ആദി ശങ്കരന്റെയും സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുദേവന്റെയും ഗുരുജി ഗോള്‍വല്‍ക്കറുടെയും വഴിയെ സഞ്ചരിച്ച ഭാരതത്തിലെ മൗലിക ബൗദ്ധിക പ്രതിഭയായിരുന്ന പി പരമേശ്വരന്റെ ജ്ഞാനാന്വേഷണപാതയിലൂടെ വരും തലമുറകള്‍ക്ക് ബഹുദൂരം പോകേണ്ടതുണ്ട്. ആ യാത്ര തുടരുവാനുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ നിര്‍ണ്ണായക ചുവടുവെപ്പാണ് ഇന്ന് പരമേശ്വര്‍ജി സ്മാരക വാര്‍ഷിക പ്രഭാഷണ പരമ്പര. ഒന്നാമത് സ്മാരക പ്രഭാഷണം ഉപരാഷ്ട്രപതി എം വെങ്കയ്യാ നായിഡുവാണ് അനന്തപുരിയില്‍ നിര്‍വഹിക്കുന്നത്. ‘രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വൈചാരിക പാരമ്പര്യത്തിന്റെ സ്വാധീനം: പി പരമേശ്വരന് ഈ കാലഘട്ടത്തിന്റെ മാതൃക’ എന്നതാണ് പ്രഭാഷണ വിഷയം. കേരളാ ഗവര്‍ണറും ഭാരതീയ സാംസ്കാരിക ദേശീയതയുടെ ധന്യ പാരമ്പര്യത്തെ ഉള്ളിലുള്ക്കൊണ്ട ദാര്‍ശനിക പ്രതിഭയുമായ ആരിഫ് മുഹമ്മദ് ഖാന് അധ്യക്ഷനാകുന്നു.
സംവാദത്തിലൂടെ സത്യത്തിലേക്ക് എന്നതായിരുന്നു പരമേശ്വര്‍ജി അനുവര്‍ത്തിച്ച മാതൃക. ഈ സത്യം വഴികാണിക്കുന്ന ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ വികാസം പ്രാപിക്കുന്ന ഭാരതീയ ദേശീയത, ആ വികസിത ഭാരതീയ ദേശീയതയിലുറച്ചു നിന്നുകൊണ്ട് സാര്വദേശീയമാനവികതയെ ഉള്‍ക്കൊള്ളുക ഇതായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. ഒമ്പത് ദശാബ്ദങ്ങളിലധികം ദേശീയതയുടെ ചിന്താധാരയിലൂടെ പരമേശ്വര്‍ജി നയിച്ച യാത്രയുടെ ലക്ഷ്യമതായിരുന്നു. 2020 ഫെബ്രുവരിയില്‍ ഭാരതീയ ജ്ഞാനപരമ്പരയിലെ ആ സൂര്യതേജസ്സ് കൂടെ സഞ്ചരിച്ചവരോട് വിട ചൊല്ലിയത്.
കൊറോണയെന്ന മഹാമാരിയെ ഉപയോഗിച്ചുകൊണ്ട് ചരിത്രത്തെ മാറ്റിമറിക്കുവാനുള്ള കുടിലതന്ത്രങ്ങളുടെ പണിപ്പുരയിലായിരുന്നു കമ്യൂണിസ്റ്റ് ഫാസിസ്റ്റ് സാമ്രാജ്യത്വ ചൈന. അവിടെ രുപം കൊടുക്കുന്ന പുതിയ ആയുധങ്ങളെ പ്രയോഗിച്ച് അധികാരം തങ്ങള്‍ക്കായി പിടിച്ചെടുക്കാനുള്ള ദിവാ സ്പ്നങ്ങളിലായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റുകളും. കൊറോണാനന്തരം കമ്യൂണിസമാണെന്ന പ്രത്യയയശാസ്ത്രപരമായ വിശദീകരണവുമായി കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്സ് രാമചന്ദ്രന് പിള്ളയും എം,എ. ബേബിയും രംഗത്തെത്തിയിരുന്നു. മറുഭാഗത്ത് ആഗോള തലത്തില്‍ തന്നെ രുപമെടുത്ത പുതിയ സാഹചര്യത്തെ കണ്ട് പകച്ചു നില്‍ക്കുകയായിരുന്നു മുതലാളിത്ത പക്ഷം. രോഗവ്യാപനത്തെ തടയുന്നതിലും അതിനിടയില്‍ കൂടി കടന്നുകയറാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ചൈനയെ പ്രതിരോധിക്കുന്നതിലും മുതലാളിത്ത ഭരണക്രമത്തിനും ആശയലോകത്തിനും പ്രയോഗക്ഷമമായ പ്രതിവിധികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തിലാണ് ഭാരതം ലോകത്തിന് പുതിയ മാര്‍ഗം തെളിച്ചു കാട്ടിയത്. പ്രായോഗികമായ ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ കര്‍മ്മ പദ്ധതിയിലൂടെ മഹാമാരിയെ നേരിടുന്നതിനുള്ള വിജയകരമായ തനത് മാതൃകയിലൂടെ ഭാരതം ലോകത്തെ മുന്നില്‍ നിന്ന് നയിച്ചു. പുര കത്തുന്നതിനിടെ വാഴവെട്ടാന്‍ വെട്ടുകത്തിയെടുത്ത് തക്കം നോക്കി നിന്ന കമ്യൂണിസ്റ്റ് പക്ഷത്തിന് സ്വന്തം മാളങ്ങളിലേക്ക് ഓടി ഒളിക്കേണ്ടതായും വന്നു. കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായ ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ കൊറോണാനന്തര ലോകത്തെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ഉതകും വിധം ആത്മനിര്ഭരഭാരതത്തിന്റെ മാതൃക ഭാരതം മുന്നോട്ടു വെക്കുകയും ചെയ്തു. ആ സങ്കല്പം കേവലം ഭാരതത്തിന്റെ വിജയത്തിലേക്കുള്ള വഴി മാത്രമല്ല. ചൂഷണമുക്തവും സഹകരണാത്മകവുമായ പുതിയൊരു സാര്‍വ്വദേശീയ വികസന മാതൃകയിലേക്കാണ് ഭാരതം ലോകത്തിന് ദിശാബോധം നല്‍കിയത്.
ചരിത്രപരമായ ഈ വഴിത്തിരിവില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ ഭാരതത്തിന് കഴിഞ്ഞതിനു കാരണം ഒരു നൂറ്റാണ്ടിനോടടുത്ത് ഇവിടെ സജീവമായിരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നു വന്ന ദേശീയ അവബോധമായിരുന്നു. ഇതിന്റെ രാഷ്ട്രീയ രംഗത്തെ പ്രകടീകരണമായിരുന്നു 2014ല്‍ നരേന്ദ്രമോദിയിലൂടെ ഉണ്ടായവിജയം. കേരളത്തില്‍ പരമേശ്വര്‍ജി തുടങ്ങി വെച്ച രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനുള്ള പഠന ഗവേഷണങ്ങളുടെയും അതിന് വഴിയൊരുക്കുന്ന പൊതു സംവാദങ്ങളുടെയും പ്രസക്തി കൂടിവരികയാണ്.
വര്‍ഗസമരങ്ങളുടെയും ഉന്മൂലനത്തിന്റെയും അപകടരമായ ശൈലിയിലൂടെ അധികാരം ചുരുക്കം ചില കൈകളിലേക്കെത്തിക്കുകയാണ് ഫാസിസത്തിന്റെ ഏറ്റവും പൈശാചിക മുഖമായ കമ്യൂണിസത്തിന്റെ ലക്ഷ്യം. അവരുടെ കടന്നാക്രമണവഴികളില് നിറയുന്ന ചോരയ്ക്കും വീഴുന്ന തലകള്‍ക്കും ന്യായീകരണം നല്കാന് വേണ്ടി ചരിത്രത്തെയും സാഹിത്യത്തെയും കലയെയും എല്ലാം വളച്ചൊടിക്കുന്ന ഇടതുപക്ഷത്തിന്റെ പിടിയിലമര്‍ന്ന കേരളത്തിലാണ് പരമേശ്വര്‍ജി സംവാദത്തിന്റെ ഭാരതീയ പാരമ്പര്യം തിരിച്ചു കൊണ്ടുവന്നത്. ആ സംവാദ മാതൃക ശക്തിപ്പെടേണ്ടത് മാനവികതയുടെ അനിവാര്യമായ ആവശ്യമാണ്. കാരണം ശരിയും തെറ്റും ഓരോ വ്യക്തിയുടെയും അന്തര്‍ സംവാദത്തിലൂടെയും സമാജത്തിലെ സമഗ്രസംവാദത്തിലൂടെയുമാണ് തിരിച്ചറിയപ്പെടേണ്ടത്. മാക്സിനെയും വിവേകാനന്ദനെയും താരതമ്യ പഠനം നടത്തിയ പി പരമേശ്വരന്റെ ലക്ഷ്യം ഒരാളെ എതിര്‍ക്കുകയും മറ്റെയാളെ പൂജാ വിഗ്രഹമാക്കുകയുമായിരുന്നില്ല. രണ്ടു ചിന്താ ധാരകളിലും ഉള്ള സമാനതകളും വൈവിധ്യങ്ങളും തിരിച്ചറിഞ്ഞ് ലോക ഹിതാര്‍ത്ഥം ദര്‍ശന വ്യക്തത കൈവരിക്കുകയായിരുന്നു.
ജ്ഞാനാന്വേഷണത്തിന്റെ അടിസ്ഥാനരീതിയെ കുറിച്ച് പരമേശ്വര്‍ജിയില്‍ നിന്ന് ശിക്ഷണം ലഭിച്ച ജെ നന്ദകുമാര്‍ ഓര്‍ഗനൈസറില്‍ (2021 ഫെബ്രുവരി 10) എഴുതിയ ലേഖനത്തില്‍ പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗദര്‍ശനം എത്രമാത്രം പ്രസക്തമായിരുന്നുവെന്ന് പ്രതിപാദിക്കുന്നു. സംഘത്തിന്റെ കൊച്ചിയിലെ പ്രാന്ത കാര്യാലയത്തില്‍ തന്റെ മുന്നിലൂടെ കടന്നു പോയ പതിനാറു വയസ്സുകാരന് നന്ദകുമാറിനോട് വായിക്കാന്‍ കയ്യില്‍ കരുതിയിരുന്ന പുസ്തകമേതാണെന്ന് പരമേശ്വര്‍ജി ചോദിച്ചു. കെ ദാമോദരന്‍ എഴുതിയ ഭാരതീയചിന്ത എന്ന ആ പുസ്തകം ഉത്സാഹപൂര്‍വ്വം കാട്ടിക്കൊടുത്തപ്പോള്‍ അതിലൂടെയൊന്ന് കണ്ണോടിച്ചശേഷം അടുത്ത ചോദ്യം ഉയര്‍ന്നു. അപ്പോള്‍ നിങ്ങള്‍ ഭാരതീയ ദര്‍ശനത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെല്ലാം വായിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാമല്ലോയെന്ന് ആ ചോദ്യത്തിലൂടെ പഠിക്കാനാഗ്രഹിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെ മൗലിക ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ചുറപ്പിച്ചിട്ടുവേണം വ്യാഖ്യാനങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും വായന വളര്‍ത്തേണ്ടതെന്ന ഗവേഷണ പദ്ധതിയുടെ അടിസ്ഥാന പ്രമാണമാണ് പരമേശ്വര്‍ജി പകര്‍ന്നു നല്‍കിയത്. വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ തുറന്നു നല്കിയ ചെറു സംഭാഷണവേളകളെ പോലും തന്നോടൊപ്പമുള്ളവര്‍ എന്തറിയണം, എങ്ങനെയറിയണം, എന്ന കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനുള്ള അവസരങ്ങളായി അദ്ദേഹം ഉപയോഗിച്ചു.
പരമേശ്വര്‍ജി മുന്നോട്ടുവെച്ച സംവാദശൈലിയുടെ മര്‍മ്മം വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭം കൂടി സൂചിപ്പിക്കുകയാണ്. ഒരിക്കല്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബൗദ്ധിക ശിക്ഷണത്തിനു വേണ്ട വിഷയങ്ങള്‍ ആലോചിക്കുവാന്‍ സംസ്ഥാനതലത്തില്‍ ചുമതലപ്പെട്ടവര്‍ പരമേശ്വര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ ഒത്തു ചേര്‍ന്നപ്പോളുണ്ടായ ഒരു അനുഭവം, അദ്ദേഹത്തോടൊപ്പം ഏറെ കാലം പ്രവര്‍ത്തിച്ച ടി ആര് സോമശേഖരന്‍ രേഖപ്പെടുത്തുന്നുണ്ട്. ചര്‍ച്ചയില്‍ വിഷയം മതത്തിലും മത താരതമ്യത്തിലുമെത്തി. തോറയിലെ (പഴയ നിയമം) ഈശ്വരനെ പറ്റി ഞാന്‍ പറഞ്ഞു: ഞാന്‍ നിന്റെ അസൂയാലുവായ ഈശ്വരനാണ്. ഞാനുള്ളപ്പോള്‍ നിനക്ക് വേറെ ഈശ്വരനുണ്ടാകാന് പാടില്ല എന്നു പറയുന്നു. അസൂയാലുവായ അല്പന് എങ്ങനെ ഈശ്വരനാകും? ഉടന്‍ പരമേശ്വര്‍ജി ചോദിച്ചു: ‘സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ’ എന്ന് കൃഷ്ണനും പറഞ്ഞിട്ടില്ലേ’ ചര്‍ച്ച അവിടെ പൂര്‍ണ്ണമായി!’ പരമേശ്വര്‍ജി ബാക്കിവെച്ച ഉദാത്തമാതൃകയല്ലേ അവിടെ തിളങ്ങി നില്‍ക്കുന്നത്?
ഇഎംഎസ്സും പി ഗോവിന്ദപ്പിള്ളയും കെ ആര് നാരായണനുമൊക്കെ ഉയര്‍ത്തിയ ആശയസമസ്യകള്‍ക്ക് മൗലികമായ മറുപടികള്‍ നല്‍കുകയും സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോഴും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന പരമേശ്വര്‍ജിയുടെ തനത് ശൈലി ഇനിയും കേരളം തിരിച്ചറിയേണ്ടതുണ്ട്, ഉള്‍ക്കൊള്ളേണ്ടതുണ്ട്. ആശയസംവാദത്തിന്റെ തുറന്ന ശൈലി ഉള്‍ക്കൊണ്ടുകൊണ്ട് സമൂഹത്തില്‍ സത്യാന്വേഷണശ്രമങ്ങളുടെ വേദി വിപുലമാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: