തിരുവനന്തപുരം : പി. എസ്. സി. ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ച തനിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും അനര്‍ഹമായി ഞാന്‍ യാതൊരു വിധത്തിലുമുള്ള ആനുകുല്യങ്ങളും നേടിയിട്ടുമില്ലെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പകപേക്കലിന്റെ ഭാഗമായി അധിമായി പെന്ഷന് ആനുകൂല്യം കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭായോഗ യോഗതീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണ്. നിരന്തരമായ നീതി നിഷേധത്തിന്റെയും ഭയാരഹിതമായ വേട്ടയാടലിന്റെയും അവസാനം 2013 മെയ് 29 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെന്ഷന് ഉള്‍പ്പെടെയുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിച്ചത്. അത് ആരുടേയും ഔദാര്യമായിരുന്നില്ല. കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിക്കവേ 2008 ഡിസംബര്‍ 9ന് സ്വയം വിരമിക്കുനത്തിനു വേണ്ടി ഞാന്‍ അപേക്ഷ നല്കി. സ്വയം വിരമിക്കല്‍ ജീവനക്കാരന്റെ അവകാശമാണെങ്കിലും, അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സ്വയം വിരമിക്കാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും ബഹു. ഹൈക്കോടതി 2010 ഒക്ടോബര്‍ 10ന് ഉത്തരവായി.എന്നിട്ടും വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ല, ഇതിനെതിരെ സി ഒ (സി)/84/2011 ആയി കോടതിയലക്ഷ്യ ഹര്‍ജി നല്കി. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ജി ഒ (എം എസ്) നമ്പര്‍ 25/2013/31/1/13 ഉത്തരവ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഈ ഉത്തരവ് രേഖപ്പെടുത്തിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.
ശമ്പളമോ മാറ്റാനുകൂല്യങ്ങളോ ഇല്ലാതെ 2008 ഡിസംബര്‍ 9 മുതല്‍ പിഎസ് സി ചെയര്‍മാനായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെയുള്ള കാലയളവ് നീട്ടിത്തരികയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പി എസ് സി ചെയര്‍മാനായി പ്രവേശിച്ചതായി കണക്കാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 2016 ഒക്ടോബര്‍ 30ന് പി എസ് സി ചെയര്മാന് സ്ഥാനത്ത് നിന്നും വിരമിച്ചപ്പോള്‍ നേരത്തെ ലഭിക്കേണ്ടിയിരുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്കാന് കോടതി ഉത്തരവായത്. എന്റെ ചോരയ്ക്ക് വേണ്ടി ദാഹിച്ചവര്‍ എന്റെ സ്നേഹിതരും അന്നത്തെ മന്ത്രിമാരുമായ എം എ ബേബിയും തോമസ് ഐസക്കും തന്നെയാണ്. അവര്‍ രണ്ടു പേരും ചേര്‍ന്നാണ് എന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ അന്ന് നിഷേധിച്ചത്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ ചില ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും ഇടതുപക്ഷം എന്നെ വേട്ടയാടുന്നു. പകയും ചതിയും കൊലയും അവരുടെ പ്രത്യയ ശാസ്ത്രത്തില്‍ തന്നെ അന്തര്ലീനമായതു കൊണ്ട് ഇതിലപ്പുറം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: