മാര്‍ക്ക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.കെ. കൃഷ്ണകുമാര്‍ നിര്‍മാണവും സജി കെ. പിള്ള സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബം ‘പ്രിയനൊരാള്‍’ റിലീസിനൊരുങ്ങുന്നു. രാജാരവിവര്‍മ്മയുടെ പിന്മുറക്കാരനായ പ്രശസ്ത സംഗീതസംവിധായകന് കിളിമാനൂര്‍ രാജവര്‍മ്മ, മഠം കാര്ത്തികേയന് നമ്പൂതിരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ക്ക് സംഗീതാവിഷ്ക്കാരം നല്കി ആലപിച്ചിരിക്കുന്നു. ആല്‍ബത്തിലെ ഒരു സുപ്രധാനവേഷം അദ്ദേഹം തന്നെ അഭിനയിച്ചിരിക്കുന്നുവെന്ന പ്രതേ്യകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂര്‍ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോര്‍ന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു.
പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തുചേരലുമെല്ലാംകൊണ്ട് കാണികളെ ആര്‍ദ്രമായ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമാണ് പ്രിയനൊരാള്‍ സമ്മാനിക്കുന്നത്. ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയ ഭാവങ്ങള്ക്കുമേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവര്‍ത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
കിളിമാനൂര്‍ രാമവര്മ്മയ്ക്കു പുറമെ നായികയായി മായാ കെ. വര്‍മ്മ, വൈഷ്ണവ് വര്‍മ്മ, ഗായത്രി നായര്‍, വി.കെ. കൃഷ്ണകുമാര്‍ എന്നിവരും മറ്റുകഥാപാത്രങ്ങള്ക്കു ജീവന് പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: