എന്തായാലും ലാല്‍മഹളില്‍ പ്രവേശിച്ച് ആക്രമണം നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹത്തോടൊപ്പം പോകാനുള്ള സഹയോഗികളെയും തിരഞ്ഞെടുത്തു. ദിവസവും നിശ്ചയിച്ചു. 1663 ഏപ്രില്‍ 6 ആണ് തിരഞ്ഞെടുക്കപ്പെട്ട ദിവസം. അടുത്ത ദിവസം ശ്രീരാമനവമിയാണ്.
നേതാജി പാല്ക്കര്, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം ചാരന്മാര് വഴി ശിവാജി ചെയ്തിട്ടുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ പുറത്ത് ഒരു മൈല്‍ ദൂരെ എത്തി.
അഷ്ടമിയുടെ രാത്രിയായിരുന്നു അത്, ചന്ദ്രപ്രകാശം ഉണ്ടായിരുന്നു. റംസാന് മാസമായതിനാല്‍ മുസ്ലിങ്ങളുടെ പവിത്രദിവസങ്ങളായിരുന്നു അവ. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് രാത്രി വലിച്ചുവാരി തിന്ന് സുഖമായുറങ്ങുന്ന ദിവസങ്ങള്‍. ഔറംഗസേബിന്റെ സിംഹാസനാരോഹണ ദിനം കൂടിയായിരുന്നു അത്. അന്ന് വലിയ ഉത്സവമായിരുന്നു. പൂനെയിലും വാദ്യഘോഷങ്ങളും മറ്റും ഉണ്ടായിരുന്നു.നേതാജി പാല്‍ക്കറും മോറോപന്ത് പിംഗളേയും സിംഹദുര്‍ഗത്തിന്റെ വഴിയില്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വഴിയില്‍ മാവളി സൈനികര്‍ വാദ്യോപകരണങ്ങളോടുകൂടി നിലയുറപ്പിച്ചിരുന്നു. സര്ജേറാവുജേധേ ശിവാജിയുടെ കുതിരയുമായി തയ്യാറായി നിന്നും. ലാല്‍ മഹല്‍ നടപടികഴിഞ്ഞാല് എല്ലാവരും സിംഹദുര്‍ഗത്തിന്റെ മാര്‍ഗത്തിലേക്ക് ഓടും എന്നായിരുന്നു നിശ്ചയിച്ചത്. ഓരോ ആളിന്റെയും ജോലി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആരെങ്കിലും തെറ്റിച്ചാല്‍ സര്‍വനാശം സംഭവിക്കും. ആരും ജീവനോടിരിക്കില്ല. ഇവരില്‍ രണ്ടു സഹോദരന്മാരുണ്ടായിരുന്നു. ബാബാജിയും ചിമ്ണാജിയും ഇവരെയാണ് മുഖ്യ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ടുപേരും ശിവാജിയുടെ ബാല്യകാല സുഹൃത്തുക്കള്‍. ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍. പൂനെ നഗരത്തിന്റെയും ലാല്മഹളിന്റെയും ഓരോ ഇഞ്ചും ഇവര്‍ക്ക് സുപരിചിതമാണ്.
ബാബാജിയുടെ ഗണം മുന്നില്‍ പുറപ്പെട്ടു. പിന്നിലായി ചിമ്ണാജിയുടെ ഗണവും, അതില്‍ ശിവാജിയും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞു ഒന്ന് രണ്ട് കാവല്ഭടന്മാര് അവിടെ ഇവിടെ നടക്കുന്നുണ്ടായിരുന്നു. മറ്റെല്ലാവരും സുഖനിദ്രയിലായിരുന്നു. ലാല്മഹളിലും എല്ലാവരും നിദ്രയില്‍ മുഴുകിയിരിക്കയായിരുന്നു. പൂനെ നഗരം മൂവായിരം ജനസംഖ്യ വരുന്ന ഒരു ചെറിയ നഗരമായിരുന്നു. എന്നാല്‍ അതിനു ചുറ്റും ഒരു ലക്ഷത്തോളം വരുന്ന സൈനികരും.
ബാബാജിയുടെ സൈനിക ഗണം പൂനെ നഗര പരിധിയിലെത്തി. കാവല്ക്കാര് കണ്ടു. അപകടമേഖലയില്‍ പ്രവേശിക്കണം. ഇനിയങ്ങോട്ട് അപായം തന്നെയാണ്. ഏത് ക്ഷണത്തില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഓരോരുത്തരും ഒന്നിനൊന്ന് സമര്‍ത്ഥരാണ്. എല്ലാവരും ഒറ്റഗുരുവിന്റെ ശിഷ്യന്മാരാണല്ലൊ. ഗ്രാമീണ ഭാഷയില്‍ സംസാരിച്ചുകൊണ്ടവര്‍ മുന്നോട്ടു പോകുകയായിരുന്നു. കാവല്ക്കാരെ അവര്‍ പരിഗണിച്ചില്ല. അവരുടെ മധ്യത്തില്‍ കൂടി തന്നെ നഗരത്തില്‍ പ്രവേശിച്ചു. സ്വാഭാവികമായി പോകുന്ന അവരെ കണ്ട് രക്ഷകഭടന്‍ തടഞ്ഞു. ആരാ നിങ്ങള്‍ എന്നു ചോദിച്ചു.
സ്വാഭാവിക ഭാവത്തില്‍ അവര്‍ പറഞ്ഞു- ഞങ്ങള്‍ കടകപ്രദേശത്തിന്റെ സൈനികരാണ്. നഗരത്തിനു വെളിയില്‍ പാറാവ് കഴിഞ്ഞ് തിരിച്ചുവരികയാണ് നമ്മളുടെ ശിബിരത്തിലേക്ക് പോകുകയാണ്. ആര്‍ക്കും സംശയം തോന്നിയില്ല. അങ്ങനെയായിരുന്നു അവരുടെ പെരുമാറ്റം. ശയിസ്തേഖാന്റെ സൈന്യത്തില്‍ അനേകം മറാഠാ സൈനികര്‍ ഉണ്ടായിരുന്നു. അവരില്‍ ആരെങ്കിലും ക്രമമനുസരിച്ച് നഗരത്തിന് വെളിയില്‍ കാവലിന് പോകുക തിരിച്ചുവരിക എന്നത് സാധാരണയായിരുന്നു. ഇത്ര വലിയസംഖ്യയില്‍ മുഗള്‍ സൈനികര്‍ പരസ്പരം പരിചയമോ തമ്മില്‍ ബന്ധമൊ ഉണ്ടായിരുന്നില്ല.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: