തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസിന് പിന്നാലെ തന്നെ ഈ താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോടെ കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമര നടത്തുകയായിരുന്നു. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവര്‍ അവസാനിപ്പിച്ചു.
ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന് വേണ്ടി സ്വര്‍ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നല്‍കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് പൊതുമേഖല സ്ഥാപനങ്ങളില്‍ ഒഴിവില്ലാത്തതിനാല്‍ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
എന്നാല്‍ സൂപ്പര്‍ ന്യൂമറി തസ്തികള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ വരുന്ന ഒഴിവുകളിലേക്കും തസ്തികളിലേക്കും ഇവരെ നിയമിക്കുമെന്നാണ് മന്ത്രി ഇ.പി, ജയരാജന് അറിയിച്ചു. ഇതും നടക്കാതെ വരികയും സ്പോര്‍ട്സ് കൗണ്‍സിലിലും താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയും ചെയ്തതോടെയാണ് താരങ്ങള്‍ സമരത്തിലേക്ക് നീങ്ങിയത്.
അതിനിടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പോലീസ് ബറ്റാലിയന് രൂപവത്കരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: