കുമാരിപര്വതത്തിലെ ആതിഥേയര്‍
ഉറക്കത്തില്‍ വഴിതെറ്റിയ സ്വപ്നംപോലെ കയറിച്ചെന്നെത്തിയത് ഒരു കുറ്റിക്കാട്ടിലാണ്. ആള്പൊക്കത്തില് വളര്ന്നുനില്ക്കുന്ന പുല്ലുകള്‍. മുള്‍ച്ചെടികള്‍. അവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും വഴിപിരിഞ്ഞും നീണ്ടുപോകുന്ന ഒറ്റയടിപ്പാത. ഒന്നുരണ്ടു വളവുകള്‍ തിരിഞ്ഞപ്പോള്‍ പിന്നെ അപ്പുറവും ഇപ്പുറവും കാണുന്നില്ല. വഴിയിലൊന്നും ആളില്ല. പാത അവസാനിച്ചു. വിജനമായ പ്രദേശം.
മുന്നിലതാ ഒരു കൊച്ചുകുളം. വൃത്താകൃതിയില്‍. അഞ്ച് മീറ്ററോളം വ്യാസം. അവിടവിടെ ഇടിഞ്ഞ കരിങ്കല്‍പ്പടവുകള്‍. രണ്ടരമീറ്ററോളം ആഴമേ കാണൂ. നിറഞ്ഞു തെളിഞ്ഞ വെള്ളം. കരയില്‍ ഒരു പേരുപലക. താഴത്തെ സൂചകപ്പലകപോലെ ഒറിയഭാഷയിലാണ്. ഒന്നും മനസ്സിലായില്ല.
കൈകാലുകളും മുഖവും കഴുകി. നല്ല തണുപ്പ്. മടങ്ങി. വഴിയില്‍ മൂന്നുനാലു പിരിവുകള്‍. ഒന്നിലൂടെ നടന്നു. വളഞ്ഞും തിരിഞ്ഞും വന്നെത്തിയത് കുളത്തിനരികില്‍. ശ്ശെടാ, തിരിഞ്ഞു നടന്നു. ചുറ്റിക്കറങ്ങി പിന്നെയും കുളത്തിനു മുന്നില്‍ത്തന്നെ. വീണ്ടും തിരിഞ്ഞു.പഴയപടിതന്നെ. വേറൊരു വഴിതിരിഞ്ഞ് ഒരു ശ്രമം കൂടി നടത്തി. ഉള്ക്കാട്ടിലെത്തിയപോലെ. വേഗം കുളത്തിനടുത്തേക്ക് തിരിഞ്ഞു.
ആകെ കുളമായോ! പടവിലെ കല്ലില്‍ ഇരുന്നു. കുപ്പിയിലെ വെള്ളം കുടിച്ചു. ഒരു കിതപ്പും വെപ്രാളവും. പാറയിലേക്ക് തലചായ്ച്ചു. ഉദയഗിരിയില്‍ വന്നിറങ്ങിയപ്പോഴേ ഗൈഡുകള്‍ പൊതിഞ്ഞതാണ്. വിരലിലെണ്ണാവുന്ന സന്ദര്‍ശകരേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ നിറയെ ഗൈഡുകളും കുരങ്ങന്മാരും. ഗൈഡുകള്‍ പിന്നാലെക്കൂടി.
”ബീസ് രൂപയേ സാര്‍”
ഒരാള്‍ കെഞ്ചി. അവഗണിച്ച് വേഗത്തില്‍ നടന്നു. സൂചകപ്പലകയിലെ അമ്പടയാളം നോക്കി മുന്നില്‍ക്കണ്ട പടികള്‍ കയറിത്തുടങ്ങിയതാണ്. വയറ്റുപിഴപ്പിനായി സന്ദര്‍ശകരെ ആശ്രയിക്കുന്ന ആ പാവങ്ങളുടെ പ്രാക്കാണോ! ഇരുപതുരൂപ പിശുക്കിയതിന്റെ താക്കീതോ!
അതിരന്കല്ലില് ചവുട്ടിപ്പോയാല് ദിക്കുതിരിയാതെ വഴിചുറ്റിപ്പോകും. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ചവുട്ടിപ്പോയോ! ഇനി രക്ഷയില്ല. കുപ്പിവെള്ളം ഒരു കവിള്‍കൂടി കുടിച്ച് ചാരിയിരുന്ന് കണ്ണടച്ചു. ആരെങ്കിലും വരുമായിരിക്കും. എല്ലാ യാത്രകളിലും ഒരദൃശ്യശക്തി ആപത്തുകളില്‍ കൈപിടിച്ചിട്ടുണ്ട്. കൊച്ചുകുഞ്ഞിനെയെന്നപോലെ. ആ കരം നീണ്ടുവരുമായിരിക്കും. ഉള്ളഴിഞ്ഞ് പ്രാര്‍ഥിച്ചു.
മുകളില്‍ മേഘങ്ങളില്ല. കാഠിന്യമില്ലാത്ത ഉച്ചവെയില്‍. ശ്വാസം നിലച്ച കാറ്റ്. നിറഞ്ഞുമൂടിയ കാട്ടുപൊന്തകള്‍. കൂര്ത്തമുള്ളിന്റെ കുന്തം നീട്ടിനില്ക്കുന്ന കുറ്റിച്ചെടുകള്‍. വിജനതയുടെ അങ്കലാപ്പ്. ഒറ്റയ്ക്കിരിപ്പിന്റെ ആലസ്യം. വട്ടക്കുളത്തിന്റ ജലസ്പര്‍ശം മാത്രം.
ധൗളിഗിരിയില്നിന്നു മടങ്ങി ഭുവനേശ്വരിലെത്തുമ്പോള് ഉച്ചയ്ക്ക് 12 മണിയായിരുന്നു. സമയം പാഴാക്കേണ്ടെന്നു കരുതി അടുത്ത ബസ്സില്‍ ഉദയഗിരിയിലേക്ക് പുറപ്പെട്ടു. എട്ടുകിലോമീറ്റര്‍ യാത്ര.
നഗരപ്രാന്തത്തില്‍ കുമാരിപര്വതത്തിലെ ഇരട്ടശിഖരങ്ങള്. ഉദയഗിരിയും ഖണ്ഡഗിരിയും. പാറക്കുന്നുകള്‍. ചെമപ്പുകലര്‍ന്ന ശിലാമകുടങ്ങള്. പുരാതന ഗുഹാസമുച്ചയങ്ങള്‍. രണ്ടായിരത്തി ഒരുനൂറ് വര്‍ഷത്തെ ചരിത്രസൂക്ഷിപ്പുകള്‍. ഗുഹകള്‍ പലതാണ്. ഉദയഗിരിയില്‍ പതിനെട്ടും ഖണ്ഡഗിരിയില്‍ പതിനഞ്ചും. ശിലാലിഖിതങ്ങളില്‍ അവയ്ക്ക് ‘ലെന’ എന്നു പേര്. കലിംഗരാജാവായിരുന്ന ഖരവേലന്‍ പണിതവയാണ്.
മുന്നിലെ നടപ്പാതയില്‍ എന്തോ ഒരനക്കം. വല്ല കാട്ടുജീവിയുമാണോ! ഇഴജീവിയാണോ! ഒരു കുരങ്ങ്. വായയിലൊരു റൊട്ടിക്കഷണം. കുളപ്പടവില്‍ വന്നിരുന്ന് ആശാന് ശാപ്പാടുതുടങ്ങി. വെള്ളം മൊത്തിക്കുടിച്ച് വന്നവഴിയേ മടങ്ങുകയാണ്.
പരിരക്ഷയുടെ കരങ്ങള്‍ ശിരസ്സില്‍ തൊടുന്നോ! മനുഷ്യരുള്ള ദിക്കില്‍ നിന്നാണ് ഇവന്റെ വരവ്. എഴുന്നേറ്റ് അവനെ പിന്തുടര്ന്നു. കുറച്ചപ്പുറത്തെ ഒരു തിരിവിലെത്തി. രണ്ടു സായിപ്പന്മാരും ഒരു ഗൈഡും. സായിപ്പ് കുരങ്ങന് റൊട്ടിക്കഷണം എറിഞ്ഞുകൊടുത്തു. അവന് അതുമായി വീണ്ടും കുളക്കടവിലേക്ക്.
കുളത്തിലേക്കുള്ള വഴി ചൂണ്ടി ഗൈഡിന്റെ വിവരണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം കുടിക്കാനാണത്രേ രാജാവ് അവിടെ കുളം പണിതത്. വേനലിലും മഴയിലും ഒരേ നിരപ്പില്‍ വെള്ളമുണ്ടാവും. ഗൈഡിന്റെ വാചാലത. പരസ്പരം എന്തോ പിറുപിറുത്ത് സായപ്പന്മാര്‍ താഴേക്ക് നടന്നു. അനുഗമിച്ചിറങ്ങി.
താഴെയെത്തിയതോടെ ദിക്കുതിരിഞ്ഞു. നേരത്തെ കയറിവന്ന വഴിയിലൂടെ വെട്ടിക്കെട്ടിയ പുല്ക്കൂട തലയിലേറ്റി കുറേ സ്ത്രീകള്‍ ഇറങ്ങിവരുന്നു. മലമ്പണിക്കുപോകുന്ന നാട്ടുകാരുടെ വഴിയാണത്. സന്ദര്ശകവഴി അപ്പുറത്താണ്. സൂചകപ്പലകകളില് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്തുണ്ട്.
ഉദയഗിരിയുടെ പടികള്‍ കയറി. മുകളില്‍ വിശാലമായ മുറ്റം. ചരിവുകളില്‍ പടര്ന്നുപൂത്ത ബോഗണ്‍വില്ലകള്‍. ചെറുമരത്തണലില് ചാരുബെഞ്ചുകള്‍. തൊട്ടപ്പുറത്ത് ഖണ്ഡഗിരിയുടെ സമീപദൃശ്യം. ദൂരെ മനംനിറക്കുന്ന നഗരക്കാഴ്ച. നഗരത്തിന്റെ മറുഭാഗത്താണ് ധൗളിഗിരി.
മുറ്റത്തോടുചേര്ന്നു കാണുന്നത് ‘ഹാഥിഗുഭ’യാണ്. പ്രകൃതിദത്തമായ വലിയ ഗുഹ. പതിനാലാം നമ്പര്‍. ആനയുടെ കൊത്തുപണികള്‍. മുകള്‍ത്തട്ടില്‍ ചെരിഞ്ഞുനില്‍ക്കുന്ന പാറയ്ക്ക് താങ്ങിനായി തൂണുകളും ബീമുകളുമുള്ള ഒരു പോര്‍ച്ച്. അടുത്തകാലത്ത് പണിതതായിരിക്കും. ചെരിഞ്ഞു നില്ക്കുന്ന മേല്ച്ചുമരില് ഖരവേലന്റെ ശിലാലിഖിതങ്ങള്‍. ബ്രാഹ്മി ലിപിയില്‍. പതിനേഴ് വരികളുള്ള ഈ ലിഖിതം ജൈനമതത്തിന്റെ അടിസ്ഥാനമായ ‘നമോകാര്‍’ മന്ത്രത്തോടെ ആരംഭിക്കുന്നു. മുന്‍ഗാമിയായ മഹാമേഘവാഹകനെ സ്മരിച്ചുകൊണ്ട്.
ഖരവേലമഹാരാജാവിന്റെ ജീവിതവും കര്‍മ്മവും. അനന്തകാലത്തേക്കുള്ള പാരായണത്തിനായി കോറിയിട്ട വചനങ്ങള്‍. വന്നുകണ്ട് വെറുതെ വായിച്ചുപോകുന്നവര്‍. ഒന്നും മനസ്സിലാവാതെ കുറേ നേരം തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നവര്. കാചക്കണ്ണുമായി അക്ഷരങ്ങളും വരികളും കൊത്തിപ്പെറുക്കുന്ന ഗവേഷണപടുക്കള്‍. ഗൈഡ് വായിച്ചുവിവരിക്കുന്നതു വായുംപൊളിച്ച് കേട്ടുനില്ക്കുന്നവര്. തൃഷ്ണകള്‍ ശമിക്കാത്ത വായനകള്‍ക്കായി തുറന്നുവച്ച കല്ലുപുസ്തകം.
ചേതവംശജനായ ഖരവേലന്റെ പണ്ഡിത്യമേഖലകള് പലതായിരുന്നു. ധനശാസ്ത്രം, വേദാന്തം, നീതിശാസ്ത്രം. രാഷ്ട്രീകന്മാരെയും ഭോജകന്മാരെയും പരാജയപ്പെടുത്തി പശ്ചിമഭാരതം കീഴടക്കിയവന്. ഡക്കാനിലെ ശാതവാഹകന്മാരെ വകവയ്ക്കാത്തവന്‍. മൂഷികരാജാക്കന്മാരുടെ പേടിസ്വപ്നം. പുഷ്യമിത്രനെ പരാജയപ്പെടുത്തി അംഗദേശവും ഗയയും കൊള്ളയടിച്ചവന്‍. കലിംഗത്തില്നിന്നും മഗധയിലെ ഹനൂരാജാവ് തട്ടിക്കൊണ്ടുപോയ ജിനവിഗ്രഹം തിരികെപ്പിടിച്ചവന്.
ഖരവേലനെ ഭയന്ന പാണ്ഡ്യരാജാവ് സമ്മാനങ്ങള്‍ അയച്ച് പ്രീതിപ്പെടുത്തിയിരുന്നത്രേ. രാജസൂയം നടത്തി ഗോരദഗിരി ചുട്ടെരിച്ച ഖരവേലനെ പേടിച്ച് ഗ്രീക്കുരാജാവായ ഡിമിടിയസ് മഥുരയിലേക്ക് പലായനം ചെയ്തത് ചരിത്രം. അധികാരത്തിലേറി ആദ്യവര്‍ഷം കൊടുങ്കാറ്റില്ത്തകര്ന്ന നഗരകവാടവും കെട്ടിടങ്ങളും ഉദ്യാനങ്ങളും പുനര്‍നിര്‍മ്മിച്ചു. കുടിവള്ളത്തിനും ജലസേചനത്തിനും നദിയില്‍നിന്ന് നഗരത്തിലേക്ക് തോടുപണിതു. അനാവശ്യമായ നികുതികള്‍ ഉപേക്ഷിച്ച ജനാധിപത്യഭരണം. ബി.സി 176 മുതല്‍ 13 വര്‍ഷം.
പ്രജാതല്‍പ്പരന്‍. ധര്‍മ്മരാജാവ്. അതുല്യപരാക്രമി. ഭിക്ഷുസംരക്ഷകന്. സഹ്രസാബ്ദങ്ങളിലൂടെ പരക്കുകയാണ് ഖരവേലകീര്ത്തി. ഹാത്തിഗുംഭയുടെ വശങ്ങളിലും മുകളിലുമായി ചെറിയ ഒറ്റമുറികളുള്ള നിരവധി കൊച്ചുഗുഹകള്. യോദ്ധാക്കള്‍ക്കുള്ള പരിസരനിരീക്ഷണത്തിനോ സംന്യാസിമാര്‍ക്ക് ഒറ്റക്കിരുന്ന് ധ്യാനിക്കാനോ ആയിരിക്കാം.
വലതുവശത്തെ പടവുകള്‍ കയറിച്ചെന്നെത്തിയത് ‘റാണിഗുംഭ’യ്ക്ക് മുന്നില്‍. റാണിയുടെ ഗുഹ. നമ്പര്‍ ഒന്നാണ്. പാറതുരന്ന് നിര്‍മ്മിച്ച സൗകര്യപ്രദമായ ഇരുനിലകളുള്ള കൊട്ടാരഗുഹ. അന്നത്തെ ഫൈവ്സ്റ്റാര്‍. ദൂരെനിന്നു നോക്കിയാല്‍ സ്കൂള്കെട്ടിടമെന്നു തോന്നും. താഴത്തെനിലയില്‍ നേര്നിരയില് ആറേഴു മുറികള്‍. ഇരുവശങ്ങളിലും മൂന്ന് വീതം. മുറികളുടെ കവാടത്തിനു ചുറ്റും കമനീയ കൊത്തുവേലകള്‍.
മുകളിലത്തെ നിലയില്‍ തുറന്ന കോറിഡോര്പോലെ പതിനാല് തൂണുകളുള്ള വരാന്ത. നടുനിരയുടെ മുകള്‍ഭാഗത്ത് രാജാവിന്റെ വിജയയാത്രയുടെ നിമ്നോന്നതപടങ്ങള്-റിലീഫുകള്‍. കവാടങ്ങളില്‍ ദ്വാരപാലകര്‍. ചതുരത്തൂണുകളില് ജൈനശില്പ്പങ്ങളും രാജകീയരംഗങ്ങളും. ശില്‍പ്പാലംകൃതമായ കമാനങ്ങള്‍.
നടുനിരയെ ഇരുവശങ്ങളുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങള്‍, ഫലസമൃദ്ധമായ മരങ്ങള്‍, മനുഷ്യരൂപങ്ങള്‍, വാദ്യവാദനം ചെയ്യുന്ന സ്ത്രീകള്‍ എന്നീ റിലീഫുകളാണ്. വലതുകോണിലെ തൂണുകളില്‍ യവനയോദ്ധാക്കളുടെ കൊത്തുപണി.
കോറിഡോര്ചുമരിന്റെ മുകള്‍ഭാഗത്ത് നിരയായി പലവിധ ശില്‍പ്പങ്ങളുടെ പാനലുകള്‍. അശോകനെ പ്രതിരോധിക്കാനുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്ന കലിംഗസ്ത്രീകളും കുട്ടികളും. ശ്രീരാമന്റെ കാനനവാസം. മൃതസഞ്ജീവനിയുമായി മാരുതി. നൃത്തരംഗങ്ങള്‍. ഉള്ളില്‍ കയറിനോക്കി. ഇടച്ചുമരില്ലാത്ത വീതികുറഞ്ഞ ഒറ്റഹാള്. എയര്‍ക്കണ്ടീഷന്‍ പോലെ. സുഖശീതളം.
റാണിഗുംഭയുടെ മട്ടുപ്പാവ് കുന്നിന്റെ മുകള്ത്തട്ടാണ്. പരന്ന പ്രതലം. ഏതോ നിര്‍മിതിക്കായുള്ള തറയൊരുക്കത്തിന്റെ അവശിഷ്ടങ്ങള്‍. കയറിനിന്ന് നോക്കിയാല്‍ വിദൂരക്കാഴ്ചയില്‍ ഭുവനേശ്വര്നഗരത്തിന്റെ വശ്യത.റാണിഗുംഭയുടെ വലതുവശത്ത് ‘ബജഘരഗുംഭ’. ജൈനസംന്യാസിമാര്ക്കുളള അതിഥിമുറികള്‍. ശിലാശയ്യയും കല്ത്തലയിണയും. സമചതുരസ്തംഭങ്ങളില് കൊത്തുപണികളൊന്നുമില്ല.
ഇരട്ടനിലയുള്ള ‘അളകാപുരിഗുംഭ’യില്‍ ഇരയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന സിംഹത്തിന്റെ റിലീഫ്. തൂണുകളില്‍ ചിറകുള്ള ദേവതകള്‍. ജയവിജയഗുഹയും ഇരട്ടനിലയാണ്. വൃക്ഷാരാധനയുടെ റിലീഫ്. വലിയ കമ്മലുകള്‍ ധരിച്ച് അലങ്കരിച്ച മുടിയുള്ള സുന്ദരിയുടെ പ്രതിമ.
പനാസഗുംഭ, പടലപുരിഗുംഭ എന്നിവ കടന്ന് മന്കപുരി-സ്വര്ഗപുരി എന്നീ ഇരട്ടഗുഹകളിലെത്തി. ഖരവേലന്‍ വീണ്ടെടുത്ത ജിനവിഗ്രഹത്തെ ആരാധിക്കുന്ന സ്ത്രീപുരുഷ പ്രതിമകള്‍. മൂന്ന് ശിലാലിഖിതങ്ങള്‍ ഇതിലുണ്ട്. ഒന്ന് ഖരവേലന്റെ രാജ്ഞിയെക്കുറിച്ച്. മറ്റ് രണ്ടിലും പിന്‍ഗാമികളായ കുദേപസിരി, ബദുഖ എന്നിവരെക്കുറിച്ച്.
ഹാത്തിഗുംഭയും റാണിഗുംഭയും കഴിഞ്ഞാല്‍ പ്രധാനമായത് പത്താംനമ്പര്‍ ‘ഗണേശഗുംഭ’. ഹിന്ദു-ജൈനവിശ്വാസങ്ങളുടെ സമന്വയമാണീ ഗുഹ. ഉള്‍ച്ചുമരില്‍ ഒരറ്റത്ത് ഗണേശവിഗ്രഹം. മറ്റേയറ്റത്ത് ജിനവിഗ്രഹം. രണ്ടും റിലീഫ്ശില്പ്പങ്ങള്. പ്രധാനകവാടത്തിനിരുപുറവും തുമ്പിക്കൈയില്‍ പുഷ്പഹാരവുമായി ആനപ്രതിമകള്.
തൂണുകളുടെ മുകളില്‍ ഹനുമാന് പ്രതിമയും നന്ദിവിഗ്രഹവും. ചുമരില്‍ വസന്തകന്റെ സഹായത്തോടെ കൗസംബിരാജാവായ ഉദയനനോടൊപ്പം ഒളിച്ചോടിയ ഉജ്ജയിനിരാജകുമാരി വാസവദത്തയുടെ കഥാശില്പ്പം. ജംബേശ്വരഗുംഭ, വ്യാഗ്രഗുംഭ, സര്പ്പഗുംഭ, ധനഗരഗുംഭ, ഹരിദാസഗുംഭ, ജഗന്നാഥഗുംഭ, റസുയിഗുംഭ ഓരോന്നായി കണ്ടിറങ്ങി.
അജന്ത-എല്ലോറ ഗുഹകളുടെ പ്രൗഢിയും ഗാംഭീര്യവും സൗന്ദര്യവും ഇവയ്ക്കില്ല. വാസ്തുവിദ്യയിലും സ്ഥലോപയോഗത്തിലും അതിനു സമാനമാണ് ഈ പ്രാചീനഗുഹകള്‍. താഴെനിന്ന് നോക്കിയാല്‍ കാണാത്തവിധം കുന്നിന്റെ മറുചരിവിലാണ് ഇവ പണിതിരിക്കുന്നത്.
പാറകളിലും ഇടയ്ക്കുള്ള മരങ്ങളിലും നിറയെ കുരങ്ങന്മാരാണ്. കൂടെ കളിക്കാന്‍ വരും. ഗൈഡുകളെപ്പോലെ മുന്നില്‍ നടന്ന് വഴികാട്ടും. എന്തെങ്കിലും തിന്നാന്‍ കിട്ടണം. ഒന്നും കൊടുത്തില്ലെങ്കില്‍ പിണങ്ങിപ്പോകും. ഉദയഗിരിയിറങ്ങി. ഇനി ഖണ്ഡഗിരിക്കയറ്റം. നൂറിലേറെ പടികള്‍. കയറിപ്പോകുന്ന വഴികള്‍ക്കിരുവശവും തലങ്ങും വിലങ്ങമായി ഗുഹകള്‍.
തത്തകളുടെ കൊത്തുപണിയുള്ള ടാറ്റോവഗുംഭ. അനന്തഗുംഭ. ഒമ്പത് ജൈനതീര്ഥങ്കരവിഗ്രഹങ്ങളുള്ള നവമുനിഗുംഭ. ഇരുനിലകളുള്ള ഖണ്ഡഗിരിഗുംഭ. ധ്യാനഗുംഭ. പന്ത്രണ്ട് കൈകളുള്ള ചക്രേശ്വരിദേവിയുടെ ബാരഭുജിഗുംഭ. ഇരുപത്തിനാല് ജൈനതീര്ഥങ്കരരും രൗദ്രഭാവത്തിലുള്ള ഋഷഭദേവന്റെ മൂന്ന് പ്രതിമകളുമടങ്ങിയ ത്രിശൂലഗുംഭ. അംബികാഗുംഭ. ലളിതിന്ദു കോസരിഗുംഭ. കണ്ടുകണ്ട് കയറിക്കയറി മുകളിലെത്തി.
ഉദയഗിരിയേക്കാള് ഉയരത്തില്‍.
നവീനമായ ഒരു ജൈനക്ഷേത്രം. ദിഗംബരജൈനക്ഷേത്രം. വിമാനവും ജഗന്മോഹനമണ്ഡപവും ഉള്‍ച്ചേര്‍ന്ന ക്ഷേത്രസമുച്ചയം. മണല്‍ക്കല്ലുകൊണ്ടുള്ള നിര്‍മ്മാണം. കൊത്തുപണികളില്ലാത്ത ചുമരുകള്‍. പ്രാചീനക്ഷേത്രം നവീകരിച്ചതാവാം. പ്രാസാദത്തിനുള്ളില് കടന്ന് തീര്ഥങ്കരനെ വണങ്ങി. മണിനാദം നിവേദിച്ചു. കൃഷ്ണവര്‍ണത്തില്‍ ദിഗംബരരൂപിയായ തീര്‍ഥങ്കരന്റെ ചുണ്ടിലെ മന്ദഹാസം പ്രസാദമായി സ്വീകരിച്ചു.
പുറത്തേക്കിറങ്ങിപ്പോള് ഉച്ചവെയില്‍ ചാഞ്ഞിരുന്നു. വശത്തുമാറി പടര്‍ന്നുപന്തലിച്ച വലിയമാവ്. തണലില്‍ പോയിരുന്നു. നടന്നുകയറിയ ക്ഷീണം. ചുറ്റിത്തിരിഞ്ഞ പരവേശം. വിശപ്പും ദാഹവും. കുപ്പിവെള്ളം എപ്പോഴേ തീര്‍ന്നു. തോള്‍സഞ്ചിയിലെ ബിസ്ക്കറ്റെടുത്തു വായിലിട്ടു. മാവിനു മുകളില്‍ അമ്മാനമാടുന്ന കുരങ്ങുകള്‍. ബിസ്ക്കറ്റ് എറിഞ്ഞുകൊടുത്തു.
അതാ വരുന്നൂ. കൊമ്പുകള്‍ കുലുക്കി ചാടിത്തിരിഞ്ഞ് എല്ലാം താഴേക്ക്. മാമ്പഴങ്ങള്‍ തുരുതുരാ വീഴുന്നു. കപിവരര്‍ നിലത്തിറങ്ങി കുട്ടക്കരണം മറിയുകയാണ്. ബിസ്ക്കറ്റ് പാക്കറ്റ് ഒരാള്‍ പിടിച്ചുകൊണ്ടുപോയി. പൂര്‍വജന്മത്തിലെ കളിക്കൂട്ടുകാരനായിരിക്കും. ബിസ്ക്കറ്റുകള്‍ തട്ടിപ്പറിച്ചും മാങ്ങകള്‍ എടുത്തെറിഞ്ഞും അവര്‍ കേളിയാടുകയാണ്.
ഗതകാലനേരുകള് തേടി നഗരികളും ജനപഥങ്ങളും പിന്നിട്ട് നൂറ്റാണ്ടുകളായി വിരുന്നുവരുന്ന യാത്രികരെ സ്വീകരിക്കുന്നത് ഇവരാണ്. ഏതോ നിയോഗത്താല്‍ ഗുഹകളുടെ കാവല്‍ക്കാരായി ഉദയഗിരിയുടെ പുണ്യത്തില്നിന്ന് പിറവികൊണ്ടവര്‍. ജന്മങ്ങളില്‍നിന്ന് ജന്മങ്ങളിലേക്ക് ചാടിമറിഞ്ഞ് ഊയലാടുന്നവര്‍. തീര്‍ഥങ്കരരുടെ പ്രസാദവും സംന്യാസിമാരുടെ നൈവേദ്യവും രാജകിങ്കരന്മാരുടെ ഉച്ഛിഷ്ടവും സഞ്ചാരികളുടെ തീറ്റപ്പണ്ടങ്ങളും ഭുജിച്ച് വിശപ്പടക്കുന്നവര്‍. മാവിനു കീഴെ ചിതറി വീണുകിടക്കുന്ന മാങ്ങകള്‍. തുടുത്തുപഴുത്തവ. വാനരപ്പന്തിയില് ഒപ്പമിരുന്ന് മാമ്പഴസദ്യയുണ്ടു. നീരുനിറഞ്ഞ തേന്‍കനി. വയറും മനസ്സും നിറഞ്ഞു. വിശപ്പും ദാഹവും മാറി.
ഇത്തിരിനേരം ആ തണലില്‍ വിശ്രമിച്ചു. മരക്കൊമ്പിലും താഴെയും മര്ക്കടകേളി തുടരുകയാണ്. കുമാരഗിരിയിലെ ആതിഥേയര്‍. ഇരട്ടക്കുട്ടികളെപ്പോലെ മുഖാമുഖം നോക്കി പുഞ്ചിരിക്കൊള്ളുന്ന ഉദയഗിരിയും ഖണ്ഡഗിരിയും. പടികളിറങ്ങവേ തണുത്തകാറ്റ് വീശിയടിക്കുന്നു. ദൂരെ നഗരക്കാഴ്ചയില്‍ മഴയുടെ മൂടുപടം.
എം.ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: