ജില്ലകളുടെ ഉള്ളറിയാന്‍– പാലക്കാട് ജില്ല
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12ല്‍ ഒമ്പത് മണ്ഡലങ്ങള്‍ ഇടത്തോട്ട് ചാഞ്ഞ പാലക്കാട് 2021ല്‍ എങ്ങോട്ട് ചായുമെന്ന ചോദ്യം മൂന്ന് മുന്നണികളുടെയും ഉറക്കം കെടുത്തുന്നു. അതേ സമയം മൂന്ന് മുന്നണികളും നിറയെ പ്രതീക്ഷവെക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.
ഇതിന് കാരണം ലളിതമാണ്. നിയമസഭയില്‍ ഇടത്തോട്ട് നീങ്ങിയ പാലക്കാട് പക്ഷെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ മടികാട്ടിയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ എന്‍ഡിഎ വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും പാലക്കാട് നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടെയും സ്വന്തമാണെങ്കിലും ആര്‍ക്കും മനസ്സുകൊടുക്കാതെ നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്.
ഇക്കുറി പാലക്കാടിനെ ചുറ്റിപ്പറ്റി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ഒന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുകയും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ദേശീയ തലത്തില്‍ ഈ ജില്ല ശ്രദ്ധേയമാകും. ഇനി സംസ്ഥാന തലത്തിലെടുത്താല്‍ 2001 മുതലുള്ള വിഎസ് സമം മലമ്പുഴ എന്ന സമവാക്യം ഇക്കുറിയില്ല എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ വിഎസ് മാറി നില്‍ക്കുമ്പോള്‍ മലമ്പുഴയില്‍ ആരെത്തും എന്ന ചോദ്യവും ഉയരുന്നു. ശ്രീധരന്‍ എത്തുന്നതിനാല്‍ ബിജെപിയ്‌ക്ക് ആവേശവും വിഎസ് ഇല്ലാത്തതിനാല്‍ സിപിഎമ്മിന് ആ കുറവ് നികത്താനുള്ള ജാഗ്രതയും നല്‍കുകയാണ് ഇക്കുറി പാലക്കാട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശരിക്കും ഞെട്ടി. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മറ്റെല്ലാ മണ്ഡലങ്ങളും പോയാലും ആലത്തൂരും പാലക്കാടും ഇടതിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റുകയും രണ്ടും യുഡിഎഫ് പാളയത്തില്‍ പോകുകയും ചെയ്തു. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷം മോചിതമായത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഫലത്തോടെ. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനായി. പക്ഷെ ത്രിതല പഞ്ചായത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇക്കുറി പാലക്കാട് ജില്ലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. വോട്ടുവിഹിതം എല്ലാ മണ്ഡലങ്ങളിലും കാര്യമായി വര്‍ധിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തി എന്ന ആശ്വാസം മാത്രമാണ് യുഡിഎഫിന്റെ കൈമുതല്‍. ഒപ്പം ഭരണവിരുദ്ധവികാരം എന്ന ചിറകിലേറി അധികാരത്തിലെത്താമെന്ന പ്രതീക്ഷയും.
പൊന്നാനി മണ്ഡലത്തിലെ തൃത്താല ഉള്‍പ്പെടെ 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയില്‍. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍്ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നിവയാണ് ഈ 12 മണ്ഡലങ്ങള്‍. ഇതില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ രണ്ട് മണ്ഡലങ്ങളാണ് മലമ്പുഴയും പാലക്കാടും. ഇക്കുറിയും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലാണ് കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ. ശ്രീധരന്റെ വരവും ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പാലക്കാട് നഗരസഭാഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒരു പക്ഷെ ജില്ലയിലെ ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി താമര വിരിഞ്ഞേക്കും. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമല്ലാത്തെ നഗരസഭ പിടിച്ച ബിജെപി ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് പിടിച്ചത്.
കഴിഞ്ഞ തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയിരുന്നു സിപിഎം. ഷാഫി പറമ്പിലിനെ ഇക്കുറി പിടിച്ചുകെട്ടുമെന്ന ഉറച്ച ചിന്തയാണ് ബിജെപി ക്യാമ്പില്‍. ഇടതുമുന്നണി ഇക്കുറി കോണ്‍ഗ്രസിന്റെ വി.ടി. ബലറാമിന്റെ മണ്ഡലമായ തൃത്താല തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്.
2016ല്‍ സിപിഎം ഒമ്പതിടത്തും സിപി ഐ രണ്ടിടത്തും ജനതാദള്‍ എസ് ഒരിടത്തും മത്സരിച്ചു. ചിറ്റൂരില്‍ ഇക്കുറി ജനതാദളിന്റെ കെ. കൃഷ്ണന്‍കുട്ടി തന്നെ മത്സരിച്ചേക്കും. എതിരാളിയായി കെ. അച്യുതന് പകരം ഇക്കുറി പുതുമുഖമാവും രംഗത്തിറങ്ങുക. വിഎസ് ഇല്ലാത്ത മലമ്പുഴയില്‍ ആ കുറവ് നികത്തുന്ന ഏത് വ്യക്തിത്വത്തെയാണ് സിപിഎം കളത്തിലിറക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ തവണ ബിജെപിയുടെ സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മലമ്പുഴ. അന്ന് വിഎസിനോട് 17000ല്‍ പരം വോട്ടുകള്‍ക്ക് തോറ്റെങ്കിലും ഇക്കുറി വിഎസ് ഇല്ല എന്ന ബലം ബിജെപിയ്‌ക്കുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയതിന്റെ തിളക്കവുമുണ്ട്.
പട്ടാമ്പിയില്‍ സിപി ഐയുടെ മുഹമ്മദ് മുഹ്‌സിന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. മണ്ണാര്‍ക്കാട് ലീഗിന്റെ എന്‍. ഷംസുദ്ദീന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ഇവിടെ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റാണ്. സിപി ഐ സുരേഷ് രാജിന് പകരക്കാരനെ തേടിയേക്കും.
സിപിഎം ഇളവ് നല്‍കിയാല്‍ ഇക്കുറി എ.കെ. ബാലന്‍ തന്നെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാകും. കാരണം എ.കെ. ബാലന്‍ കഴിഞ്ഞ തവണ 13000ല്‍ പരം വോട്ടിന് വിജയിച്ച മണ്ഡലമാണ്. ബിജെപിയുടെ സന്ദീപ് വാര്യരും മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജില്ലയാണ് പാലക്കാട്. ഒരു പക്ഷെ ഷാഫി പറമ്പിലിനെതിരെ ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ കുറി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനം നേടി ബിജെപിയുടെ അഭിമാനമുയര്‍ത്തുകയുണ്ടായി. ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് 17,000ല്‍ പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ജയിച്ചതെങ്കിലും ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 6,000 വോട്ടിന്റെ വ്യത്യാസമേ ഇവിടെയുള്ളൂ. സിപിഎമ്മിന്റെ എന്‍.എന്‍. കൃഷ്ണദാസിന് ശോഭസുരേന്ദ്രനേക്കാള്‍ 1400 വോട്ടുകള്‍ കുറവേ ലഭിച്ചുള്ളൂ. സിപിഎമ്മിന്റെ എം.ബി. രാജേഷ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകും എന്ന ഊഹാപോഹമുണ്ടായിരുന്നെങ്കിലും ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സംസ്കൃത കോളെജില്‍ അസി. പ്രൊഫസറായുള്ള വിവാദ നിയമനം വെട്ടിലാക്കിയതിനാല്‍ രാജേഷ് രംഗത്തുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: