കെ. സുരേന്ദ്രന്‍
രാജ്യം ഇന്ന് ദീനദയാല്‍ ഉപാദ്ധ്യായയുടെ സ്മൃതിദിനം ആചരിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള 1967ലെ ജനസംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തില്‍ വച്ച് ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 43 ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തിന്റെ പിറകിലെ ദുരൂഹത ഇപ്പോഴും പുറത്തുവന്നിട്ടില്ല. ലഖ്‌നൗവില്‍ നിന്ന് പട്‌നയിലേക്കുള്ള യാത്രയ്‌ക്കിടെ മുഗള്‍സരായ് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ട് അഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും അദ്ദേഹം രാജ്യത്തിന് മുമ്പില്‍ അവതരിപ്പിച്ച ദര്‍ശനം കൂടുതല്‍ പ്രസക്തമായിരിക്കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ അപ്രസക്തമാണെന്ന് സിപിഎം സൈദ്ധാന്തികന്‍ എം.വി. ഗോവിന്ദനുപോലും ഇന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. എന്നാല്‍ അത് അപ്രസക്തമാണെന്ന് ദീന്‍ദയാല്‍ജി വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം കാലഹരണപ്പെട്ടതാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ അത് നടപ്പിലാകുമെന്ന് വിചാരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗ്ഗത്തിലാണെന്നും ദീനദയാല്‍ജി പറഞ്ഞു.
1951 ല്‍ ജനസംഘം രൂപീകരിച്ചതു മുതല്‍ അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഒരു രാഷ്‌ട്രീയ നേതാവ് മാത്രമല്ല ധിഷണാശാലിയായ രാഷ്‌ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. മികവുറ്റ സംഘാടകനായിരുന്ന അദ്ദേഹം തികച്ചും ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ജനസംഘം സ്ഥാപകനായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ദീനദയാലിന്റെ കഴിവും സമര്‍പ്പണ ജീവിതവും എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ‘രണ്ടു ദീനദയാല്‍മാരെ കിട്ടിയാല്‍ ദേശീയ രാഷ്‌ട്രീയത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ തനിക്ക് കഴിയുമായിരുന്നു’വെന്നാണ് മുഖര്‍ജി പറഞ്ഞത്.
മുഴുവന്‍സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നുവെങ്കിലും രാഷ്‌ട്രീയമാറ്റം കൊണ്ടുമാത്രം സമഗ്രപരിവര്‍ത്തനം വരുത്താന്‍ കഴിയില്ല എന്നദ്ദേഹം വിശ്വസിച്ചു. അതിന് സമൂഹത്തിലെ വിവിധ മേഖലകളിലും സമഗ്രമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം കരുതി. അതെല്ലാം അധികാര കേന്ദ്രീകൃതവുമാകരുതെന്നദ്ദേഹം നിര്‍ബന്ധം പിടിച്ചു. നാമെല്ലാം ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനാണ് പ്രാധാന്യംനല്‍കാറുള്ളത്. എന്നാല്‍ ന്യൂനപക്ഷത്തിന്റെ ക്രിയാത്മക അഭിപ്രായത്തെയും മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സ് ഭരണാധികാരികള്‍ നാസികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു. അത് ഫ്രാന്‍സിലെ ജനതയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഫ്രാന്‍സിലെ ഒരു ആര്‍മി ഓഫീസറായി ഡിഗോളെയ്‌ക്ക് ഇതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ബ്രിട്ടനിലേക്ക് പോയി. അവിടെ പ്രവാസി ഫ്രഞ്ച് സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്നുള്ള പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് ഫ്രഞ്ച് ഭരണാധികാരികള്‍ ചെയ്തത് അംഗീകരിക്കുകയായിരുന്നുവെങ്കില്‍ ഫ്രാന്‍സ് ജര്‍മ്മന്‍ ആധിപത്യത്തില്‍ കഴിയുമായിരുന്നു. ക്രിയാത്മക ന്യൂനപക്ഷത്തിന്റെ സവിശേഷതയെയാണ് ദീനദയാല്‍ ഉപാദ്ധ്യായ എടുത്തുകാട്ടിയത്. നമ്മള്‍ ഇന്ന് വിശേഷിക്കപ്പെടുന്ന മതേതരത്വത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ധര്‍മ്മമായിരുന്നു ദീനദായാലിനെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രജീവിതത്തിന്റെ അടിത്തറ. ധര്‍മ്മനിരപേക്ഷം എന്ന അര്‍ത്ഥത്തില്‍ മതേതരത്വത്തെ വ്യാഖ്യാനിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സര്‍വധര്‍മ്മ സമഭാവനയാണ് നമ്മുടെ കാഴ്ചപ്പാടും നിലപാടും. മതാധിഷ്ഠിത ഭരണകൂടത്തില്‍ നിന്നുരുത്തിരിഞ്ഞു വന്ന മതേതരത്വം ഇവിടെ ഇറക്കുമതി ചെയ്യേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. രാജ്യത്തിന് ഒരിക്കലും ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ലെന്നദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് ആത്മാവുള്ളതുപോലെ രാഷ്‌ട്രത്തിനും ആത്മാവുമുണ്ടെന്നദ്ദേഹം സമര്‍ത്ഥിച്ചു. അതിനെ ചിതി എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
വ്യക്തിയും സമൂഹവും, ധര്‍മ്മവും രാഷ്‌ട്രവും സംസ്‌കാരവും നാഗരികതയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചദ്ദേഹം ഗഹനമായി ചിന്തിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴും കക്ഷി രാഷ്‌ട്രീയത്തിനതീതമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഭാരതീയ ചിന്തയെ ആധുനിക രീതിക്കനുസരിച്ച് അദ്ദേഹം വ്യാഖ്യാനിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായി രാഷ്‌ട്രീയ വിശ്വാസത്തെ അദ്ദേഹം രൂപപ്പെടുത്തി. ആധുനിക ലോകത്ത് വ്യവസായവത്കരണം ഉണ്ടാക്കിയ അസന്തുലിതാവസ്ഥയില്‍ മനുഷ്യന്റെ സ്ഥാനം യഥാര്‍ത്ഥമായ രീതിയില്‍ അദ്ദേഹം നിര്‍വചിച്ചു. കമ്യൂണിസവും മുതലാളിത്തവും പരാജയപ്പെട്ടപ്പോള്‍ അതിന് നമ്മുടെ മണ്ണിന്റെ മണമുള്ള ബദല്‍ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇന്ന് രാജ്യം ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യമാണ്. ബിജെപിക്ക് ഇന്ന് കേവല ഭൂരിപക്ഷമുണ്ട്. നിരവധി സംസ്ഥാനങ്ങളും എന്‍ഡിഎ ഭരണത്തിലാണ്. 1952 മുതല്‍ ദീനദയാല്‍ ഉപാദ്ധ്യായയെ പ്പോലുള്ളവരാണ് ജനസംഘത്തെ നയിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത്. ദീനദയാല്‍ രൂപപ്പെടുത്തിയെടുത്ത തത്വശാസ്ത്രമായ ഏകാത്മമാനവ ദര്‍ശനമാണ് ബി.ജെ.പിയുടെയും ആശയപരമായ അടിത്തറ. സ്വദേശി നിര്‍മ്മാണം, ആത്മനിര്‍ഭര്‍ ഭാരത്, സ്‌കില്‍ ഇന്ത്യ, കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ം വകുപ്പ് എടുത്തകളയല്‍ , പൗരത്വഭേദഗതി ബില്‍ തുടങ്ങിയ ദേശസ്‌നേഹികളെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ നടപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവനെ വരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന അന്ത്യോദയ സങ്കല്പമായിരുന്നു ദീനദയാല്‍ ഉപാദ്ധ്യായ വിഭാവനം ചെയ്തിരുന്നത്. നേരത്തത്തെ വാജ്‌പേയി സര്‍ക്കാരും ഇപ്പോഴുള്ള നരേന്ദ്രമോദി സര്‍ക്കാരും ഈ ദൃഷ്ടിയിലാണ് പ്രവര്‍ത്തിക്കുന്നതും.
പാശ്ചാത്യാധിഷ്ഠിത ആധുനികതയില്‍ നിന്ന് നമുക്ക് ആവശ്യമുളളത് മാത്രം സ്വീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കമ്യൂണിസത്തിന്റെ ന്യൂനതകളെയും ആന്തരിക വൈരുദ്ധ്യത്തെയും അദ്ദേഹം എടുത്തുകാട്ടി. രാഷ്‌ട്രീയ എതിരാളികളെ രാഷ്‌ട്രീയമായി എതിര്‍ക്കുമ്പോഴും അങ്ങേയറ്റത്തെ മാന്യത കാട്ടി. മികച്ച സംഘാടകന്‍ എന്നതിനപ്പുറം അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. രാഷ്‌ട്രധര്‍മ്മ, സന്ദേശ, പാഞ്ചജന്യ തുടങ്ങിയവയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ഭാഷാ പത്രങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യത്തെ ഉള്‍ക്കൊണ്ടപ്പോള്‍ ഇംഗീഷ് പത്രങ്ങള്‍ ഇന്ത്യാവിരുദ്ധ സമീപനം സ്വീകരിക്കുന്നതെന്താണെന്ന് അദ്ദേഹത്തോട് പലരും ചോദിച്ചിരുന്നു. സ്വാതന്ത്യത്തിന് മുമ്പ് ഇംഗ്ലീഷുകാരായിരുന്നു ഈ പത്രങ്ങള്‍ നടത്തിയിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇംഗ്ലീഷുകാര്‍ പോയെങ്കിലും അതേ മനോഭാവം തുടരുകയാണ് അവര്‍ ചെയ്തത്. മെക്കാളെയുടെ രീതിയിലുള്ള ഇംഗഌഷ് വിദ്യാഭ്യാസം ലഭിച്ചത് അവരുടെ കുറ്റമല്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിര്‍ഭാഗ്യവശാല്‍ ഇന്നും പല ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്.
പല തവണ ദീനദയാല്‍ ഉപാദ്ധ്യായ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് ജനസംഘം ബാലാരിഷ്ടതകള്‍ അതിജീവിച്ചിരുന്നില്ല. കപട മതേതര വാദികള്‍ക്കും മതവര്‍ഗീയ ശക്തികള്‍ക്കും അവരെ പ്രീണിപ്പിക്കുന്നവര്‍ക്കും വേരോട്ടമുള്ള ഈ മണ്ണില്‍ ദേശീയവാദികള്‍ ദിനം പ്രതി കരുത്താര്‍ജ്ജിക്കുകയാണ്. ലോകമെങ്ങും പരാജയപ്പെട്ട കമ്യൂണിസത്തിന്റെ പേരാണ് ഇവിടെ ചിലര്‍ ഇപ്പോഴും ദുരുപയോഗിക്കുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ദീനദയാല്‍ ഉപാദ്ധ്യയ എന്ന മനീഷിയുടെ വാക്കുകള്‍ക്കും ദര്‍ശനങ്ങള്‍ക്കും വളരെയേറെ പ്രസക്തിയുണ്ട്.
ഉത്തര്‍പ്രദേശിലെ ബ്രജ് പ്രദേശിലെ മഥുരയില്‍ ജനിച്ച ദീനദയാലിന് മൂന്നാം വയസ്സില്‍ അച്ഛനും എട്ടാം വയസ്സില്‍ അമ്മയും പിന്നീട് മുത്തച്ഛനും നഷ്ടപ്പെട്ടു. പിന്നീട് അമ്മാവന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ചെറുപ്പത്തിലെ സ്‌നേഹം പകരേണ്ട കൈകള്‍ നഷ്ടപ്പെട്ട അദ്ദേഹം പക്ഷേ തന്റെ മാതൃഭൂമിയെ ജീവനേക്കാളേറെ സ്‌നേഹിച്ചു. ഒരു ജീവിതം മുഴുവന്‍ രാഷ്‌ട്രത്തിനും സമൂഹത്തിനും വേണ്ടി ഹോമിച്ചു. രാജ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭരണ സംവിധാനത്തെക്കുറിച്ചും മൗലികമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതെല്ലാം നമ്മുടെ പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചുള്ളതായിരുന്നു. അതേ സമയം ആധുനികതയോടദ്ദേഹം മുഖം തിരിച്ചുമില്ല. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും സംഘടനയെ ആദര്‍ശാത്മകമാക്കുകയുമാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: