ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. ഏറ്റുമുട്ടലില്‍ ചൈനീസ് സൈന്യത്തിന് നഷ്ടം സംഭവിച്ചിട്ടുള്ളതായി യുഎസ്, റഷ്യന്‍ അന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈന സമ്മതിച്ചിരുന്നില്ല.
ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ അഞ്ച് സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതായായാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. മരിച്ച സൈനികരുടെ പേര് വിവരങ്ങളും പുറത്ത് വിട്ടു. ഇതില്‍ നാല് പേര്‍ സംഘര്‍ഷത്തിനിടയിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിലുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതിയും ചൈന പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഗല്‍വാനിലുണ്ടായ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചൈനയുടെ സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.
30ഓളം സെെനികര്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ റിപ്പോര്‍ട്ട്. എന്നാല്‍ റഷ്യന്‍ അന്വേഷണ ഏജന്‍സി ഫെബ്രുവരി പത്തിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: