മെല്‍ബണ്‍: ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിടുന്ന അമേരിക്കയുടെ സെറിന വില്യംസ് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്, ഡൊമിനിക് തീം എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം ബിയന്‍ക അന്ദ്രെസ്ക്യൂവും സ്റ്റാന്‍ വാവ്റിങ്കയും പുറത്തായി.
മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ നീന സ്റ്റോജാനോവിക്കിനെ അനായാസം മറികടന്നു. സ്കോര്‍: 6-3, 6-0. ഇത് പത്തൊമ്പതാം തവണയാണ് സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടക്കുന്നത്.
സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ ശക്തമായ പോരാട്ടത്തില്‍ ഫ്രാന്‍സെസ് തിയോഫോയെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-7,7-6, 6-3. യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡൊമിനിക് തീം ,ഡൊമിനിക് കോഫറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-4,6-0,6-2.
മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ സ്റ്റാന്‍ വാവ്റിങ്കയെ ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുസ്കോവിക്സ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു. സ്കോര്‍ 7-5,6-1,4-6,2-6,7-6.
കാനഡയുടെ എട്ടാം സീഡായ ബിയന്കയെ തായ്വാന്റെ ഹീഷ് സു വി നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-2. രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്ര കിറ്റോവയും രണ്ടാം റൗണ്ടില്‍ പുറത്തായി. റുമാനിയുടെ സോറാണ സിര്സ്റ്റീ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-4, 1-6, 6-1. ഏഴാം സീഡ് സബലങ്ക റഷ്യയുടെ ഡാറിയയെ കീഴടക്കി. സ്കോര്‍: 7-6, 6-3.
ജപ്പാന്റെ നവോമി ഒസാക്കയും മൂന്നാം റൗണ്ടില്‍ കടന്നു. മൂന്നാം സീഡായ നവോമി ഫ്രഞ്ച് താരം കരോളിന ഗാര്‍ഷ്യയെ അനായാസം കീഴടക്കി. സ്കോര്‍: 6-2, 6-3.
ബൊപ്പണ്ണ പുറത്ത്
ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ബെന്‍ മക്ലാച്ച്ലാനും ചേര്‍ന്ന സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ കൊറിയയുടെ ജി സങ് നാം- മിന് സോങ് ടീമിനോട് പൊരുതിത്തോറ്റു. സ്കോര്‍: 4-6, 6-7. മത്സരം ഒരു മണിക്കൂര്‍ പതിനേഴ് മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: