ജില്ലകളുടെ ഉള്ളറിയാന്‍– കോട്ടയം ജില്ല
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടാക്കി മാറ്റി എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാമെന്ന വിശ്വാസമാണ് ജോസ് കെ മാണിയ്ക്കും പിണറായി വിജയനും. ജോസ് കെ മാണിയെ ഇടതുമുന്നണിയിലിറക്കി തദ്ദേശതെരഞ്ഞെടുപ്പില്‍ നടത്തിയ പിണറായിയുടെ പരീക്ഷണം കോട്ടയത്ത് ഫലം കണ്ടു. യുഡിഎഫിന്റെ കോട്ടയായ കോട്ടയത്തെ ചുവപ്പിച്ചെടുക്കാന്‍ പിണറായിക്ക് കഴിഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് കോട്ടയെന്ന ചരിത്രം തിരുത്തി കോട്ടയത്തെ ഇടതുകോട്ടയാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് പിണറായി നടത്തുന്നത്. കെ.എം. മാണിയുടെ അഭാവത്തില്‍, സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ ജീവന്മരണപ്പോരാട്ടമായിരിക്കും. യുഡിഎഫിലേക്ക് തിരിച്ചെത്തിയ ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് നിര്‍ണ്ണായകം തന്നെ.
തുടര്‍ഭരണമുറപ്പിക്കാനാണ് മാണി സി കാപ്പനെ പാലാ സീറ്റില്‍ നിന്ന് പിണറായി നിഷ്കരുണം വലിച്ചെറിഞ്ഞത്. കാപ്പന് താങ്ങാവുന്നതിലധികം ഷോക്കായിരുന്നു ഇത്. ഇന്നലെ വരെ തന്നോടൊപ്പം നിന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെ പാലായില്‍ നിന്ന് കെട്ടുകെട്ടിച്ചവരാണ് അടുത്ത മണിക്കൂറില്‍ പാലം വലിച്ചത്. രാഷ്ട്രീയത്തില്‍ നെറികേട് കാണിച്ച ചരിത്രമില്ലാത്ത മാണി സി കാപ്പന് നൊന്തു. ഇതിനെതിരെ കാപ്പന് പാലാ വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ യുഡിഎഫിലേക്ക് കളം മാറ്റിച്ചവിട്ടുകയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പുതിയൊരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അങ്ങിനെ ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടുന്ന പാലാ തന്നെയായിരിക്കും കോട്ടയത്തെ പ്രസ്റ്റീജ് പോരാട്ടം.
ആകെ ഒമ്പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് ഈ ഒമ്പത് മണ്ഡലങ്ങള്‍. 2016ല്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചപ്പോള്‍ രണ്ട് സീറ്റ് എല്‍ഡിഎഫും മൂന്ന് മുന്നണികളെയും നേരിട്ട് പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജ്ജ് വിജയം കൊയ്തു. പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. വൈക്കവും ഏറ്റുമാനൂരുമാണ് എല്‍ഡിഎഫില്‍ നിന്നത്. ഇതില്‍ കെ.എം. മാണിയുടെ വിയോഗത്തെത്തുടര്‍ന്ന് പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് വിജയിച്ചു. ഇത് കോട്ടയത്തെ സീറ്റ് നില 5യുഡിഎഫ്, മൂന്ന് എല്‍ഡിഎഫ്, 1 സ്വതന്ത്രന് എന്ന നിലയിലേക്ക് എത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസില്‍ നിന്നും വേറിട്ട് പോയ ജനാധിപത്യ കേരള കോണ്‍ഗ്രസ് (കെസി-ഡി) ദയനീയമായി പരാജയപ്പെട്ടു.
2011ലും കോട്ടയം യുഡിഎഫ് കോട്ടയായി നിലകൊണ്ട്. അന്ന് ഏഴ് മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മിന്നും ജയം.
പാലാ ഇടത്തോട്ട് ചാഞ്ഞാല്‍ അത് കോട്ടയത്തിന്റെ മൊത്തം ഭാഗധേയം നിര്‍ണ്ണയിക്കും. അതുകൊണ്ട് തന്നെ പാലാക്കാര് ആരോടൊപ്പം നില്‍ക്കുമെന്നത് ഒരു വലിയ ചോദ്യമാണ്. ഇന്നലെ വരെ കെ.എം. മാണിയെ നോട്ടെണ്ണുന്ന യന്ത്രം വീട്ടിലുള്ള നേതാവെന്ന് വിളിച്ച് കളിയാക്കിയ എല്‍ഡിഎഫ് തന്നെ ഇപ്പോള്‍ മാണിയ്ക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി നല്കിയിരിക്കുന്നു. ഒപ്പം മാണിയുടെ കോട്ട തകര്‍ത്ത് എല്‍ഡിഎഫിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത അതേ മാണി സി കാപ്പനെ കറിവേപ്പില പോലെ വലിച്ചെറിയുന്നു. ഇതിനോട് എങ്ങിനെയാണ് പാലായിലെ വോട്ടര്‍മാര്‍ പ്രതികരിക്കുക? . ജോസ് കെ. മാണിയെ വീഴ്ത്താന്‍ മാണി സി കാപ്പന് കഴിയുമോ? തുടര്‍ഭരണം ഉറപ്പിക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ സഹായിക്കാന്‍ ജോസ് കെ. മാണിക്കാവുമോ? ഇതൊക്കെയാണ് കോട്ടയം ജില്ലയിലുയരുന്ന പ്രധാന ചോദ്യങ്ങള്‍.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും മത്സരിക്കുക. തിരുവഞ്ചൂര്‍ 2016ല്‍ 33,632 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. എന്തായാലും സിപിഎം ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്നുറപ്പ്
രണ്ടുവട്ടം നിയമസഭയില്‍ മത്സരിച്ചവരും പാര്‍ലമെന്റില്‍ മത്സരിച്ചവരും സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന സിപിഎം തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയാല്‍ ഏറ്റുമാനൂരില്‍ സുരേഷ്കുറുപ്പ് മത്സരരംഗത്തുണ്ടാവില്ല. ഇതേ നിയമം കാരണം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും മത്സരിക്കാന്‍ കഴിയില്ല. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. അനില്‍കുമാറിന് അവസരം കിട്ടും. യുഡിഎഫില്‍ കോണ്‍ഗ്രസായിരിക്കും ഏറ്റുമാനൂര്‍ സീറ്റ് ഏറ്റെടുക്കുക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ഐഎന്‍ടിയുസി നേതാവ് ഫിലിപ്പ് ജോസഫ് എന്നിവര്‍ക്കാണ് പരിഗണന.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിക്കുമെന്ന് തീര്‍ച്ചയായി. എസ്എഫ്ഐയുടെ ജെയ്ക് സി. തോമസിനെ ഇറക്കാന്‍ സാധ്യതയുണ്ട്.
കോട്ടയത്തെ ഒരേയൊരു ഇടതുകോട്ടയാണ് വൈക്കം. കഴിഞ്ഞ തവണ പിടിച്ച സി.കെ. ആശ തന്നെയായിരിക്കും ഇക്കുറിയും വൈക്കത്തെ സിപിഐ സ്ഥാനാര്‍ത്ഥി. 2016ല്‍ 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആശ വിജയിച്ചത്.
കടത്തുരുത്തി ഇക്കുറി മോന്‍സ് ജോസഫ് തന്നെ പിടിക്കുമെന്ന പ്രതീക്ഷയാണ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന്. ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള അഭിമാനപ്പോരാട്ടമായി മാറുന്ന മണ്ഡലമായിരിക്കും കടത്തുരുത്തി. 2016ല്‍ മോന്‍സ് ജോസഫിന്റെ വിജയം 42,256 വോട്ടിനായിരുന്നു.
ഇക്കുറി എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയില്‍ ബിജെപി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. . കഴിഞ്ഞ തവണ ബിജെപിയുടെ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് 21455 വോട്ടുകള്‍ പിടിച്ച മണ്ഡലമാണിത്. 2016ല്‍ സി.എഫ്. തോമസ് വെറും 1849 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. സ്വന്തം മണ്ഡലമായി കൂടെക്കൊണ്ടു നടന്ന ചങ്ങനാശേരിയില്‍ സിഎഫ് തോമസിന്റെ തുടര്‍ച്ചയായ ഒന്‍പതാം വിജയമായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ ഇക്കുറിയും മാണി ഗ്രൂപ്പ് 2016ല്‍ വിജയിച്ച എന്‍. ജയരാജിനെ തന്നെ ഇറക്കുമെന്നാണ് അറിയുന്നത്. ഇദ്ദേഹവും 2016ല്‍ ജയിച്ചത് 3890 വോട്ടുകള്‍ക്ക് മാത്രമാണ്. ബിജെപിയും സിപി ഐയും പ്രതീക്ഷയോടെ പൊരുതാന്‍ സാധ്യതയുള്ള മണ്ഡലമാണ്.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. അദ്ദേഹം തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമായതിനാല്‍ ശക്തരായ എതിരാളികളെയായിരിക്കും എന്‍ഡിഎഫും എല്‍ഡിഎഫും ഇറക്കുക.
മധ്യകേരളത്തില്‍ എത്തുന്ന ക്രിസ്ത്യന്‍ വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. ലവ് ജിഹാദും ന്യുനപക്ഷസംവരണത്തില്‍ ക്രിസ്ത്യന്‍ സമുദായം അനുഭവിക്കുന്ന അവഗണനയും ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള നീക്കവും ഒത്തുചേരുമ്പോള്‍ മധ്യകേരളത്തിലെ 20 ശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്കെത്തുമെന്ന് കണക്കുകൂട്ടലുകളുണ്ട്. ഈ വോട്ടുകള്‍ ചോരുന്നത് യുഡിഎഫില്‍ നിന്നാകും. ഇക്കുറി വൈക്കവും കാ്ഞ്ഞിരപ്പള്ളിയും പാലയും ചങ്ങാനാശേരിയും ഏറ്റുമാനൂരും ബിജെപി ശക്തമായ ത്രികോണ മത്സരമുണര്‍ത്തുന്ന മണ്ഡലങ്ങളായിരിക്കും. ഇതില്‍ വൈക്കത്തെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി 30,0000ല്‍ കൂടുതല്‍ വോട്ടുകള്‍ 2016ല്‍ പിടിച്ചു. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.എന്‍. മനോജും 31,411 വോട്ടുകള്‍ 2016ല്‍ പിടിച്ചിരുന്നു. ഇക്കുറി കുറച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ പൊടിപാറുന്ന ത്രികോണ മ്ത്സരങ്ങളാണ് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: