മുംബൈ: ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ്കുമാറിന്റെയും മഹാരാഷ്ട്രയില്‍ നടക്കുന്ന സിനിമകളുടെ ചിത്രീകരണം നിര്‍ത്തുമെന്ന് ഭീഷണപ്പെടുത്തി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോള്‍. ‘കേന്ദ്രത്തില്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍, അമിതാഭ് ബച്ചനോ അക്ഷയ് കുമാറോ ആയിക്കോട്ടെ, അവര്‍ ഇന്ധനവില വര്‍ധനയെക്കുറിച്ച് ട്വീറ്റ് ചെയ്യാറുണ്ടായിരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാലിപ്പോള്‍ അന്താരാഷ്ട്ര ക്രൂഡ് വില താഴ്ന്നുനില്‍ക്കുകയാണ്. പക്ഷേ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് അവര്‍ ഇപ്പോള്‍ സംസാരിക്കാത്തത്. യുപിഎ സര്‍ക്കാര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ക്ക് വിമര്‍ശിക്കാന്‍ കഴിഞ്ഞു’-അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ജനങ്ങള്‍ക്കും നീതിക്കും അനുകൂലമായി അവര്‍ സംസാരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അവരുടെ സിനിമകള്‍ ചിത്രീകരിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അനുവദിക്കില്ല’ എന്നായിരുന്നു സംസ്ഥാന പിസിസി അധ്യക്ഷന്റെ ഭീഷണി. അതേസമയം, രണ്ടു ബോളിവുഡ് നടന്മാര്ക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ബിജെപി രംഗത്തെത്തി.
രാജ്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുള്ള അമിതാഭിനും അക്ഷയ്ക്കുമൊപ്പമാണ് രാഷ്ട്രം നിലകൊള്ളുന്നതെന്ന് മാഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കഡം പറഞ്ഞു. ‘കോണ്‍ഗ്രസ് നേതാക്കള്‍ താരങ്ങളെ ഭീഷണിപ്പെടുത്തുന്നു. എന്ത് തെറ്റാണ് അമിതാഭ് ബച്ചന് ചെയ്തത്?. അദ്ദേഹം രാജ്യത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്.’- എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: