കോഴിക്കോട്: അഴിമതിയുടെ കാര്യത്തിലും സ്വജന പക്ഷപാതത്തിലും പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പൊലീസ് ആക്ട് ഭേദഗതി, സ്പ്രിംങ്ക്ലർ കരാർ, ആഴക്കടൽ മത്സ്യബന്ധന കരാർ , പിൻവാതിൽ നിയമനങ്ങൾ തുടങ്ങി എല്ലാത്തിലും സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നു. ഇടത് മുന്നണി നയിക്കുന്ന യാത്രക്ക് നാം മുന്നോട്ട് എന്നല്ല നാം പിന്നോട്ട് എന്നാണ് ചേരുന്ന പേരെന്നും സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കോഴിക്കോട് എലത്തൂരിൽ നൽകിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് വി. മുരളീധരൻ പറഞ്ഞു.
കാർഷിക നിയമ ഭേദഗതി, പൗരത്വ നിയമ ഭേദഗതി എന്നിവയിലെല്ലാം ഒന്നിച്ചിരുന്നു സമരം നടത്തിയവരാണ് ഇടത് മുന്നണിയും വലത് മുന്നണിയും. ശബരിമല ആചാര ലംഘനത്തിനും ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് ഏറ്റുമുട്ടലെന്നത് നിഴൽ നാടകമാണെന്നും മന്ത്രി ആരോപിച്ചു.
ആഴക്കടൽ മത്സ്യബന്ധന കരാറിലേർപ്പെട്ട കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച് വാസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി ഇ.പി ജയരാജൻ നടത്തുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള കത്തിടപാടുകൾ പോലും അറിയില്ലെന്നാണ് മന്ത്രി ജയരാജൻ പറയുന്നതെങ്കിൽ ജയരാജന്റെ പേര് മാറ്റിയിടാൻ സമയമായെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കാൻ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്രകൊണ്ട് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: