കൊച്ചി: ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേദിയില്‍ത്തന്നെ ലഭിച്ചുവെന്നും 100 വ്യവസായ പദ്ധതികള്‍ ഉടന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ച സംസ്ഥാന വ്യവസായ വകുപ്പിന്റെ അസന്റ് കേരള 2020 ആഗോള നിക്ഷേപക സംഗമ പദ്ധതിക്ക് ചെലവിട്ടത് മൂന്നു കോടി രൂപയിലേറെ. രണ്ടു ദിവസത്തെ പരിപാടിക്കാണ് മൂന്നു കോടി ചെലവ്. എന്നാല്‍ എത്ര വ്യവസായം തുടങ്ങി, എന്തെല്ലാം തുടങ്ങും എന്നതടക്കം ഒരു കണക്കും രേഖയും സംസ്ഥാന വ്യവസായ വകുപ്പിന്റെ പക്കലില്ല.
ഓവര്‍സീസ് ഇന്‍വസ്റ്റ്മെന്റ് പ്രൊമോഷന് സെല്‍ (ഒഐപിസി) എന്ന ഒരു പ്രത്യേക സംവിധാനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ (കെഎസ്ഐഡിസി) രൂപീകരിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലാണ് അസന്റ് 2020 സംഘടിപ്പിച്ചത്. പ്രവാസികളായ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപകരും സംരംഭകരുമാക്കി വന്‍ വ്യവാസായക്കുതിപ്പുണ്ടാക്കുമെന്നും മറ്റുമായിരുന്നു പ്രഖ്യാപനങ്ങള്‍. അതില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നെത്തിച്ചവരുടെ പട്ടികയെച്ചൊല്ലി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍, അതിന് ചെലവഴിച്ച തുകയുടെ കണക്കു വന്നു, മൂന്നു കോടിയിലേറെ രൂപ. പക്ഷേ, പരിപാടിയുടെ നേട്ടത്തെക്കുറിച്ച് ഒന്നും പറയാനില്ല.
കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയായിരുന്നു കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസന്റ്കേരള 2020. ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ രേഖ. ഇതില്‍ ഞെട്ടിപ്പിക്കുന്നത് അസന്റിന്റെ വെബ്സൈറ്റ് നിര്‍മിക്കാനും പ്രചാരണ വീഡിയോയ്ക്കും മാത്രം നല്‍കിയത് 36.58 ലക്ഷം രൂപയാണെന്നതാണ്. വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിയാണ് കെഎസ്ഐഡിസിയില്‍നിന്ന് വിവരം ശേഖരിച്ചത്. പരിപാടി നടത്തിയ ഹോട്ടലിന്റെ വാടക, ഭക്ഷണം, താമസം എന്നിവയ്ക്കായി നല്‍കിയത് 1.19 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 1,19,10,089 രൂപ. ഇത് കൂടാതെ നോളഡ്ജ് പാര്‍ട്ടണര്‍ക്ക് നല്‍കിയത് 45 ലക്ഷം. പരിപാടിയുടെ പ്രചാരണത്തിനായി തയാറാക്കിയ കോഫി ടേബിള്‍ ബുക്കിന് ചെലവിട്ടത് 23 ലക്ഷം.
വെബ്റ്റൈ് നിര്‍മാണത്തിനും പ്രചാരണ സാമഗ്രി സംവിധാനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സിഡിറ്റ് സ്ഥാപനമുള്ളപ്പോള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ വെബ് ഡിസൈനിങ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മറ്റ് ചെലവ് കണക്കുകള്‍ ഇങ്ങനെയാണ്: ഇവന്റ് മാനേജ്മന്റിന് 59,98,833 രൂപ, ഡെലിഗേറ്റ് കിറ്റ്, സാംസ്കാരിക പരിപാടി എന്നിവയ്ക്ക് 15,45,500, ബ്രാന്‍ഡിങ്, പബ്ലിസിറ്റി എന്നിവയ്ക്ക് മാത്രം 5,90,000.
2020 ജനുവരി ഒമ്പത്, 10 തീയതികളിലായിരുന്നു മേള. സമാപന ദിവസം വന്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പുമന്ത്രി ഇ.പി. ജയരാജനും നടത്തിയത്. പദ്ധതികള്‍ക്ക് 45 ദിവസത്തിനകം അനുമതി, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, വിവിധ സാമ്പത്തിക സഹായം തുടങ്ങിയവയും ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ സമ്മേളനത്തില്‍ത്തന്നെ പ്രഖ്യാപിച്ചെന്നും അത് ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ആദ്യമാണെന്നും പ്രസംഗിച്ചു. പക്ഷേ, ഒറ്റ പദ്ധതിയും തുടങ്ങിയിട്ടില്ല, ഒന്നിനെ സംബന്ധിച്ചും കണക്കില്ല.
കെഎസ്ഐഡിസി കണക്കു സൂക്ഷിച്ചിട്ടില്ലെന്നും ഒഐപിസിക്ക് കണക്കുണ്ടോ എന്ന് അറിയില്ലെന്നുമാണ് മൂന്നു കോടി നികുതിപ്പണം മുടിച്ച പരിപാടിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: