കണ്ണൂര്‍: 378,15,65,300 രൂപ വരവും 377,10,95,776/ രൂപ ചെലവും പ്രതീക്ഷിക്കുന്ന കണ്ണൂര്‍ കോര്പ്പറേഷന് 2021-2022 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ അവതരിപ്പിച്ചു. ബദല്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ 100 കോടി രൂപ കടപ്പത്രത്തില്‍ കൂടി കണ്ടെത്താനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്. 10 വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്ന രീതിയിലാണ് കടപ്പത്രം സ്വീകരിക്കുക.
കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോര്പ്പറേഷന് വികസനത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ ബജറ്റില്‍ പേരെടുത്ത് പരാര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കുടിവെള്ള വിതരണം. ജലദൗര്‍ലഭ്യം ഇപ്പോഴും അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബജറ്റില്‍ രണ്ട് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കോര്പ്പറേഷന് പരിധിയില്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് പ്രധാന് മന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപ നല്‍കും. സ്ഥലവും വീടുമില്ലാത്തവര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ആവര്‍ത്തന വിരസതയുള്ള വര്‍ഷങ്ങളായി ബജറ്റില്‍ പ്രതിപാദിക്കുന്ന നിരവധി വിഷയങ്ങള്‍ ഈ വര്‍ഷത്തെ ബജറ്റിലുമുണ്ട്. കോര്പ്പറേഷന് പുതിയ കെട്ടിട സമുച്ഛയമെന്ന നിര്‍ദ്ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കണ്ണൂര്‍ മുനസിപ്പാലിറ്റിയായിരുന്ന സമയത്ത് തന്നെ ഈ നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനായി മാറിയിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും പൂര്‍ത്തിയായിട്ടില്ല. 25 കോടി രൂപയാണ് പുതിയ ആസ്ഥാനമന്ദിരത്തിനുള്ള നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്. ബജറ്റിലെ ഒന്നാമത്തെ നിര്‍ദ്ദേശമായാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും എത്രത്തോളം നടപ്പാക്കാന്‍ സാധിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. നിലവിലെ ഓഫീസ് സമുച്ഛയം രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുക്കിപ്പണിയുമെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്യുമ്പോഴും നിലവിലെ ഓഫീസ് നവീകരണത്തിന് 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
മൃഗങ്ങളും കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും അലഞ്ഞ് തിരിയുന്ന നായ്ക്കളും ചത്താല്‍ സംസ്കരിക്കാന്‍ ആനിമല്‍ ക്രിമറ്റോറിയം നിര്‍മ്മാണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതിനാവശ്യമായ സ്ഥലമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. കേവലം 10 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്.
ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ലക്ഷ്യം കാണാതെ പോയ പയ്യാമ്പലത്തെ ആധുനിക ക്രിമറ്റോറിയത്തിനും ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് ചേംമ്പറുള്ള ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം നടന്നു വരികയാണ്. ഇതിനു പുറമേ മൂന്ന് ചേംമ്പറുള്ള ക്രിമറ്റോറിയം കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ത്തന്നെ പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞിട്ടും ഇപ്പോഴും പയ്യാമ്പലത്ത് പാരമ്പര്യ രീതീയില്‍ തന്നെയാണ് മൃതദേഹം സംസ്കരിക്കുന്നത്. ഇതുവരെ പ്രവര്‍ത്തനക്ഷമമല്ലാത്ത പദ്ധതിക്ക് തുടര്‍ന്നും ഫണ്ട് അനുവദിക്കുന്നതില്‍ അവ്യക്തതയുണ്ട്.
ശുചിത്വ നഗരം സുന്ദര നഗരം കാമ്പയിനിന്റെ ഭാഗമായി നഗരശുചീകരണത്തിനായി യന്ത്രവല്‍കൃത വാഹനങ്ങള്‍ (മെക്കനൈസ്ഡ് വെഹിക്കിള്‍)വാങ്ങും. റോഡിലെ പൊടിപടലങ്ങളടക്കം വലിച്ചെടുക്കുന്ന സംവിധാനമാണ് നടപ്പിലാക്കുക. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക രീതിയിലുള്ള എക്സ്കവേറ്റര്‍ വാങ്ങും. ആകെ ഒരു കോടി മൂപ്പത് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വിശദമായ പദ്ധതി പഠനം നടത്തി കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കും, അതോടൊപ്പം ഉത്തരവാദ ടൂറിസസാധ്യതകള്‍ കണ്ടെണ്ടത്തി നടപ്പാക്കുകയും ചെയ്യും. ഇതിനായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമുള്ള ബജറ്റാണിതെന്ന് ഒറ്റനോത്തില്‍ മനസ്സിലാകും. കാലങ്ങളായി ഇടതു വലതു മുന്നണികള്‍ മുന്നോട്ട് വെച്ച സ്ഥിരം പദ്ധതികള്‍ മാത്രമാണ് ബജറ്റിലുള്ളത്. പലപദ്ധതികളും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ഇതെല്ലാം നടപ്പിലാക്കാന്‍ ഫണ്ടെവിടെയെന്നതില് വ്യക്തതയില്ല. കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിക്കുന്ന ഫണ്ട് ആശ്രയിച്ചാണ് പല പദ്ധതികളും മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി ആവാസ് യോജനക്കായി ഫണ്ട് വര്‍ധിപ്പിക്കണമെന്നും ഭിന്നശേഷിക്കാര്‍ക്ക് ഒത്തുകൂടാന്‍ ഇടവും താമസസൗകര്യവും തൊഴില്‍ പരമായ പരിശീലനവും ഒരുക്കണമെന്നും ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി പ്രതിനിധി വി.കെ. ഷൈജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: