ഇടുക്കി: രണ്ടാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ വീണ്ടും ശൈത്യകാലമെത്തി. വ്യാഴാഴ്ച മൂന്നാറിന് സമീപമുള്ള ലക്ഷ്മിയില്‍ താപനില മൈനസ് രണ്ടിലെത്തി. സൈലന്റ്വാലി, ചെണ്ടുവര, മൂന്നാര്‍ ഉപാസി എന്നിവിടങ്ങളില്‍ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയപ്പോള്‍ സെവന്‍മല, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയായിരുന്നു. രണ്ട് മാസത്തിനിടെ ഇതു മൂന്നാമത്തെ തവണയാണ് മൂന്നാറില്‍ ശൈത്യകാലമെത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് താപനില ആദ്യം മൈനസിലെത്തിയത്.
പിന്നീട് കനത്ത മഴ വന്നതോടെ മാറിനിന്ന ശൈത്യകാലം മൂന്നാഴ്ചയ്ക്ക് ശേഷം ജനുവരി അവസാനവാരം തിരികയെത്തി. ജനുവരി ഇരുപത്തെട്ടോടെ ഉയര്‍ന്ന് തുടങ്ങിയ താപനില പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് വീണ്ടും മൈനസിലെത്തിയത്. അര പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഫെബ്രുവരിയില്‍ ഇത്തരത്തില്‍ തണുപ്പ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ കാലാവസ്ഥാ കലണ്ടറിലുണ്ടായ മാറ്റത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ ലഭിച്ചിരുന്ന മഴയും തണുപ്പും ചൂടുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: