന് പകരം മറ്റു പേരുകളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ലെന്നാണ് വിവരം. അരൂരില്‍ സംസ്ഥാന കമ്മറ്റിയംഗം സി. ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആര്. നാസര്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ജില്ലയില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ ആറിടത്താണ് സിപിഎം മത്സരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് നല്കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: