കണ്ണൂര്‍: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തംനാടായ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം നീതി ലഭ്യമാക്കി. എല്ലാവര്ക്കും വികസനം, എല്ലാവര്ക്കും നീതി എന്ന കാര്യം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവര്ക്കും തുല്യ നീതി നടപ്പിലാക്കുകയായിരുന്നു.
മോദിയുടെ വികസന പദ്ധതികള്‍ പിന്തുടരുന്നതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളവും മാറും. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മാറ്റത്തിന്റെ വ്യക്തമായ ലക്ഷണമാണിത്. വിജയ യാത്രയ്ക്ക് ശേഷവും ഇതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. 500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നുവെന്നത് അഭിമാനമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്ലാത്തതും എല്ലാവര്ക്കും മൂല്യധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാകാനും സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകാനും അതുവഴി ഐശ്വര്യ പൂര്‍ണ്ണമായ കേരളം യാഥാര്‍ത്ഥ്യമാകാനും ബിജെപി വിജയ രഥത്തിലേറ്റാന്‍ കേരള ജനത തയ്യാറാകണമെന്നും മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: