കൊല്‍ക്കൊത്ത: നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിര്‍ഹാദ് ഹക്കിം കൊല്‍ക്കത്തയിലെ മസ്ജിദില്‍ രാഷ്ട്രീയപ്രസംഗം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം. കൊല്‍ക്കത്തയിലെ മേയറും നഗരവികസന മന്ത്രിയുമാണ് ഫിര്‍ഹാദ് ഹക്കിം.
വോട്ടിന് വേണ്ടി ജാതിയെയോ മതവികാരത്തെയോ സ്വാധീനിക്കരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം പള്ളി, ക്രിസ്ത്യന്‍ പള്ളി, അമ്പലം, മറ്റ് ആരാധാനാലയങ്ങള്‍ എന്നി ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ പറയുന്നു. മസ്ജിദില്‍ തൃണമൂല്‍ നേതാവ് രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയെന്ന് ടിവി9 ഭാരത് വര്‍ഷ് റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിംവോട്ട് ബാങ്കുകളിന്മേലുള്ള സ്വാധീനം നിലനിര്‍ത്താന്‍ അദ്ദേഹം 19 വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതായും ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം പോലുള്ള സംഭവം ബംഗാളില്‍ ആവര്‍ത്തിക്കരുതെന്നാണ് ഫിര്‍ഹാദ് ഹക്കിം മസ്ജിദിലുള്ളവരെ ആഹ്വാനം ചെയ്തത്.
ഇതിന് പുറമെ, മമത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇമാമുമാര്‍ക്ക് നല്കുന്ന തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുന്നുണ്ട്. ഇമാമുമാരുടെ മാസവേതനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നതായി ടിവി റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. മന്ത്രിയുടെ അടുത്തിരിക്കുന്ന ഇമാം പ്രസംഗം കേള്‍ക്കുന്നവരോട് സന്തോഷ സൂചകമായി ആമീന്‍ എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നതായും ടിവി9 പുറത്തുവിട്ട വീഡിയോയില്‍ കാണാം.
എന്നാല്‍ ഇതേക്കുറിച്ചുള്ള ടിവി9 റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് വന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. ഇമാമാരുടെ മാസവേതനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ടിവി9 റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: