പുതുച്ചേരി: കടലിന്റെ കര്‍ഷകരാണ് മത്സ്യത്തൊഴിലാളികളെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അവര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ തുടരെയുള്ള രാജിക്കു പിന്നാലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് നാരായണസ്വാമി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
കടലിന്റെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മന്ത്രാലയമില്ലെന്ന് മത്സ്യത്തൊഴിലാളികളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് സ്വന്തമായുള്ളതുപോലെ, ഒരു മന്ത്രാലയം ദല്‍ഹിയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ മത്സ്യത്തൊഴിളാകള്ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഫിഷറീസ് വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് മന്ത്രാലയത്തിന്റെ ഭാഗമായാണ് ഇതുള്ളത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനാണ് മന്ത്രാലയത്തിന്റെ ചുമതല.
‘ചെറുകിട ഇടത്തരം വ്യവസായങ്ങളെ നിലവിലെ സര്‍ക്കാര്‍ ആക്രമിക്കുകയാണ്. എല്ലാ വ്യവസായങ്ങളും വന്‍കിട കോര്‍പറേറ്റുകള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഞങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഞങ്ങള്‍ക്ക് ശക്തിപ്പെടുത്തണം. കാരണം അതാണ് ഈ രാജ്യത്തിന്റെ ശക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’- രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: