തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന ജൂനിയര്‍, സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. കോഴിക്കോട് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് 18 വരെ നീണ്ടുനില്‍ക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
നാല് ദിവസങ്ങളിലായി ആകെ 165 ഫൈനലുകള്‍ അരങ്ങേറും. സീനിയര്‍-ജൂനിയര്‍ വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കായിക പ്രതിഭകള്‍ മത്സരിക്കും. ജൂനിയര്‍ വിഭാഗത്തില്‍ ആണ്-പെണ് അണ്ടര്‍ 20, 18, 16, 14 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. അണ്ടര്‍ 14 വിഭാഗത്തില്‍ ബോള്‍ ത്രോ, 60 മീറ്റര്‍ എന്നി ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യദിനം 24 ഫൈനലുകള്‍ നടക്കും. രാവിലെ 10ന് പുരുഷന്മാരുടെ ഹാമര്ത്രോയിലൂടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. മധ്യ-ദീര്‍ഘദൂര ഓട്ട മത്സരങ്ങളുടെയും ത്രോയിനങ്ങളുടെയും ഫൈനലുകള്‍ ഇന്ന് നടക്കും. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഫൈനലുകള്‍ നാളെ നടക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യാതിഥിയാകും. 18ന് നടക്കുന്ന സമാപന ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നസീറാണ് മുഖ്യാതിഥി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മീറ്റ് നടക്കുക. മീറ്റില്‍ പങ്കെടുക്കുന്നവര്‍ രക്ഷിതാക്കളുടെ സമ്മതപത്രവും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. താരങ്ങള്‍ രണ്ട് മണിക്കൂര്‍ മുമ്പ് ഗ്രൗണ്ടില്‍ എത്തിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: