കോട്ടയം: ഖാദി നൂലില്‍ തീര്‍ത്ത മാലകള്‍ വിപണിയിലിറക്കി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. 100 രൂപ മുതല്‍ 250 രൂപ വരെയാണ് മാലകളുടെ വില. തെരഞ്ഞെടുപ്പ് വിപണി ലക്ഷ്യമിട്ടാണ് പുതിയ ഉല്പന്നമായ മാലകള്‍ വില്പനയ്ക്ക് എത്തിക്കുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ക്ക് ഉപയോഗിക്കാവുന്ന മാലകളാണ് പ്രധാനമായുമുള്ളത്. പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് നിയന്ത്രണം ഉള്ളതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് മാലകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ.
കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മാലകളുടെ വിപണന ഉദ്ഘാടനം ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് മാലകള്‍ കൈമാറി നിര്‍വ്വഹിച്ചു. ബോര്‍ഡ് അംഗം ടി.വി. ബേബി അദ്ധ്യക്ഷനായി.
ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് കെ.എസ്. പ്രദീപ് കുമാര്‍, ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് പി.എന്‍. അജയകുമാര്‍, പ്രൊജക്ട് ഓഫീസര്‍ കെ.എസ്. ഉണ്ണികൃഷ്ണന് നായര്‍, ടി. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: