തൃശൂര്‍: കൊവിഡ് കാലത്തെ അതിജീവന സന്ദേശവുമായി കുട്ടികള്‍ അരങ്ങില്‍ എത്തുന്നു. രംഗചേതനയുടെ ആഭിമുഖ്യത്തില്‍ കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തില് നാളെയാണ് നാടകാവതരണം. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ രംഗചേതന നടത്തുന്ന കുട്ടികള്‍ക്കായുള്ള നാടക ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ചാണ് ‘ഗെയിം ഓണ്‍ കൊവിഡ്-19’ എന്ന നാടകം അവതരിപ്പിക്കുന്നത്.
17 കുട്ടികളാണ് നാടകത്തില്‍ അഭിനേതാക്കളായി അരങ്ങിലെത്തുക. കൊവിഡിനെ തുടര്‍ന്ന് വീടുകളില്‍ തളച്ചിടപ്പെട്ട കുട്ടികളുടെ മടുപ്പ് മാറ്റുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില് കുട്ടികള്‍ ഏര്‍പ്പെട്ട കളികളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. കടുത്ത വൈറസിനെ തോല്പ്പിയ്ക്കാന് ശ്രമിയ്ക്കുന്നവരുടെ കഥയാണ് നാടകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
ലോകം ഇന്നുവരെ കണ്ട നായക കഥാപാത്രങ്ങളും പീരങ്കി പടയും അതിവേഗ വിമാനങ്ങളും ബോംബുകളും വൈറസിന് മുമ്പില്‍ തോറ്റു പോകുന്നു. ഭൂമിയങ്ങിനെ പനിച്ചു തുള്ളുന്നത് കണ്ട് സന്തോഷിച്ച് രസിയ്ക്കുന്ന വൈറസിനെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് തോല്‍പ്പിച്ച് മനോഹരമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. നാളെ ഉച്ചതിരിഞ്ഞ് 3.30ന് കുട്ടികളുടെ ബന്ധുക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് നാടകത്തിന്റെ ആദ്യാവതരണം. തുടര്‍ന്ന് നാടകത്തില്‍ അഭിനയിച്ച കുട്ടികളെ സമ്മാനങ്ങള്‍ നല്കി ആദരിക്കും. 6.30ന് പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള അവതരണവും ഉണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: