തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടുന്നു. ഇന്ന് വൈകിട്ട് 5ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകറും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യന് ചേര്‍ന്നാണ് ധാരണാപത്രം ഒപ്പിടുന്നത്.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ അധ്യക്ഷത വഹിക്കും. ഐഒസി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ദീപക് ദാസ്, ഡിജിഎം വിപിന്‍ ഓസ്റ്റിന്‍ തുടങ്ങിയവരും പങ്കെടുക്കും.ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സ്ഥാപിച്ചിട്ടുള്ള 66 ഡീസല്‍ പമ്പുകള്‍ക്ക് പുറമെ ആലുവയിലെ റീജണല്‍ വര്‍ക്ക്ഷോപ്പും പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കൂടി ചേര്‍ത്താണ് 67 സ്ഥലങ്ങളില്‍ പമ്പുകള്‍ സ്ഥാപിക്കുക. പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനം വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റേയും അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.
ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പുതിയ പമ്പുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഇതിനായി ശരാശരി 30 മുതല്‍ 40 സെന്റ് സ്ഥലം വരെ കെഎസ്ആര്‍ടിസി ദീര്‍ഘകാലപാട്ടത്തിനായി ഐഒസിക്ക് നല്‍കും. കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടര്‍, ടോയ്ലറ്റ്, കഫ്റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആര്‍ടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചെലവുകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: