കോട്ടയം: ആധുനിക ഭാരതം കണ്ട ഋഷിവര്യന് ആയിരുന്നു പി. പരമേശ്വരന്. അദ്ദേഹം ഒരിക്കലും നേതാവായിരുന്നില്ല. അതിനുമപ്പുറത്ത് ആചാര്യ സ്ഥാനത്തുനിന്ന് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു എന്ന് ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ആര്. രാജീവ് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം കോട്ടയം സ്ഥാനീയ സമിതി സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇന്ദിരാഗാന്ധിയുടെ ആദര്‍ശത്തിന് മേല്‍ക്കൈ ലഭിച്ചത് കേരളം ദേശീയ വീക്ഷണത്തില്‍ നിന്ന് മാറി ചിന്തിക്കുന്നതിന്റെ ലക്ഷണമാണെന്ന് അന്നേ പരമേശ്വര്‍ജിക്ക് തിരിച്ചറിവ് ഉണ്ടായിരുന്നു എന്നു കരുതണം. കമ്മ്യൂണിസ്റ്റ് ഫാസിസത്തെ അതിന്റെ മടയില്‍ ചെന്ന് തകര്‍ക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടി തന്നെയാണ് ഇഎംഎസ് അടക്കമുള്ളവരോട് അദ്ദേഹം ആരോഗ്യകരമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടത്.
കേരളത്തില്‍ ഭഗവദ്ഗീത ഇത്രയേറെ ജനകീയമാക്കിയത് സ്വാമി ചിന്മയാനന്ദന് കഴിഞ്ഞാല്‍ പരമേശ്വര്‍ജി ആയിരിക്കും. ബൗദ്ധിക മേഖല മാത്രമായിരുന്നില്ല പരമേശ്വര്‍ജിയുടെ ശ്രദ്ധ ചെന്നെത്തിയത്. ജനകീയ പ്രക്ഷോഭങ്ങളിലും അദ്ദേഹത്തിന് കൃത്യമായ പ്രവര്‍ത്തന പദ്ധതി ഉണ്ടായിരുന്നു. നിലക്കല്‍ പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ യഥാര്‍ത്ഥത്തില്‍ പരമേശ്വര്‍ജി ആണെന്ന് കുമ്മനം രാജശേഖരന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ വിഭാവനം ചെയ്ത എല്ലാ ആശയങ്ങളും കാര്യപരിപാടികളും വന്‍ വിജയത്തില്‍ എത്തിച്ച ചരിത്രമേ പരമേശ്വര്ജിക്കുള്ളൂ വെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. എം.വി. വിജയകുമാര്‍ അദ്ധ്യക്ഷനായി. ജയ്ദിനേഷ്, ആര്. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: