തിരുവനനന്തപുരം: കേരളത്തിലെ കന്നുകാലി സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായി. സെന്‍സസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. മുന്‍ കന്നുകാലി സെന്‍സസുകളെ അപേക്ഷിച്ച് നിലവിലെ സെന്‍സസില്‍ കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവുള്ളതായി മന്ത്രി കെ. രാജു അറിയിച്ചു.കാലിസമ്പത്തില്‍ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവര്ഗങ്ങളുമാണ്.
സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികള്‍ 13,41,996 ആണ്. ഇതില്‍ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്. കന്നുകാലി വിഭാഗത്തില്‍ മാത്രം 1.01 ശതമാനം വര്‍ധനവുണ്ട്. 20 വര്‍ഷ കാലയളവില്‍ ആദ്യമായാണ് കന്നുകാലി ഇനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആകെ എരുമ വര്‍ഗങ്ങള്‍ 1,01,504 എണ്ണമാണ്. ആകെ ആടുവര്‍ഗങ്ങള്‍ 13,59,161 എണ്ണമാണ്. 1,03,863 ആണ് ആകെ പന്നിവര്‍ഗങ്ങളുടെ എണ്ണം. പന്നിവളര്‍ത്തലിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
3.30 ശതമാനം വര്‍ധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ആടു വളര്‍ത്തലില്‍ 9.08 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2,97,71,905 ആണ് സംസ്ഥാനത്തെ ആകെ പൗള്‍ട്രി സമ്പത്ത്. പൗള്‍ട്രി വര്‍ഗത്തില്‍ 91.25 ശതമാനം കോഴി വര്‍ഗങ്ങളും, 5.97 ശതമാനം താറാവ് വര്‍ഗങ്ങളും, 2.78 ശതമാനം മറ്റു പൗള്‍ട്രി വര്‍ഗങ്ങളുമാണ്.
സംസ്ഥാനത്തെ കോഴിവര്ഗങ്ങളുടെ എണ്ണം 2,71,65,606 ആണ്. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 25.12 ശതമാനമാണ് വര്‍ധനവ്. ഇതില്‍ത്തന്നെ വീട്ടുമുറ്റത്തെ കോഴി വളര്‍ത്തലില്‍ 47 ശതമാനവും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തലില്‍ 9.57 ശതമാനവും വര്‍ധനവുണ്ട്.
താറാവ് വര്‍ഗം 17,76,503 എണ്ണമാണ്. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് എണ്ണത്തില്‍ 3.94 ശതമാനമാണ് വര്‍ധന. ഇതില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള താറാവ് വളര്‍ത്തലില്‍ 14.48 ശതമാനം വര്‍ധനവുണ്ട്. സംസ്ഥാനത്തുള്ള മറ്റു പൗള്‍ട്രി വര്‍ഗങ്ങള്‍ 8,29,796 എണ്ണമാണ് സെന്‍സസിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. വളര്‍ത്തുനായ്ക്കള്‍ 8,36,270 ഉം തെരുവുനായ്ക്കള്‍ 2,89,986 ഉം ഉള്ളതായാണ് കണക്ക്. 20-ാം കന്നുകാലി സെന്‍സസിന്റെ വിവരശേഖരണം സംസ്ഥാനത്ത് 2019 മാര്‍ച്ച് ഒന്നുമുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് നടന്നത്. 19 ാം കന്നുകാലി സെന്‍സസ് 2012 ലാണ് കേരളത്തില്‍ നടന്നത്.
സെന്‍സസിന്റെ വിവരശേഖരണം, ഓണ്‍ലൈന്‍ സോഫ്ട്വെയര് മുഖേന ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. എന്യൂമറേറ്റര്‍മാരായി വകുപ്പിലെ 2523 ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പ്രവര്‍ത്തിച്ചു. മേല്‍നോട്ട ചുമതല വകുപ്പിലെ 1158 വെറ്ററിനറി ഡോക്ടര്‍മാരും നിര്‍വഹിച്ചിരുന്നു. 15 തരം മൃഗങ്ങളുടെയും എട്ടുതരം പക്ഷികളുടെയും വിവരങ്ങള്‍, എണ്ണം, ബ്രീഡ്, ഉപയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ച് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: