ശ്ലോകം 291
യത്രൈഷജഗദാഭാസോ
ദര്പ്പണാന്തഃപുരം യഥാ
തദ്ബ്രഹ്മാഹമിതി ജ്ഞാത്വാ
കൃതകൃത്യോ ഭവിഷ്യസി
കണ്ണാടിയില്‍ നഗരം പ്രതിഫലിച്ച് കാണുന്നതുപോലെ യാതൊന്നില്‍ ഈ ജഗത്ത് പ്രതിഭാസിക്കുന്നുവോ ആ ബ്രഹ്മമാണ് ഞാന്‍ എന്നറിഞ്ഞ് നീ കൃതകൃത്യനായിത്തീരും. കണ്ണാടിയില്‍ പല വസ്തുക്കളും പ്രതിഫലിച്ച് കാണും. കണ്ണാടിയില്‍ നഗരമില്ലെങ്കിലും ഉള്ളതായി തോന്നും.
അതുപോലെയാണ് ജഗത്തിന്റെ ബ്രഹ്മത്തിലുള്ള പ്രതിഭാസം. ജീവാത്മാവ് പരമാത്മാവില്‍ പൂര്‍ണമായും ലയിക്കാത്ത അവസ്ഥയില്‍ മിഥ്യയായ ജഗത്തിന്റെ പ്രതീതിയുണ്ടാകും. വാസ്തവത്തില്‍ ജഗത്തിന് ഉണ്മയില്ല. അത് വെറും പ്രതിഫലനമാണ്.
കണ്ണാടിയിലെ പ്രതിഫലനം യഥാര്‍ത്ഥ വസ്തുവിനെപ്പോലെ ഇരിക്കുമെങ്കിലും അത് വാസ്തവമല്ല. ബിംബമുണ്ടെങ്കിലേ പ്രതിബിംബം ഉണ്ടാകുകയുള്ളൂ. അതുപോലെ തന്നെ പ്രതിഫലത്തിന് പാര്‍ശ്വിക വിപര്യാസം ഉണ്ടാകുകയും ചെയ്യും. വസ്തുവിന്റെ വലതുവശം കണ്ണാടിയില്‍ ഇടതു വശമായിട്ടാകും കാണുക. കിഴക്കോട്ടേക്ക് നോക്കിയിരിക്കുന്നയാള്‍ പടിഞ്ഞാറോട്ട് നോക്കിയിരിക്കും പോലെയും പ്രതിഫലിക്കും. അതു കൊണ്ട് തന്നെ അത് വാസ്തവമല്ല മിഥ്യയാണ്. ജഗത്തിന്റെ കാര്യത്തിലും ഇതൊക്കെ തന്നെ. ജഗത്ത് ബ്രഹ്മത്തിന്റെ പ്രതിഫലനം മാത്രമാണ്. ബ്രഹ്മത്തെക്കൂടാതെ ജഗത്തിന് സത്യത്വമില്ല. ബ്രഹ്മത്തിന്റെ പ്രതിഫലനമായതിനാല്‍ ജഗത്തിനും പാര്‍ശ്വിക വിപര്യാസമുണ്ട്.
ബ്രഹ്മത്തിന്റെയും ജഗത്തിന്റെയും ലക്ഷണങ്ങള്‍ വിപരീതങ്ങളാണ്. ബ്രഹ്മം അപരിമേയലാണ്, ജഗത് പരിമിതമാണ്. ബ്രഹ്മം പൂര്‍ണമാണ് ജഗത്ത് അപൂര്‍ണമാണ്. ഞാന്‍ ബ്രഹ്മാണെന്നും ജഗത്ത് മിഥ്യയാണെന്നും അനുഭവത്തിലൂടെ അറിഞ്ഞ് കൃതകൃത്യനാകണം.
ശ്ലോകം 292
യത്സത്യഭൂതം നിജ രൂപമാദ്യം
ചിദദ്വയാനന്ദമരൂപമക്രിയം
തദേത്യ മിഥ്യാവപുരുത് സൃ ജേത
ശൈലൂഷവദ് വേഷമുപാത്തമാത്മനഃ
ഞാന്‍ വാസ്തവത്തില്‍ സത്യസ്വരൂപനാണ് ചിത്ത് അദ്വയം, ആനന്ദം എന്നീ ലക്ഷണങ്ങളോടുകൂടിയവനും അരൂപനും അക്രിയനുമാണ് എന്ന് അനുഭവ രൂപത്തില്‍ അറിയണം. അഭിനയശേഷം നടന് തന്റെ വേഷം ഊരിക്കളയുന്നതുപോലെ സാധകന് തന്റെ മിഥ്യാ ശരീരവുമായുള്ള താദാത്മ്യഭാവം ഉപേക്ഷിക്കണം. പ്രിയപ്പെട്ട വസ്തുക്കളുമായി ചേരുമ്പോഴാണ് ആനന്ദമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇത് വെറും വിഷയാനന്ദമാണ്. യഥാര്‍ത്ഥത്തില്‍ നാം പരമാനന്ദ സ്വരൂപികളാണ്. പരമാത്മാവിന്റെ സ്വരൂപം ആനന്ദം തന്നെയാണ്. അത് വേറെ എവിടെ നിന്നെങ്കിലും നേടാവുന്നതല്ല. അതുള്ളതിനാലാണ് വിഷയാനന്ദത്തെ അറിയാന്‍ കഴിയുന്നത്.
ചിദദ്വയാനന്ദം എന്നാണ് അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് ചൈതന്യമാണ് രണ്ടല്ലാതെ ഒന്നു മാത്രമായതാണ്. അരൂപനും അക്രിയനുമാണ് പരമാത്മാവ്. എല്ലാമായി എങ്ങും നിറഞ്ഞ് വിലസുന്ന ശുദ്ധ ചൈതന്യത്തിന് രൂപമുണ്ടാകാന്‍ തരമില്ല. ഒരു കര്‍മ്മവുമില്ല. കര്‍മ്മം ചെയ്യാന്‍ ഇടമില്ല. താന്‍ മാത്രമേ ഉള്ളൂ. നിത്യ തൃപ്തനായതിനാല്‍ എന്തെങ്കിലും ആഗ്രഹമോ അതിന് കര്‍മ്മമോ ഇല്ല. സ്വയം പരിപൂര്ണ്ണനായതിനാല് ഒന്നും വേണ്ട താനം.
അഭിനയം കഴിഞ്ഞാല്‍ നടന് വേഷമഴിച്ച് വെയ്ക്കുന്നതുപോലെ പരമ ലക്ഷ്യം നേടിയാല്‍ ഞാന്‍ ദേഹമാണ് എന്ന മിഥ്യാധാരണയെ വെടിയണം. ശരീരമാകുന്ന വേഷം കെട്ടിയപ്പോള്‍ അതാണ് താന്‍ എന്ന് തെറ്റിദ്ധരിച്ചു. തന്റെ യഥാര്‍ത്ഥ സ്വരൂപം ആത്മാവാണെന്ന് മറന്ന് പോകരുത്. ധ്യാനത്തിന്റെ പാരമ്യത്തില്‍ യഥാര്‍ത്ഥ സ്വരൂപത്തെ ആത്മസ്വരൂപത്തെ നാം തന്നെ അനുഭവമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: