ആലപ്പുഴ : സംസ്ഥാന ടെക്സ്റ്റെല്‍സ് കോര്പ്പറേഷന് കീഴിലുള്ള കോമളപുരം സ്പിന്നിങ് &വീവിങ് മില്ലിലെ സ്ഥിരനിയമന നീക്കം വിവാദത്തില്‍. ദിവസവേതന അടിസ്ഥാനത്തില്‍ നിന്നും ബദലി വര്‍ക്കര്‍ തസ്തികയിലേക്ക് ഉയര്‍ത്തിയ പഴയ കേരള സ്പിന്നേഴ്സിലെ ജോലിക്കാരായിരുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് വിവാദത്തിലായിരിക്കുന്നത്.
പരീക്ഷ,ഇന്റര്‍വ്യൂ എന്നിവ പാസായി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മില്ലില്‍ നിയമനം ലഭിച്ച പുതിയ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിനും സ്ഥിരനിയമനം നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായാണ് ഒരു വിഭാഗം തൊഴിലാളികളുടെ ആരോപണം. ഒരേ പരീക്ഷയില്‍ നിന്ന് ട്രെയിനി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച കാസര്‍കോട് ഉദുമ മില്ലിലെ തൊഴിലാളികള്‍ യഥാക്രമം ബദലി, സ്ഥിരം തൊഴിലാളി തസ്തികയിലെത്തിയപ്പോള് സമാന ലിസ്റ്റില്‍ നിന്നും കോമളപുരം മില്ലില്‍ ട്രെയിനി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചവരെ ബദലിയാക്കിയ ശേഷം സ്ഥിരനിയമനത്തിന് പരിഗണിക്കേണ്ടെന്ന നിലപാട് അംഗീകരിക്കില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.
കമ്പനിയിലെ സ്ഥിരം നിയമന വിഷയത്തില്‍ സാമാന്യ നീതി നിഷേധിക്കാനുള്ള നീക്കം നടക്കുന്നതായി കാട്ടി തൊഴിലാളികള്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്, കോര്പ്പറേഷന് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്കി. സ്ഥിര നിയമനം മില്ലില്‍ നടപ്പാക്കി കഴിയുമ്പോള്‍ ഷിഫ്റ്റ് സ്ട്രങ്തിന് ശേഷം വരുന്ന ബദലി (പകരക്കാരന്) തൊഴിലാളിക്ക് മാനേജ്മെന്റ് നോ വര്‍ക്ക് നല്‍കുകയും തന്മൂലം തൊഴിലും വേതനവും ഇല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: