ആലപ്പുഴ: ബൈപ്പാസിലൂടെ വാഹനത്തില്‍ ബീച്ചിലെ മേല്‍പ്പാലത്തില്‍ (എലിവേറ്റഡ് ഹൈവേ) വാഹനം നിര്‍ത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18പേര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇവരില്‍ നിന്ന് 4,500രൂപ പിഴ ഇടാക്കി. മേല്‍പ്പാലത്തില്‍ കുരുക്കുണ്ടാക്കുന്നവര് പിഴയടയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലംഘിച്ച് വാഹനം നിര്‍ത്തി ഫോട്ടോ എടുക്കുന്നതിനിടെയാണ് പിടിയിലായത്.
വേഗത്തിന് കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ ബൈപ്പാസ് ചോരക്കളമാകുമെന്ന് വ്യാപക പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്നാണ് നോര്‍ത്ത്, സൗത്ത്, പോലീസിന്റെയും ട്രാഫിക് പോലീസിന്റെയും പ്രത്യേക സ്ക്വാഡുകളും മോട്ടോര്‍ വാഹന വകുപ്പിന്റെ ടൗണ്‍ സ്പെഷ്യല്‍ സ്ക്വാഡും പരിശോധന നടത്താന്‍ തീരുമാനിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സ്ക്വാഡിന്റെ പരിശോധനയും പാലത്തില്‍ പട്രോളിങും ശക്തമാക്കി. കൂട്ടത്തോടെ അനധികൃതമായി പാര്‍ക്ക് ചെയ്ത ഭാഗത്ത് പരിശോധനാ സംഘം എത്തുമ്പോള്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് പിടിയിലാകുന്നത്.
മറ്റുള്ളവര്‍ രക്ഷപെടുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ പോലീസിന്റെയും പരിശോധന ശക്തമാക്കും. അനധികൃതമായി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്ത വാഹനം കണ്ടെത്തുവാനും കെണിയിലാക്കുവാനുമായി മോട്ടോര്‍ വാഹന വകുപ്പ് പാലത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ആര്‍ടിഒ പി.ആര്.സുമേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: