സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരാന്‍ പോകുന്ന രാമക്ഷേത്രത്തിനുവേണ്ടി രാജ്യമെമ്പാടും നടക്കുന്ന ധനസമാഹരണം വലിയ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നിധി സമാഹരണത്തിന് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും മഠങ്ങളും ആശ്രമങ്ങളും സര്ക്കാരുകളുമുള്പ്പെടെ നല്കുന്ന പിന്തുണ മഹത്തരമാണ്. ഇക്കഴിഞ്ഞ ദിവസമാണ് രാമക്ഷേത്ര നിര്‍മാണത്തിനായി 300 കോടി രൂപ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. ഇതിനു പുറമെ, രാമജന്മഭൂമി മോടിപിടിപ്പിക്കുന്നതിനായി 100 കോടി വേറെയും നീക്കിവച്ചിട്ടുണ്ട്. ചെറുതും വലുതുമായ തുകയ്ക്കു പുറമെ സ്വര്‍ണവും വെള്ളിയുമൊക്കെ വന്‍തോതില്‍ ലഭിക്കുകയാണ്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവര്‍, വിവിധ മതവിശ്വാസികള്‍ തുടങ്ങിയവര്‍ ഭേദഭാവനകള്‍ക്കതീതമായി സംഭാവന നല്കിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ അംബേദ്കര്‍ മഹാസഭാ ട്രസ്റ്റ് വെള്ളിശില സമര്‍പ്പിച്ചുകൊണ്ട്, ഭഗവാന് രാമന് ദളിത് ജനതയുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. വെള്ളിയില്‍ തീര്‍ത്ത ശിലകള്‍ വളരെയധികം ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഭദ്രമായി സൂക്ഷിക്കാന്‍ പ്രയാസം നേരിടുന്നതായാണ് വാര്‍ത്തകള്‍.
ഇതിനു മുന്‍പ് സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയുടെ ഭാഗമായി കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ സ്മാരകം നിര്‍മിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിധി സമാഹരണം രാജ്യവ്യാപകമായി നടന്നത്. മറ്റ് പലരെയും പോലെ അന്ന് അതിനായി എന്‍എസ്എസും, അതിന്റെ സ്ഥാപകാചാര്യനായ മന്നത്തു പത്മനാഭനും പൂര്‍ണതോതില്‍ സഹായിക്കുകയുണ്ടായി. ഏകനാഥ് റാനഡെയുടെ നേതൃത്വത്തില്‍ നടന്ന സ്മാരക നിര്‍മാണത്തിനുള്ള സമിതിയുടെ അധ്യക്ഷനും മന്നമായിരുന്നു. സമുദായ പരിഷ്കരണത്തിനു പുറമെ ഹിന്ദു ഐക്യം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചയാളാണ് മന്നം. ഇന്നിപ്പോള്‍ തിളക്കമാര്‍ന്ന ആ പാരമ്പര്യത്തോട് നൂറുശതമാനം കൂറു പുലര്‍ത്തിക്കൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് ഏഴ് ലക്ഷം രൂപ എന്‍എസ്എസ് സംഭാവന ചെയ്തിരിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ മതജാതി ചിന്തകള്‍ക്കും, രാഷ്ട്രീയമായ വേര്‍തിരിവുകള്‍ക്കുമപ്പുറം ഐക്യപ്പെടുത്തുന്നതിന്റെ പ്രതീകമാണ് രാമന്. ആ രാമന് രാമജന്മഭൂമിയില്‍ തന്നെ മഹാക്ഷേത്രമുയരുമ്പോള് അതുമായി സഹകരിക്കേണ്ടത് ഓരോ ദേശസ്നേഹിയുടെയും കടമയാണ്.
അയോധ്യയിലെ ജന്മഭൂമിയില് ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നു കാണാന്‍ ആഗ്രഹിച്ചവരില്‍ മലയാളികള്‍ ആര്‍ക്കും പിന്നിലല്ലായിരുന്നു. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട അയോധ്യ പ്രക്ഷോഭത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് മലയാളികള്‍ കൈമെയ് മറന്ന് ആ മുന്നേറ്റത്തില്‍ പങ്കാളികളാവുകയുണ്ടായി. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിധിസമാഹരണ മഹാസമ്പര്‍ക്കവും അധ്യാത്മ രാമായണത്തിന്റെ മണ്ണില്‍ വലിയ വിജയമായത് സ്വാഭാവികം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ജസ്റ്റിസ് കെ.ടി. തോമസ്, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ തങ്ങളുടെ സംഭാവനകള്‍ നല്കുകയുണ്ടായി. ഓരോരുത്തരുടെയും പേരുകള്‍ എഴുതാന്‍ കഴിയാത്തവിധം നീണ്ടതാണ് ഈ പട്ടിക. രാഷ്ട്രീയത്തിനതീതമായിരുന്നു രാമക്ഷേത്ര വിമോചന സമരം. ആര്‍ക്കുവേണമെങ്കിലും അതില്‍ പങ്കാളികളാവാമായിരുന്നു. പക്ഷേ, ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചു. ഇതുമൂലമാണ് രമ്യമായ പരിഹാരം നേരത്തെ സാധ്യമാകാതെ പോയത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ ചരിത്രപരമായ വിധി തീര്‍പ്പോടെ ഉപരിപ്ലവമായ ഭിന്നതകള്‍ മറന്ന് ജനത ഒന്നിക്കുന്നതാണ് കണ്ടത്. തെറ്റിദ്ധാരണയുടെ കാര്‍മേഘപടലങ്ങള്‍ നീങ്ങി അയോധ്യയുടെ ആകാശം പോലെ അന്തരീക്ഷം തെളിഞ്ഞിരിക്കുന്നു. അയോധ്യയില്‍ ഉയരുന്നത് രാഷ്ട്രമന്ദിരമാണെന്ന് കേരളത്തില്‍ വന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. ദേശീയ ഐക്യത്തിന്റെ സാക്ഷാല്കാരമായിരിക്കും രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഏവരും വിശ്വസിക്കുന്ന ഭവ്യമായ രാമക്ഷേത്രം. അതിനുവേണ്ടി പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: