പുതുച്ചേരി: 14 അംഗങ്ങളുടെ മാത്രം പിന്തുണയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി നാരായണസ്വാമിയുടെ മന്ത്രിസഭ പ്രതിസന്ധിയില്‍. ഞായറാഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചതോടെയാണിത്.
രാജ്ഭവന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കെ. ലക്ഷ്മീനാരായണന്‍ ആണ് നിയമസഭാ സ്പീക്കര്‍ വി.പി. ശിവകൊലുന്തുവിന് രാജിക്കത്ത് നല്‍കിയത്. ഇതുവരെ 33 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയ്ക്ക് 14 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ മുന്നണിയ്ക്കും 14 അംഗങ്ങളാണ് ഉള്ളത്. ഒരംഗം കൂടി രാജിവെച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ അംഗബലം 13 ആയി ചുരുങ്ങും.
ഫിബ്രവരി 22 തിങ്കളാഴ്ചയാണ് പുതുച്ചേരി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്. 33 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ലഫ്. ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്.
ഫിബ്രവരി 17ന് പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമിയും 13 എംഎല്‍എമാരും രാജ് നിവാസില്‍ എത്തി ലഫ്. ഗവര്‍ണറെ കണ്ടിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെക്കൂടി രാജിയോടെ മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. എ. നമശ്ശിവായം, ഇ. തീപ്പൈഞ്ജന്‍, ജോണ്‍കുമാര്‍, മല്ലാടി കൃഷ്ണ റാവു എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഈയിടെ രാജിവെച്ചത്.
എ. നമശിവായം എന്ന കോണ്‍ഗ്രസ് നേതാവാണ് ബിജെപിയിലേക്ക് ആദ്യം കൂറുമാറിയത്. പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തന് ദീപൈന്തയ്യനും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി. ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍കുമാര്‍ എന്നിവരും നാരായണസ്വാമിയുമായുള്ള ഭിന്നതയാല്‍ കോണ്‍ഗ്രസ് വിട്ടു. അധികം വൈകാതെ ജോണ്‍കുമാറും ബിജെപിയില്‍ ചേരും. 15എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് 10 പേര്. ഡിഎംകെയുടെ മൂന്ന് പേരും ഒരു ഇടത് സ്വതന്ത്രനും ചേരുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ 14. ഇപ്പോള്‍ പ്രതിപക്ഷത്തും 14 പേരാണ്. എന്‍ആര്‍ കോണ്‍ഗ്രസിനെയും അണ്ണാഡിഎംകെയെയും കൂടെനിര്‍ത്തി പുതുച്ചേരി പിടിക്കാനാണ് ബിജെപി നീക്കം.
എന്‍. രംഗസ്വാമിയും എ ഐഎഡിഎംകെ എംഎല്‍എ എ. അമ്പഴകനും ബിജെപി എംഎല്‍എ സാമിനാഥനും വ്യാഴാഴ്ച തമിഴിശൈ സൗന്ദരരാജനെക്കണ്ട് ഇപ്പോഴത്തെ നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫിബ്രവരി 22ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.
വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കയ്യുയര്‍ത്തിയാല്‍ മതിയെന്നും വിശ്വാസവോട്ടെടുപ്പ് നടപടികള്‍ അഞ്ച് മണി വിട്ട് പോകാന്‍ പാടില്ലെന്നും തമിഴിശൈ സൗന്ദര്രാജന് നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും സുഗമമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാനും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: