കല്‍പ്പറ്റ: മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള മണിക്കുന്ന് മലയിലെ വീട്ടിമരം വെട്ടല്‍ അനധികൃതമെന്ന് വനംവകുപ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ദേശം. സ്വകാര്യഭൂമിയെന്ന് കാണിച്ച് വ്യാജരേഖ ചമച്ച് മരംവെട്ടി കടത്തുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
അനുമതി നല്‍കിയതിലും അധികം മരം മുറിച്ചതായും കണ്ടെത്തി. പ്രകൃതി ദുര്‍ബല പ്രദേശമായ മലയുടെ മുകളില്‍ ഇടിഞ്ഞകൊല്ലിയിലെ വനഭൂമിയില്‍ നിന്നാണ് കോടികള്‍ വിലവരുന്ന വീട്ടിമരം ഉദ്യോഗസ്ഥരുടെ പിന്തുണയോടെ മുറിച്ചത്. രണ്ടര കിലോമീറ്ററോളം വനം വെട്ടിത്തെളിച്ച് ട്രാക്ടറും ലോറിയും ഉപയോഗിച്ച് കടത്തിക്കൊണ്ടുവന്ന മരങ്ങള്‍ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന്റെ പരിസരത്താണ് കൊണ്ടുവന്നിട്ടിരുന്നത്.
നാട്ടുകാര്‍ സംശയം ഉന്നയിച്ചപ്പോള്‍ ബത്തേരി വനം ഡിപ്പോയിലേക്ക് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ലോറിയില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവാശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു. വീട്ടിമരം കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ഉത്തരമേഖലാ വിജിലന്‍സ് സി സി എഫ് ജില്ലയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: