അത് കേട്ട് ബാദശാഹ ആകാശം തലയില്‍ പതിച്ചതുപോലെ, ആശ്ചര്യംകൊണ്ട് സ്തബ്ധനായി. ഭാവികാര്യങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ രോമകൂപങ്ങള്‍ തോറും ദുഃഖത്തിന്റെ അഗ്നിജ്വലിച്ചു. തലയില്‍ കൈയും കൊടുത്ത് നിരാശനായി നിലത്തിരുന്നു. അഥവാ ശിവ ഇവിടെ പ്രത്യക്ഷപ്പെട്ടേക്കുമോ എന്ന ഭയത്തില്‍ ചാടി എഴുന്നേറ്റു, ചുറ്റുപാടും നോക്കി. ക്രോധാവേശംകൊണ്ട് പൊട്ടിത്തെറിച്ചു.
അപ്പോഴേക്കും പോളാദഖാന്‍ അവിടെ വന്നു. നമ്മള് നോക്കിനില്ക്കവേ തന്നെയാണ് ശിവാജി അദൃശ്യനായത്. അയാള്‍ ഭൂമി പിളര്‍ന്നു പോയോ, ആകാശത്തുകൂടെ പറന്നുപോയോ എന്നറിയാന്‍ സാധിക്കുന്നില്ല. നമ്മുടെ രക്ഷാസൈനികര്‍ രാപകല്‍ ജാഗരൂകരായി കാവല്‍ നില്ക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് നിവേദനം നടത്തി.
ഇപ്പോഴും ശിവാജി ആഗ്രാ നഗരത്തില്‍ എവിടെയെങ്കിലും ഉണ്ടാവും, ദൂരെ പോകാനുള്ള സമയമായിട്ടില്ല എന്ന കണക്കുകൂട്ടലില്‍ ആഗ്രാ നഗരം വിട്ട് ഒരു ഉറുമ്പിനുപോലും പുറത്തുപോകാന്‍ സാധിക്കാത്തവിധം ജാഗരൂഗതയോടെ കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിച്ചു കൂടുതല്‍ രക്ഷാഭടന്മാരെ നിയോഗിച്ചു. ബാദശാഹയുടെ
പ്രാസാദത്തിന് വിശേഷ സുരക്ഷാ വ്യവസ്ഥ ഏര്‍പ്പെടുത്തി. കാരണം രാമസിംഹന്റെ ഭവനത്തില്‍നിന്നും അദൃശ്യനായ ശിവാജി ബാദശാഹയുടെ പ്രാസാദത്തില്‍ പ്രത്യക്ഷപ്പെട്ടാലോ? നഗരത്തില്‍ മുഴുവന്‍ ശക്തമായ അന്വേഷണം ആരംഭിച്ചു. നഗരത്തിനു വെളിയില്‍ അഷ്ടദിക്കിലേക്കും അശ്വാരോഹികളായ സൈനികരെ അന്വേഷിക്കാനയച്ചു. വിദൂരങ്ങളായ തീര്‍ത്ഥസ്ഥാനങ്ങളിലും സ്നാനഘട്ടങ്ങളിലും സൂചന കൊടുത്തു. ഒരു പക്ഷേ ശിവാജി സന്യാസി വേഷത്തില്‍ അഥവാ പ്രച്ഛന്നവേഷത്തില്‍ സഞ്ചരിക്കുന്നുണ്ടാവാം. അതുകൊണ്ട് എല്ലായിടവും ജാഗരൂകത പാലിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: