ന്യൂദല്‍ഹി : കുറ്റം ചെയ്യുന്നത് പരിശോധിക്കുമ്പോള്‍ അതില്‍ പ്രായം, ലിംഗം തൊഴില്‍ എന്നിവയൊന്നും പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ ടൂള്‍ കിറ്റ് പ്രചരിപ്പിച്ചുമായി ബന്ധപ്പെട്ട് ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടൂള്‍കിറ്റ് കേസ് അന്വേഷണത്തിലെ ദിഷയുടെ അറസ്റ്റിനെ കുറിച്ച് പോലീസ് വിശദീകരിച്ചിട്ടുണ്ട്. പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ല. ഒരു കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല. കുറ്റം ചെയ്തോ എന്ന് പരിശോധിക്കുമ്പോള്‍ പ്രായം, ലിംഗം, തൊഴില്‍ എന്നിവയൊന്നും പരിഗണിക്കാനാവില്ലെന്നും അമിത് ഷാ അറിയിച്ചു.
രാജ്യത്തിനെതിരെ ടൂള്‍കിറ്റ് പ്രചരിപ്പിച്ച വിഷയത്തില്‍ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പോലീസിന് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടുണ്ട്. അവര്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. നിമമാനുസൃതം പ്രവര്‍ത്തിക്കാന്‍ പോലീസിന് സ്വാതന്ത്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രസ്താവന നടത്തുന്നില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ ദല്‍ഹി പോലീസിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിഷയും ഗ്രേറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: