കൊച്ചി: സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണത്തില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്.
‘ഇക്കുറി കേരളത്തില്‍ അവതരിപ്പിച്ചത് ഒരു സംസ്ഥാന ബജറ്റല്ല, കിഫ്ബി ബജറ്റാണ്. ഓരോ പദ്ധതികളും എല്ലാ പദ്ധതികളും മാനേജ് ചെയ്യാന്‍ പോകുന്നത് കിഫ്ബിയ്ക്ക് കീഴിലാണ്. എന്താണ് ഈ സ്ഥാപനം? കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പോലും കിഫ്ബിയെ വിമര്‍ശിച്ചു. ബജറ്റ് അവതരണം കൊണ്ട് അവര്‍ ഇതാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ കേരളം ഒരു കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്,’- നിര്‍മ്മല സീതാരാമന് പറഞ്ഞു.
‘പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് പോലും നഷ്ടമായി. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് ആശങ്കയ്ക്ക് കാരണമാണ്. അക്രമം കേരളത്തില്‍ വ്യാപകമാണ്. മതമൗലിക വാദികളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് കേരളം. പക്ഷെ സര്‍ക്കാരിന് ഇതില്‍ യാതൊരു ഖേദവുമില്ല. കോണ്‍ഗ്രസിനും ഇതില്‍ വിഷമവുമില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും വര്‍ഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്.,’ നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടു.
‘1921 ലെ കലാപത്തെ പിന്തുണച്ച് ജാഥ നടത്താന്‍ പോലും ഇവിടെ സമ്മതം നല്കി. ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്ത 1921 ലെ കലാപത്തെ പിന്തുണയ്ക്കുന്ന ജാഥ നടത്താന്‍ എങ്ങിനെയാണ് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ശബ്ദ പിന്തുണ നല്‍കുകയാണ് പിണറായി,’- നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: