തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്കു പോലീസിന്റെ വഴിവിട്ട സഹായത്തിന്റെ വിവരങ്ങള്‍ പുറത്ത്. കൊടി സുനിയേയും കൂട്ടാളികളേയും വിഐപി യാത്രക്കാരായാണ് പോലീസുകാര്‍ കണ്ണൂരിലേക്ക് കൊണ്ടു പോയത്. കണ്ണൂര്‍ യാത്രയില്‍ വഴിവിട്ടു സഹായം നല്‍കിയെന്ന ആരോപണത്തില്‍ 3 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത കാര്യം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ സ്ഥിരീകരിച്ചു.നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാര്‍ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാര്‍ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെ. ഇതു സ്ഥിരം ഏര്‍പ്പാടാണെന്നും സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.
കണ്ണൂര്‍ കോടതിയില്‍ മറ്റു ചില കേസുകള്‍ക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും എസ്കോര്‍ട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നല്‍കിയത്. തിരുവനന്തപുരത്തുനിന്നുതന്നെ ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാന്‍ കണ്ണൂരില്‍നിന്നു സുഹൃത്തുക്കള്‍ എത്തിയിരുന്നു. അപ്പോഴേ പ്രതികള്‍ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു സേവ. ചില സ്റ്റേഷനില്‍ എസി വിശ്രമ കേന്ദ്രത്തിലും പ്രതികള്‍ കയറി. പ്രതികള്‍ നല്കിയ ഭക്ഷണമാണ് പോലീസുകാരും കഴിച്ചത്. കേരള പോലീസിനെ തന്നെ നാണംകെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: