ഇന്ന് ലോകം അപ്പപ്പോള്‍ വാര്‍ത്തകള്‍ അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. മുഖ്യമായും ഫെയ്സ്ബുക്കിലൂടെ. സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ തുടങ്ങിയ ഫെയ്സ്ബുക്ക് സേവനം ഇന്ന് വാര്‍ത്താവിതരണത്തിന്റെ പ്രധാന മാധ്യമമാണ്. എന്നാല്‍, ഓസ്ട്രേലിയയില്‍ പെട്ടെന്ന് ഒരു ദിവസം ജനങ്ങളാരും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍ കണ്ടില്ല.വാര്‍ത്തകള്‍ പങ്കുവെക്കുന്നതില്‍നിന്നു ഫെയ്സ്ബുക്ക് ഓസ്ട്രേലിയന്‍ ജനങ്ങളേയും അവിടുത്തെ മാധ്യമസ്ഥാപനങ്ങളെയും വിലക്കിയതാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.ഓസ്ട്രേലിയയില്‍നിന്ന് ഉദ്ഭവിക്കുന്ന വാര്‍ത്തകള്‍ മറ്റു രാജ്യങ്ങളില്‍ ലഭ്യമാക്കുന്നതും റദ്ദാക്കി.
വാര്‍ത്തകള്‍ പങ്കിടുന്നതിനു മാധ്യമസ്ഥാപനങ്ങള്‍ക്കു സമൂഹമാധ്യമങ്ങള്‍ പണം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്ട്രേലിയ പാര്‍ലമെന്റ് പാസാക്കാന്‍ പോകുന്നതേയുള്ളൂ എങ്കിലും വിവാദങ്ങള്‍ പൊടിപൊടിക്കുകയാണ്.വാര്‍ത്താമാധ്യമങ്ങളില്‍നിന്നുള്ള ലിങ്കുകളോ വാര്‍ത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രതിഫലം നല്‍കണമെന്നു നിയമം അനുശാസിക്കുന്നു.
വാര്‍ത്തകള്‍ക്കു മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രതിഫലം നല്‍കണമെന്ന നിയമം സര്‍ക്കാര്‍ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് ഫെബ്രുവരി രണ്ടാം വാരം മുതല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതു നിര്‍ത്തിവച്ചത്. ഇതെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫെയ്സ്ബുക്കില്‍നിന്ന് അപ്രത്യക്ഷമായി.
എന്നാല്‍ ഒരാഴ്ചക്കകം സര്‍ക്കാരുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നു വാര്‍ത്തകള്‍ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു. ഓരോ മാധ്യമസ്ഥാപനവുമായി കരാര്‍ ഉണ്ടാക്കാമെന്നാണു ഫെയ്സ്ബുക് ഇപ്പോള്‍ സമ്മതിച്ചിട്ടുള്ളത്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കത്തിനും ലിങ്കുകള്‍ക്കും അവ യഥാര്‍ഥത്തില്‍ തയാറാക്കിയ മാധ്യമങ്ങള്‍ക്ക് അഥവാ പ്രസാധകര്‍ക്കു പ്രതിഫലം നല്കാന് ഓസ്ട്രേലിയയില്‍ ഗൂഗിളും ഫെയ്സ്ബുക്കും തയാറായിരിക്കുന്നത് ശുഭകരമാണ്.
ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ക്കു പ്രതിഫലം നല്‍കുന്നത് ഒഴിവാക്കാന്‍ ഓസ്ട്രേലിയയെത്തന്നെ ഫെയ്സ്ബുക് ‘അണ്‍ഫ്രണ്ട്’ ചെയ്തു എന്നതാണ് വിവാദങ്ങളുടെ കാതല്‍.
സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താന്‍ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാര്‍ത്താബഹിഷ്കരണത്തിലൂടെ നേരിട്ട് ഫെയ്സ്ബുക് നടത്തിയ നടപടികളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.ഫെയ്സ്ബുക്കിന്റെ ഈ നീക്കത്തിനെ ഓസ്ട്രേലയയിലെ മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും വളരെ നിശിതമായാണ് വിമര്‍ശിച്ചത്. തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക പേജുകളും ചില വാണിജ്യപേജുകളും ഫെയ്സ്ബുക്ക് വിലക്കിയിരുന്നു.
എന്നാല്‍ നിയമത്തിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ സേര്‍ച് എന്‍ജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഗൂഗിള്‍ ഫെബ്രുവരി മൂന്നാം വാരത്തില്‍ റുപര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനുമായും സെവന് വെസ്റ്റ് മീഡിയയുമായും ധാരണയിലെത്തി.ഇതനുസരിച്ച് നിശ്ചിത പ്രതിഫലം നല്കി ഈ മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളുടെ ചുരുക്കവും ലിങ്കുകളും ഗൂഗിള്‍ സേര്‍ച് ഫലങ്ങളില്‍ ലഭ്യമാക്കും.
ഓസ്ട്രേലിയ പാസാക്കിയ നിയമപ്രകാരം രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളില്‍ നിന്നുള്ള ലിങ്കുകളോ വാര്‍ത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രതിഫലം നല്‍കണം. ഗൂഗിളും ഫെയ്സ്ബുക്കും ഉള്പടെയുള്ള കമ്പനികള്‍ മാധ്യമവാര്‍ത്തകള്‍ സേര്‍ച് ഫലങ്ങളിലും ന്യൂസ് ഫീഡുകളിലും നല്കി വലിയ തുക പരസ്യവരുമാനമായി നേടുന്ന സാഹചര്യത്തിലാണ് വാര്‍ത്തകള്‍ക്കു പ്രതിഫലം നല്‍കണമെന്നു നിയമം ആവശ്യപ്പെടുന്നത്.ഫ്രാന്‍സ്, ജര്‍മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ സമാന നടപടികള്‍ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കുന്നത് ഓസ്ട്രേലിയയാണ്.
എന്നാല്‍, പ്രസ്തുത ബില്ലില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയിലെത്തിയിരിക്കുകയാണിപ്പോള്.ഈ സാഹചര്യത്തിലാണ് വിലക്കുനീക്കുന്നത്.ഭേദഗതിയോടെയാണെങ്കിലും ബില്ലുമായി സഹകരിക്കാനുള്ള ഫെയ്സ്ബുക്കിന്റെ സമ്മതം ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഗുണംചെയ്യും. ഫെയ്സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗുമായി നടന്ന ചര്‍ച്ചകളെ കഠിനം എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയയിലെ നിയമനിര്‍മാണം മറ്റുരാജ്യങ്ങളും ഏറ്റുപിടിച്ചേക്കുമെന്നാണ് ഫെയ്സ്ബുക്കും ഗൂഗിളും ഭയപ്പെടുന്നത്.ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയയിലെ തങ്ങളുടെ തിരച്ചില്‍ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.ഏതായാലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനടക്കം ചെറുതും വലുതുമായ മാധ്യമസ്ഥാപനങ്ങളുമായി ഗൂഗിള്‍ കരാറില്‍ എത്തിച്ചേര്‍ന്നത് ശുഭകരമാണ്.
വ്യാജവിവരങ്ങളുടെ മഹാപ്രളയകാലത്തു മാധ്യമങ്ങള്‍ തയാറാക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. ഈ വാര്‍ത്താ ഉള്ളടക്കമാണ് സേര്ച്ചിലൂടെയും ക്ലിക്കുകളിലൂടെയും ഗൂഗിളും ഫെയ്സ്ബുക്കും ഉപയോക്താക്കള്‍ക്കു നല്‍കുന്നത്; അതിലൂടെ അവര്‍ സ്വന്തം പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുക മാത്രമല്ല, വന്‍തോതില്‍ പരസ്യവരുമാനം നേടുകയും ചെയ്യുന്നു. ടെക് കമ്പനികള്‍ ഇത്തരത്തില്‍ നേട്ടം കൊയ്യുമ്പോള്‍, വാര്‍ത്ത തയാറാക്കുന്നതിനു മുതല്‍മുടക്കിയ മാധ്യമങ്ങള്‍ക്ക് അതില്‍ ഒരു വിഹിതത്തിനു തീര്‍ച്ചയായും അര്‍ഹതയുണ്ട് ഓസ്ട്രേലിയയിലെ നിയമത്തിന്റെ അടിസ്ഥാനതത്വവും ഇതുതന്നെയാണ്.
വാര്‍ത്താമാധ്യമങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യയും ഇക്കാര്യത്തില്‍ അടിയന്തരമായി നിയമം നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവില്‍ ഒരു മുതല്‍മുടക്കുമില്ലാതെ വിദേശ ടെക് കമ്പനികള്‍ വാര്‍ത്താ ഉള്ളടക്കം വിതരണം ചെയ്ത് രാജ്യത്തു നിന്നു ശതകോടികള്‍ ലാഭം കൊയ്യുകയാണ്. വാര്‍ത്തയ്ക്കായി പണം ചെലവഴിക്കുന്ന മാധ്യമങ്ങള്‍ നിസ്സഹായരായി ഇതു കണ്ടുനില്ക്കുന്നു. സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളുമായി ആഗോളതലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ച് ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം തേടി ഇന്ത്യന്‍ ദിനപത്രങ്ങളും രംഗത്തിറങ്ങിയിരിക്കയാണ് .വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ 85 ശതമാനം വിഹിതം നല്‍കണമെന്ന് ഇന്ത്യയിലെ 800 ഓളംപ്രസാധകരെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കയാണ്.
പരസ്യവരുമാനത്തിന്റെ ‘ഭീമമായ ഭാഗം’ ഗൂഗിള്‍ കയ്യടക്കുമ്പോള്‍ പ്രസാധകര്‍ക്ക് താരതമ്യേന കുറവു വിഹിതമാണ് ലഭിക്കുന്നത് .ഒട്ടും സുതാര്യമല്ലാത്ത നയമാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ സ്വീകരിക്കുന്നതെന്നും ഐഎന്‍എസ് പറയുന്നു.കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പല പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്കും ഓസ്ട്രേലിയന്‍ മോഡല്‍ നിയമനിര്‍മാണം സഹായകമാകുമെന്നതില്‍ സംശയമില്ല
ഈ സാഹചര്യത്തിലാണ് മാധ്യമരംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ച് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 2018-ല്‍ 60 കോടി ഡോളര്‍ വാര്‍ത്താമേഖലയില്‍ ഇവര്‍ നിക്ഷേപിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ അന്യാദൃശമായ വളര്‍ച്ചയും വ്യാപനവും വഴി ഇന്ന് ആശയവിനിമയം അദ്ഭുതകരമാം വിധം അനായാസമായിരിക്കുന്നു.കൊവിഡ് കാലത്തിന്റെ ഏകാന്തഭീകരതയില് നിന്ന് നമ്മള് ഒരു പരിധിവരെ രക്ഷനേടിയതു സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു. ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കറിയാം, മൊബൈല്‍ ഫോണും അത് നല്കുന്ന സാദ്ധ്യതകളുമില്ലായിരുന്നെങ്കില് ജീവിതം എത്രകണ്ട് ദുസഹമായേനെ എന്ന്.ഫേസ്ബുക്, വാട്ട്സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം സ്കൈപ്പ്, എസ് എസ് ഗൂഗിള്‍ മീറ്റ്, സൂം, വെബെക്സ് തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളിലൂടെ മീറ്റിംഗുകളും പ്രഭാഷണങ്ങളും ചര്‍ച്ചകളും ഓണ്‍ലൈനായി നടത്താന്‍ ഇപ്പോള്‍ പ്രയാസമില്ല. നെറ്റ്ഫഌക്സ് , ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് സൈറ്റുകളിലൂടെ സിനിമകളും സീരിയലുകളും യഥേഷ്ടം കാണാം.
മാധ്യമസ്ഥാപനങ്ങള്‍ പങ്കുവെക്കുന്ന വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്ക് പണം നല്‍കണമെന്ന് നിര്‍ബന്ധിതമാക്കുന്ന ഓസ്ട്രേലിയയിലെ ഒരു നിര്‍ദ്ദിഷ്ട നിയമത്തില്‍ പിണങ്ങിയാണ് ഫേസ്ബുക് ഈ സാഹസത്തിന് ഒരുമ്പെട്ടത്.
ഇത് വന്‍കിട ടെക്ക് കമ്പനികളുടെ പെരുമാറ്റം സബന്ധിച്ചുള്ള രാജ്യങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും നിയമം തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടില്‍ ഭരണകൂടങ്ങള്‍ക്ക് മുകളിലാണെന്നാണ് അഞ്ചാംപത്തികള്‍ അഥവാ സമൂഹ മാധ്യമങ്ങള്‍ കരുതുന്നത് ജനാധിപത്യത്തിനും ഒട്ടും ഭൂക്ഷണമല്ല.
സന്തോഷ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: