നായര്‍സര്‍വ്വീസ് സൊസൈറ്റി അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര നിര്‍മ്മാണ നിധിയിലേക്കുള്ള അതിന്റെ പങ്കായി ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവിച്ചത് വളരെ സന്തോഷം നല്കി. ഒരു നൂറ്റാണ്ടു തികയാറായ സമാജ സേവന സപര്യയുടെ ഈ കാലഘട്ടത്തിലെ സംഭവമായി അതിനെ കരുതാം. ഒരു കാലത്ത് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നതും ക്രമേണ കേരളം മുഴുവന്‍ വ്യാപിക്കുകയും തുടര്‍ന്ന് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാം രാജ്യങ്ങളില്‍ വ്യാപിച്ചു നില്ക്കുന്ന മഹാപ്രസ്ഥാനമാണല്ലോ നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഹിന്ദു സമാജത്തെയും ഭാരതീയ സംസ്കൃതിയേയും സേവിക്കാനുള്ള ഒരവസരവും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ നായകസ്ഥാനത്തുള്ളവരും
പാഴാക്കിയിട്ടില്ല. നായര്‍സമുദായ അഭിവൃദ്ധി ലക്ഷ്യം വച്ചാണ് ആ മഹത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെങ്കിലും അതിന്റെ നിയമാവലി തയ്യാറാക്കിയപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ലക്ഷ്യങ്ങളില്‍ ‘സര്‍വ്വ സമുദായ മൈത്രിയും’ അധ:കൃതോദ്ദാരണവും ഉള്‍പ്പെടുത്തിയിരുന്നു.
മന്നത്ത് പത്മനാഭപിള്ള പിള്ളസ്ഥാനം ഉപേക്ഷിച്ചു മന്നത്ത് പത്മനാഭനായത് 1948 -49 കാലത്ത് ഹൈന്ദവ ഐക്യത്തെലക്ഷ്യം വെച്ച് ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാന്‍ തീരുമാനമെടുത്തപ്പോഴായിരുന്നു. ഹിന്ദു സമാജ ഐക്യത്തിന് കരുത്തേകുവാനുള്ള ഒരവസരവും കൈവിട്ടുപോകാന്‍ അദ്ദേഹവും എന്‍എസ്എസ്സും അനുവദിച്ചില്ല. 1924 ലെ വൈക്കം സത്യാഗ്രഹവും 1931-32 ലെ ഗുരുവായൂര്‍ സത്യാഗ്രഹവും അവശസമുദായത്തില്‍പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാന്‍ വേണ്ടിയുള്ളതായിരുന്നല്ലോ. വൈക്കത്തേത് ക്ഷേത്രപ്രവേശനത്തിനായിരുന്നില്ല. വൈക്കം ക്ഷേത്രത്തിന് ചുറ്റമുള്ള നടവഴികളും നിരത്തുകളും അവര്‍ണസമുദായക്കാര്‍ക്ക് നടക്കാന്‍ അനുവദിക്കാന്‍ വേണ്ടിയായിരുന്നു. രണ്ട് സത്യഗ്രഹങ്ങളിലും എന്‍എസ്എസ് പ്രമുഖമായ പങ്കുവഹിച്ചു.വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മന്നത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സവര്‍ണ്ണജാഥ അക്ഷരത്തിലും അര്‍ത്ഥത്തിലും വിപ്ലവകരവും അഭൂതപൂര്‍വ്വവുമായിരുന്നു. പോകുന്ന വഴിക്ക്, വര്‍ക്കലയിലെ ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ ഹരിജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി നടത്തിയ ഹിതപരിശോധനയിലും എന്‍എസ്എസ് നേതൃത്വം സജീവമായ പങ്കുവഹിച്ചു.
1949-50 കളില്‍ ഹൈന്ദവഐക്യത്തിനായി വന്‍ സന്നാഹത്തോടെ രൂപീകരിക്കപ്പെട്ട ഹിന്ദു മഹാമണ്ഡലത്തിന് മന്നത്ത് പത്മനാഭനും ആര്.ശങ്കറും നേതൃത്വം നല്കിയപ്പോള് അവര്‍ക്കൊപ്പം എന്‍എസ്എസ് പ്രസിഡന്റ് എന്‍ ഗോവിന്ദന് മേനോനുമുണ്ടായിരുന്നു. ഹൈന്ദവ ഐക്യത്തില്‍ വിറൡപൂണ്ട തല്പരകക്ഷികളുടെ കുത്തിത്തിരുപ്പുകള്‍ മൂലം ആ പരിശ്രമം നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണപ്രാപ്തിയിലെത്തിയില്ല. അതിന്റെ ദോഷഫലങ്ങള്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരളത്തിലെ ഹിന്ദുസമാജം അനുഭവിക്കുകയാണ്. ഹൈന്ദവാഭിമാനത്തെ ഹനിക്കുന്ന നടപടികള്‍ എവിടെനിന്ന് ഉണ്ടായാലും അതിനെ ശക്തിയുക്തം നേരിടുന്നതിന് എന്‍എസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന് മുന്നില്‍ നിന്നിരുന്നു. സ്വാമിവിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കന്യാകുമാരിയില്‍ സ്വാമിജിക്ക് ദൗത്യദര്‍ശനം ലഭിച്ച കടലിലെ ശ്രീപാദ പാറയില്‍ (വിവേകാനന്ദപ്പാറ) സ്മാരകഫലകം സ്ഥാപിക്കാന്‍ അവിടുത്തെ ചില പ്രമുഖ ഹിന്ദുക്കള്‍ പരിശ്രമം ആരംഭിച്ചപ്പോള്‍ അവിടുത്തെ ക്രൈസ്തവരായ മുക്കുവര്‍ അതിനെ എതിര്‍ക്കുകയും അവരുടെ സഭാ നേതൃത്വത്തിന്റെ പ്രേരണയാല്‍ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഏകനാഥറാനഡേയുടെ ചുമതലയില്‍ അഖിലഭാരതതലത്തിലുള്ള ശിലാസ്മാരക സമിതി പ്രവര്‍ത്തിച്ചു. അതിന്റെ അധ്യക്ഷസ്ഥാനം വഹിക്കാന്‍ ശ്രീ മന്നത്ത് പത്മനാഭനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം അഭിമാനപൂര്‍വ്വം അത് ഏറ്റെടുത്തു. എന്നുമാത്രമല്ല വിവേകാനന്ദശതാബ്ദി ആഘോഷങ്ങള്‍ക്ക് ചെന്നൈ കടപ്പുറത്ത് നടന്ന അഖിലഭാരതീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും സ്വാമി ചിന്മയാനന്ദനില്‍ നിന്ന് ആദ്യത്തെ നിധി സംഭാവന സ്വീകരിക്കുകയും ചെയ്തു. 1968 ല്‍ കേരളത്തില്‍ നിന്നുള്ള ബഹുജനനിധിശേഖരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ നടന്ന സമ്മേളനം പെരുന്നയിലെ എന്‍എസ്എസ് ട്രെയിനംഗ് കോളജില്‍ നടത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അദ്ദേഹം തന്നെ അധ്യക്ഷത വഹിച്ച ആ സമ്മേളനത്തില്‍ ആദ്യ സംഭാവന തന്റെ വിഹിതമാകട്ടെ എന്ന് പറഞ്ഞു നല്‍കിയതിനു പുറമെ എല്ലാ എന്‍എസ്എസ് സ്ഥാപനങ്ങളും സംഭാവന കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹെഡ് ഓഫീസും എല്ലാ വിദ്യാലയങ്ങളും ആ സംരംഭത്തില്‍ പങ്കാളികളായി. അതേ പാരമ്പര്യം തന്നെയാണ് ഇപ്പോള്‍ എന്‍എസ്എസ് നേതൃത്വം പിന്തുടരുന്നത് എന്നത് ശ്രദ്ധേയമാണ്.
അയോദ്ധ്യ വിമോചനത്തിനായി വര്‍ഷങ്ങളായി നടന്ന നിരവധി തരത്തിലുള്ള സമരങ്ങളിലും സംരംഭങ്ങളിലും നുറു കണക്കിന് കരയോഗ ഭാരവാഹികളും അംഗങ്ങളും ഭാഗഭാക്കുകളായിരുന്നു. സുപ്രീം കോടതിയുടെ വിധി തീര്‍പ്പിനെതുടര്‍ന്ന് രാമക്ഷേത്രസാകല്യത്തിന്റെ കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രിയും സര്‍സംഘചാലകും ചേര്‍ന്ന് നടത്തിയതിനെ തുടര്‍ന്ന് രാജ്യമെമ്പാടും നടന്നു വരുന്ന ധനസമാഹരണ യജ്ഞത്തില്‍ ജനകോടികള്‍ പങ്കെടുത്തുവരികയാണ്. അതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരുന്നു. എന്‍എസ്എസ് കരയോഗം അംഗങ്ങളായ ലക്ഷക്കണക്കിന് പേര് ഈ നിധി സമാഹരണത്തില്‍
പ്രാദേശികമായി പങ്കാളികളായിട്ടുണ്ട്. ഇതോടൊപ്പമാണ് എന്‍എസ്എസ് നേതൃത്വം നല്കിയ ഏഴ് ലക്ഷം രൂപയും. ഹൈന്ദവ ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി എന്‍എസ്എസിന്റെ പ്രാരംഭകാലം മുതല്‍ അനുവര്‍ത്തിച്ചുവന്ന പരിശ്രമത്തിന്റെ തുടര്‍ച്ചയായി ഇതിനെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: