കാളിദാസ മനസ്സായിരുന്നു കവിയ്ക്ക്. ആര്‍ഷമായ ധീരത കവിതയിലൂടെയും നിലപാടുകളിലൂടെയും ഇത്രയുമുറക്കെ പ്രഖ്യാപിച്ച ഒരു കവിയെ മലയാളം മുമ്പ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. അക്കിത്തം, സുഗതകുമാരി… ഇപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയും… വിശുദ്ധിയുടെ മഹാഗോപുരങ്ങള്‍… വല്ലാത്ത നഷ്ടം തന്നെ….
മലയാള കവിതയില്‍ വൈദേശിക സ്വാധീനത്തെ മറികടന്നുകൊണ്ട് ഭാരതീയ പാരമ്പര്യത്തിന്റെ ശബ്ദം കേള്‍പ്പിച്ചു എന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രത്യേകമായ സംഭാവന. സാത്വിക വിശുദ്ധി എന്ന് പറയാവുന്ന ഒരേയൊരു രചനാസമ്പ്രദായം അദ്ദേഹത്തിനുള്ളതുപോലെ ആധുനിക കവികളിലോ പഴയകാല കവികളിലോ കാണാന്‍ പ്രയാസമാണ്. ഭാരതീയഭാഷകളില്‍ പൊതുവേ അറിവുനേടിയ അദ്ദേഹം ആ അറിവ് കാവ്യരംഗത്ത് മാത്രമല്ല, തന്റെ അദ്ധ്യാപനരംഗത്തും സമര്‍ത്ഥമായി അദ്ദേഹം വിനിയോഗിച്ചു.
പാരമ്പര്യത്തെ ആധുനികതയുമായി കൂട്ടിയിണക്കുന്നതില്‍ യാതൊരു വൈരുധ്യവും തോന്നാത്തവണ്ണം സംസ്കാരസമ്പന്നമായ ഒരു നിലപാട് അദ്ദേഹത്തിനുണ്ട്. കവിതയില്‍ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ഇമേജറികള്‍ പ്രത്യേകമായി പഠിക്കേണ്ടതുണ്ട്.
അദ്ധ്യാപകന്, ക്ഷേത്രപൂജാരി, ആധുനിക ചിന്തകന്‍ എന്നിങ്ങനെയുള്ള വിവിധ രംഗങ്ങള്‍ പരസ്പരം പൊരുത്തപ്പെടുന്നവയല്ല. പക്ഷേ വ്യക്തിത്വത്തിന്റെ സമഗ്രമായ വീക്ഷണത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുകയും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതദര്‍ശനം ഉണ്ടാവുകയും ചെയ്യുന്നത് വളരെ അപൂര്‍വമാണ്. നമുക്ക് മുമ്പത്തെ തലമുറയില്‍ ഉണ്ടായിരുന്ന വള്ളത്തോളും കുമാരാനാശാനും ഉള്ളൂരും മാത്രമേ ഇത്തരം സമഗ്രവീക്ഷണത്തിനും വൈവിധ്യങ്ങളുടെ ഏകോപനത്തിനും കഴിവുള്ളവരായി മുമ്പ് മലയാളം വിലയിരുത്തിയിട്ടുള്ളൂ.
കേരളത്തിലെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളും ഭാരതമൊട്ടാകെയുള്ള സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും അവിടെ നിന്നൊക്കെ സമാര്‍ജ്ജിച്ച കാഴ്ചപ്പാടുകൊണ്ട് തന്റെ നിലപാടിനെ ഭദ്രമാക്കുകയും ചെയ്തതുകൊണ്ടുതന്നെ വിഷ്ണുനാരായണന്‍ നമ്പൂതിരി പൊതുവേ വിവാദങ്ങള്‍ക്ക് അതീതനാണ്. ജീവിതസത്യം, ശാശ്വതമൂല്യം, ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനത്തില്‍ സമകാലീന വ്യവസ്ഥയെ നവീകരിക്കാനുള്ള ശ്രമം തുടങ്ങിയ അദ്ദേഹത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് അതീതമായ ഒരു രംഗമാണെന്നതാണ് നേരിട്ടുള്ള അനുഭവം.
സ്വാര്ത്ഥതാല്പര്യങ്ങളില് നിന്ന് തികച്ചും വിട്ടുമാറിയ ആദര്ശയുക്തമായ നിലപാട്-അതാണ് അദ്ദേഹത്തെ പോലെയുള്ള സാത്വിക ആചാര്യന്മാര്ക്ക് സ്വീകാര്യമായ വഴി. അപ്പോള്‍ ഇന്നത്തെ രാഷ്ട്രീയ വിവാദങ്ങളും കക്ഷിതാല്പര്യങ്ങളും അധികാരമോഹവും ഒന്നും തന്നെ പ്രസക്തമാകുന്നില്ല. ആദര്‍ശലോകത്തിന്റെ മഹനീയമായ ഔന്നത്യത്തില്‍ സദാ രമിക്കുന്ന കവിചേതന ഭാവിയിലെ മലയാള കവികള്‍ക്ക് മാത്രമല്ല, ഭാരതീയ കവികള്ക്കാകെ പ്രചോദനമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: