കൊല്ലം: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നായക്കുട്ടിയ്ക്ക് തലയോട്ടി തുറന്നുള്ള അത്യപൂര്‍വ ശസ്തക്രിയ. പൂയപ്പള്ളി അമരവിള വീട്ടില്‍ ജോബിന്റെ നാലു മാസം പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍ പെട്ട റൂബി എന്ന നായക്കുട്ടിക്കാണ് ശസ്ത്രക്രിയ ചെയ്തത്. കണ്ണിന് കാഴ്ചയില്ലാത്ത നിലയിലാണ് റൂബിയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്.
വിശദ പരിശോധനയിലാണ് തലയോട്ടിക്കുള്ളില്‍ നീര്‍ക്കെട്ട് ബാധിച്ചതും ഇതിനെ തുടര്‍ന്ന് നേത്ര നാഡിക്കുണ്ടായ ക്ഷതവും കണ്ടെത്തിയത്. ഇതുകാരണം ഉണ്ടായ അന്ധതയാണെന്നും ബോധ്യമായി. തുടര്‍ന്നാണ് മനുഷ്യരില്‍ പോലും അപൂര്‍വമായ ‘വെന്ട്രിക്കുലോ പെരിട്ടോണിയല്‍ ഷന്റിങ് എന്ന ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
അതീവ അപകട സാധ്യതയുള്ള സര്‍ജറിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഉടമയായ ജോബിന് ഓപ്പറേഷന് നടത്തി റൂബിയെ ജീവിത്തിലേക്കെത്തിക്കാന് അഭ്യര്‍ഥിച്ചു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞദിവസം വിജയകരമായി ശസ്ത്രക്രിയ നടത്തിയത്.
തലച്ചോറിനുള്ളിലെ വെന്‍ട്രിക്കിളുകളില്‍ കെട്ടിക്കിടക്കുന്ന ദ്രാവകം ശരീരത്തിന് അകത്തുകൂടി സ്ഥാപിക്കുന്ന ട്യൂബിലൂടെ ഉദരത്തിലേക്ക് ഒഴുക്കി കളയുകയായിരുന്നു. നായക്കുട്ടി സുഖം പ്രാപിച്ചു വരുന്നു. ക്രമേണ കാഴ്ചശക്തി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍ ഡോ. അജിത് പിള്ള, ഡോ. സജയ് കുമാര്‍, ഡോ. ആര്‍ഷ, ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: