ഇരിട്ടി: 24 കുടുംബങ്ങള്‍ അധിവസിക്കുന്ന അയ്യങ്കുന്ന് പഞ്ചായത്തിലെ ഈന്തുകാരി കോളനിവാസികള്‍ തങ്ങള്‍ക്കു കിട്ടിയ വൈദ്യുതി ബില്‍ കണ്ട് ഞെട്ടി. 2,45,114 രൂപയുടെ ബില്‍ കണ്ട് ഷോക്കടിച്ചെന്ന് മാത്രമല്ല കോളനിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതോടെ പിഞ്ചുകുട്ടികളും വൃദ്ധരും ഗര്‍ഭിണികളും മറ്റുമടങ്ങുന്ന നൂറ്റമ്പതിലേറെ പേര് അധിവസിക്കുന്ന കോളനി ഇരുപത്തി രണ്ടോളം ദിവസമായി കൂരിരുട്ടിലുമായി.
രണ്ടുമുറി വീടുകളാണ് കോളനിയിലേറെയും. അതു കൊണ്ടുതന്നെ ആര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുള്ള ബില്ലുകളാണ് പലര്‍ക്കും വന്നിട്ടുള്ളത്. ഇവിടെ രണ്ട് മുറി വീട്ടില്‍ കഴിയുന്ന ചെമ്പിക്ക് വന്നിരിക്കുന്നത് 38,689 രൂപയുടെ ബില്ലാണ്, രമേശന് 8662 രൂപയുടേതും. ഇങ്ങനെ 24 കുടുംബങ്ങള്‍ ആകെ അടയ്ക്കേണ്ട ബില്‍ 2,45,114 രൂപ. ബില്‍ അടയ്ക്കാഞ്ഞതിനെ തുടര്‍ന്ന് മൂന്നാഴ്ച്ച മുമ്പ് കോളനിയിലെ പുതുതായി വീടുവെച്ച രണ്ട് കുടുബങ്ങളുടേതൊഴിച്ച് എല്ലാരുടേയും ഫ്യൂസ് ഊരിയിട്ടിരിക്കുകയാണ് അധികൃതര്‍. കോളനിയില്‍ ഒന്നര വര്‍ഷമായി ഇവര്‍ക്ക് ബില്‍ നല്‍കിയിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം ബില്‍ കിട്ടിയപ്പോഴാണ് ഈ അവസ്ഥ.
കൊവിഡ് കാലമായതിനാല്‍ യഥാസമയം ബില്‍ നല്‍കിയിരുന്നില്ലെന്നും മുന്‍ കാലങ്ങളിലെ കുടിശ്ശികയടക്കം ആരും ബില്‍ അടയ്ക്കാഞ്ഞതിനാലാണ് ഫ്യൂസ് ഊരിയതെന്നുമാണ് കെഎസ്ഇബി എടൂര്‍ സെക്ഷന്‍ അധികൃതര്‍ പറയുന്നത്. മാസങ്ങളായുള്ള കുടിശ്ശിഖ ഒന്നിച്ച് അടയ്ക്കാനുള്ള ശേഷി ഒരു കുടുംബത്തിനുമില്ല. രണ്ട് മുറി മാത്രമുള്ള വീട്ടില്‍ പലപ്പോഴും രണ്ട് മാസത്തെ ബില്‍ 500ന് മുകളിലാണ്. പ്രതിമാസം 20 യുണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. എന്നിട്ടും കൂടിയ ബില്‍ വരുന്നത് എങ്ങനെയാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. പഴയ മീറ്ററും സാധാരണ ബള്‍ബുമാണ് എല്ലാവരും ഉപയോഗിക്കുന്നത്. പല മീറ്ററുകളും പ്രവര്‍ത്തന രഹിതമാണ്. പുതിയ മീറ്റര്‍ സ്ഥാപിക്കാതെ മുന്‍ കാലങ്ങളിലെ ബില്ലിന്റെ ശരാശരി കണക്കാക്കിയാണ് ബില്‍ ഇടുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് അംഗം എവണ്‍ ജോസിന്റെയും കോളനി വാസികളുടെയും പരാതി.
കോളനിയിലെ 24 വീടുകളിലായി 150തോളം പേരാണ് താമസിക്കുന്നത്. ഇതില്‍ പല വീടുകളിലും രണ്ടും മൂന്നൂം കുടുംബങ്ങളുണ്ട്. നാലുപേര്‍ 80 വയസ് പിന്നിട്ടവരാണ്. അന്‍പതിലേറെ കുട്ടികളുമുണ്ട്. നേരത്തെ ഒരു തവണ ബില്‍ കിടിശ്ശിക പഞ്ചായത്ത് അടച്ചിരുന്നതായും ഇപ്പോള്‍ വന്നിരിക്കുന്ന ഇത്രയും ഉയര്‍ന്ന ബില്‍ തുക അടയ്ക്കാനുള്ള പണം പഞ്ചായത്തിന്റെ പക്കലില്ലെന്നും അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍ പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നും മറ്റും പണം കണ്ടെത്തണമെന്നാണ് ഇവര്‍ പറയുന്നത്. ബില്‍ അടയ്ക്കുന്നതിന് കുടുംബങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു നടപടിയും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ ഭാഗത്തു നിന്നുപോലും ഉണ്ടാകുന്നുമില്ലെന്നും പരാതി ഉയര്‍ന്നു.
വൈദ്യുതി കണക്ഷന് പുനസ്ഥാപിച്ച് കിട്ടുന്നതിനും കുടിശ്ശിക ബില്ലില്‍ തീരുമാനമാക്കുന്നതിനുമായി കോളനി വാസികളും വാര്‍ഡ് അംഗവും കഴിഞ്ഞ മാസം ഇരിട്ടിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് പരാതി നല്‍കിയത്. പ്രശ്നം പരിശോധിക്കുന്നതിന് കെഎസ്ഇബി എഞ്ചിനീയറോട് ആവശ്യപ്പെട്ടു. കുടിശ്ശിക തവണകളായി അടക്കാമെന്നും കണക്ഷന് പുനസ്ഥാപിക്കാമെന്നും ഇവര്‍ അറിയിച്ചെങ്കിലും കോളനിവാസികളില്‍ നിന്നും 20,000ത്തോളം രൂപ ശേഖരിച്ച് വാര്‍ഡ്അംഗം ഓഫീസിലെത്തിയപ്പോള്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ മറ്റ് പല കാര്യങ്ങളും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യങ്കുന്ന് പഞ്ചായത്തില്‍ ബിജെപിക്ക് കന്നി വിജയം നല്കിയ വാര്‍ഡാണ് ഈന്തുംകരി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം സെക്രട്ടറി കൂടിയാണ് ഇവിടുത്തെ വാര്‍ഡ്അംഗം ജോസ് എവണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: