ഷാനവാസ് ഹുസൈന് ബീഹാറിലേക്കെത്തുകയാണ്. കേന്ദ്രരാഷ്ട്രീയത്തില്‍ നിന്നും ഒരു സംസ്ഥാനത്തിലേക്ക് ഷാനവാസ് ഹുസൈനെ പറഞ്ഞയക്കുന്നതിന് പിന്നില്‍ മോദിയുടെ കണക്കുകൂട്ടലുകള്‍ എന്തൊക്കെയാണ്?
ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ചപ്പോഴാണ് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഷാനവാസ് ഹുസൈനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയുടെ മുസ്ലിം മുഖമായാണ് ഷാനവാസ് ഹുസൈന് അറിയപ്പെട്ടത്. വലിയൊരു ദൗത്യവും തോളിലേന്തി ഷാനവാസ് ബീഹാറില്‍ എത്തുകയാണ്.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് എത്തുംമുമ്പാണ് ഷാനവാസ് ഹുസൈന് മന്ത്രിയാകുന്നത്. ഇത് ബംഗാളിലുള്ള മുസ്ലിംവോട്ടര്മാര്ക്കും ശുഭകരമായ വാര്‍ത്തയാണ്. നല്ലൊരു ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള സംസ്ഥാനമാണ് ബംഗാള്‍. തൊട്ടടുത്ത സംസ്ഥാനമായ ബീഹാറില്‍ മുസ്ലിംസമൂദായക്കാരനായ ഷാനവാസ് ഹുസൈന് മന്ത്രിസ്ഥാനം കൊടുത്തത് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നല്‍കും.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു ഷാനവാസ് ഹുസൈന്. എന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാഗല്പൂര് മണ്ഡലത്തില്‍ നിന്നും ഷാനവാസ് ഹുസൈന് പരാജയപ്പെട്ടു. പിന്നീട് 2019ല്‍ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഷാനവാസുണ്ടായില്ല. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി ബാഗല്പൂര് മണ്ഡലം നിതീഷിന്റെ ജെഡിയുവിന് നല്കേണ്ടിവന്നതായിരുന്നു കാരണം. പകരം ബിജെപിയുടെ ദേശീയ വക്താവായി .
രണ്ടാഴ്ച മുമ്പ് ബീഹാറില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വൈകാതെ മന്ത്രിയാവുകയും ചെയ്തു.
ബംഗാളുമായി അതിര്‍ത്തിപങ്കിടുന്ന ബീഹാറിലെ സീമാഞ്ചല്‍ മേഖല മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. ഇവിടെ അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. ഇവിടെ 17 ശതമാനം മുസ്ലിംവോട്ടുകളാണ്. കിഷന്‍ഗഞ്ജ്, കതിഹാര്‍, പൂര്‍ണിയ, അരാരിയ ഉള്‍പ്പെട്ട 20 മണ്ഡലങ്ങളില്‍ മുസ്ലിങ്ങള്‍ പ്രധാന ശക്തിയാണ്. ബീഹാറില്‍ ഷാനവാസ് ഹുസൈന് മന്ത്രിയാകുന്നതോടെ മുസ്ലിം വോട്ടര്‍മാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
ഷാനവാസ് ഹുസൈന് ബിജെപിയെ സംബന്ധിച്ചിടത്തോളും ഏറ്റവും അനുയോജ്യമായ മുഖമാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. സുശീല്‍കുമാര്‍ മോദി, നന്ദ് കിഷോര്‍ യാദവ്, പ്രേംകുമാര്‍ എന്നീ പ്രായംകൂടിയ പരിചയസമ്പന്നരെ ഒഴിവാക്കി കുറെക്കൂടി യുവത്വമാര്‍ന്ന മുഖം ബീഹാറിലെ ബിജെപി നല്‍കാനും ഷാനവാസ് ഹുസൈന്റെ ബീഹാറിലേക്കുള്ള വരവ് സഹായിക്കും. ഇതില്‍ സുശീല്‍ കുമാര്‍ മോദിയെ രാജ്യസഭയിലേക്കയച്ചുകഴിഞ്ഞു. നിതീഷുമായുള്ള സമവാക്യം പുതുക്കിപ്പണിയാന്‍ ബിജെപി കണ്ടെത്തിയ മുഖമാണ് ഷാനവാസ് ഹുസൈന്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 74 സീറ്റുനേടി. എങ്കിലും 31 സീറ്റുകള്‍ കുറവ് നേടിയ നിതീഷ്കുമാറിന്റെ പാര്‍ട്ടിക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: