തിരുവനന്തപുരം: ആഴക്കടലില്‍ അരിച്ചുപെറുക്കി മത്സ്യം പിടിക്കാന്‍ അനുവാദം നല്‍കുന്നതെന്ന് ആരോപിക്കപ്പെടുന്ന ധാരണാപത്രം വിവാദമായതോടെ മുഖം രക്ഷിക്കാനും തെരഞ്ഞെടുപ്പ് തിരിച്ചടി ഒഴിവാക്കാനും തിടുക്കത്തില്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി. പറ്റുമെങ്കില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.
മിക്കവാറും ധാരണാപത്രത്തിലെ വിവാദ വ്യവസ്ഥകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് എപ്പോഴുമെന്നത് പോലെ ഇക്കുറിയും മുഖ്യമന്ത്രിയുടെ ശ്രമം. ഇവിടെ ഇക്കുറി കെഎസ്ഐഎന്‍സി എംഡി പ്രശാന്ത് ഐഎഎസിനെ ബലിയാടാക്കിയേക്കുമെന്നറിയുന്നു. മുന്‍പ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു പ്രശാന്ത്.
വ്യവസായ സംരംഭകരെ ആകർഷിക്കാനായി കൊച്ചിയിൽ നടത്തിയ അസന്‍റ് 2020 എന്ന പരിപാടിയിലാണ് ചട്ടങ്ങൾ ലംഘിച്ച് കേരളതീരത്ത് മത്സ്യ ബന്ധനത്തിനായുള്ള 5000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് യുഎസ് ആസ്ഥാനമായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും 2019ല്‍ മുഖ്യമന്ത്രിയുമായി ഇഎംസിസിയുടെ അമേരിക്കക്കാരനായ സിഇഒ മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് കംപനി തന്നെ പ്രസ്താവിച്ചിരിക്കുകയാണ്. ഒരാഴ്‌ച്ചയിലധികം ആഴക്കടലിൽ തങ്ങി മീൻ പിടിക്കാൻ കഴിയുന്ന ചെറുക്കപ്പലുകൾ നിർമ്മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റി അയക്കാനുമായിരുന്നു കമ്പനിയുടെ പദ്ധതി.
ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണാ പത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ കളവായിരുന്നുവെന്ന് പുതിയ നീക്കത്തിലൂടെ വ്യക്തമായി. വിഷയം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പെട്ടെന്ന് ധാരണാപത്രം റദ്ദാക്കിയാല്‍ ഇതേക്കുറിച്ചുള്ള ഭാവി ചര്‍ച്ച ഒഴിവാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി.
കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനങ്ങളോ എംഒയു ഒപ്പിട്ടാൽ സർക്കാർ പരിഗണനയിൽ പിന്നീടാണത് എത്തുക. അപ്പോഴാണ് നയപരവും നിയമപരവുമായ പരിശോധന സർക്കാർ നടത്തുന്നതെന്നും കെഎസ്ഐഎൻഎൽ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരമൊരു ധാരണാ പത്രത്തെപ്പറ്റി സർക്കാരിനെയോ ബന്ധപ്പെട്ട മന്ത്രിയെയോ സെക്രട്ടറിയെയോ കോർപ്പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് ഇഎംസിസി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ പുറത്തായി. ഇതോടെയാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ അവസാന ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: