ന്യൂദല്‍ഹി: വളര്‍ന്നുവരുമ്പോള്‍ തനിക്ക് മാതൃകയോ, സ്വപ്നമോ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ‘ചെറുപ്പകാലത്ത്, എന്തായിരുന്നു സ്വപ്നം, ആരായിരുന്നു മാതൃക’ എന്നായിരുന്നു ചോദ്യം. ബംഗളൂരുവില്‍ ബാംഗളൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചോദ്യമുയര്‍ന്നത്. ‘തികച്ചും നല്ല ചോദ്യം’ എന്ന് നിര്‍മല സീതാരാമന്റെ ആദ്യ പ്രതികരണം. ‘പക്ഷേ എനിക്ക് സ്വപ്നമുണ്ടായിരുന്നുവെന്നതില് ഉറപ്പില്ല. എനിക്ക് മുന്‍പിലുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഒഴുക്കിനൊപ്പം സഞ്ചരിച്ചു’- അവര്‍ പറഞ്ഞു.
തുടര്‍ന്ന്, വിധിയാണ് കേന്ദ്ര ധനമന്ത്രിയുടെ സ്ഥാനത്ത് കൊണ്ടെത്തിച്ചതെന്ന് നിര്‍മലാ സീതാരാമന് കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുമെന്ന് വിചാരിക്കുന്നില്ല. എനിക്ക് മുന്‍പിലുള്ള വഴിയേ ഞാന്‍ നടന്നു. ആ വിധിയാണ് ഞാന്‍ എവിടെയായാലും കൊണ്ടെത്തിച്ചത്’- നിര്‍മല സീതാരാന്‍ പറഞ്ഞു.
മികച്ച പ്രകടനം നടത്തുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ ഉത്തരവാദിത്തം നല്‍കിയവരെ നിരാശപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ നിര്‍മല സീതാരാമന് ഇന്ത്യയിലെ ജനങ്ങളെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ടി വി മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായിരുന്നു. 2019 മെയിലായിരുന്നു നിര്‍മലാ സീതാരാമന് ധനമന്ത്രിയായി ചുമതലയേറ്റത്. ഇന്ദിരാഗാന്ധിക്കുശേഷം ധനമന്ത്രിയുടെ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് 61 കാരിയായ നിര്‍മല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: