ചെന്നൈ: ചെപ്പോക്കിലേക്ക് കാണികള്‍ എത്തുകയാണ്. ഇന്ത്യയുടെ പ്രതികാരം കാണാന്‍. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ പകവീട്ടലിന് തയ്യാറെടുക്കുകയാണ്. നാലു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ചെപ്പോക്കില്‍ ആരംഭിക്കും. ഇരുപത്തയ്യായിരം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാസ്ക് നിര്‍ബന്ധമാണ്. പ്രവേശന കവാടങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കും. സാനിറ്റയ്സിങ്ങിനും സൗകര്യമുണ്ടാകും. ഒന്നിടവിട്ട ഇരിപ്പിടങ്ങളിലാണ് കാണികളെ ഇരുത്തുക. സ്റ്റേഡിയത്തില്‍ മെഡിക്കല്‍ റൂം ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനം ഉണ്ടാകും.
ആരാധകര്‍ എത്തുന്നത് ഇന്ത്യന്‍ ടീമിന് പ്രചോദനമാകും. ആദ്യ ടെസ്റ്റില്‍ മിന്നിത്തിളങ്ങി ഇംഗ്ലീഷ് നായകന് ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തുച്ചതുപോലെ വിരാട് കോഹ്ലി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്ന് കരുതാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പാക്കുന്നതിന് ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കണം.
ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒറ്റതോല്വികൊണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രണ്ടാം ടെസ്റ്റില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്ന് കോഹ്ലി ആണയിടുമ്പോഴും നായകന് സമ്മര്‍ദ്ദത്തിലാണ്. കാരണം കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിച്ച അവസാന നാലു ടെസ്റ്റും തോറ്റു.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ കളിച്ച രണ്ട് ടെസ്റ്റിലും ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ തോറ്റു. ചെപ്പോക്കില്‍ ഇംഗ്ലണ്ടിനോടും തകര്‍ന്നടിഞ്ഞതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയായി.
ആദ്യ ടെസ്റ്റ്് കളിച്ച ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. സ്പിന്നര്‍ ഷഹ്ബാസ് നദീമിനെയും വാഷിങ്ടണ്‍ സുന്ദറിനെയും ഒഴിവാക്കിയേക്കും. ഇംഗ്ലണ്ടും ടീമില്‍ മാറ്റങ്ങള്‍ വരുത്തും.
ജോസ് ബട്ലര്ക്ക് പകരം ബെന്‍ ഫോക്സ് വിക്കറ്റ് കീപ്പറാകും. ആദ്യ ടെസ്റ്റില്‍ റിവേഴ്സ് സ്വിങ്ങിലൂടെ ഇന്ത്യയെ തകര്‍ത്ത് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിനെയും മാറ്റിയേക്കും. പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: