കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ ക്രിസ്തീയ സഭാ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയാറായാല്‍ കൂടുതല്‍ ഇടപെടലിന് തയാറാണെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെയും നേതാക്കളുടെയും ഇടപെടലിനുവേണ്ടി വര്‍ഷങ്ങളായി ഇരു വിഭാഗവും ശ്രമിച്ചു വരികയാണെന്നും ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് എത്രമാത്രം തയാറാകുമെന്നതിനെ ആശ്രയിച്ചാണ് പരിഹാരം കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഹിരണ്യ’ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീധരന്‍പിള്ളയുടെ അഭിപ്രായം.
”പ്രധാനമന്ത്രിയുടെ ഇടപെടലിന് ശ്രമം നടത്തുന്ന കാര്യം സഭാ നേതാക്കള്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. പ്രധാനമന്ത്രിയെക്കണ്ടപ്പോള്‍ അവരുടെ കാര്യം, അവരുടെ ആവശ്യം ഞാന്‍ അദ്ദേഹത്തെ അറിയിക്കുകയും അവര്‍ക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി മധ്യസ്ഥനായല്ല വിഷയത്തില്‍ ഇടപെടുന്നത്. അദ്ദേഹം ഇരു വിഭാഗങ്ങളുമായി ഒറ്റയ്ക്കായും അവരെ ഒരുമിച്ച് ഇരുത്തിയും സംസാരിച്ചു. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അവര്‍ ഒരുമിച്ച് ഇരിക്കുന്നത്. അതുതന്നെ വലിയ കാര്യമാണ്. ഇങ്ങനെ ഒരുമിച്ച് ഇരിക്കാനായതും ഭക്ഷണം കഴിക്കാനായതും വലിയ നേട്ടമാണെന്ന് പരിശുദ്ധ കാത്തോലിക്ക ബാവ എനിക്ക് എഴുതി.
ഇരു വിഭാഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംതൃപ്തിയുണ്ട്. പക്ഷെ പ്രശ്നങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് എത്രമാത്രം തയാറാകുമെന്നതിനെ ആശ്രയിച്ചാണ് പരിഹാരം കിടക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഗവര്‍ണറെന്ന പരിമിതിയില്‍ നിന്നു കൊണ്ടുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ ഇനിയും തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലും പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: