മുംബൈ: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും നീക്കാന്‍ കഴിയില്ലെന്ന ട്വിറ്ററിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് കങ്കണ. ട്വിറ്ററിന്റെ സമയം കഴിഞ്ഞെന്നായിരുന്നു കങ്കണ ട്വീറ്ററിലൂടെ തിരിച്ചടിച്ചത്.
താനും ട്വിറ്ററിന് പകരമായി വന്ന കൂ ആപിലേക്ക് നീങ്ങുകയാണെന്നും കങ്കണ വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ രൂപം കൊണ്ട കൂ ആപ് അനുഭവിക്കാന്‍ താല്പര്യമുണ്ടെന്നും തന്റെ കൂ അക്കൗണ്ട് വിശദാംശങ്ങള്‍ ഉടനെ അറിയിക്കാമെന്നും കങ്കണ ട്വീറ്റിലൂടെ പറഞ്ഞു.
ഇതിനിടെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണ്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാന്‍ വാദികളുടെയും വ്യാജപ്രചാരണം നടത്തുന്നവരുടെയും ഉള്‍പ്പെടെ ഒട്ടേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ഇതില്‍ കുറച്ച് അക്കൗണ്ടുകള്‍ മാത്രമേ മരവിപ്പിക്കാന്‍ കഴിയൂ എന്നായിരുന്നു ട്വിറ്ററിന്റെ മറുപടി. അതേ സമയം പൗരാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി ട്വിറ്റര്‍ കേന്ദ്രവുമായി പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.
ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയൊരു ആപിന് പ്രചാരം നല്‍കുകയാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള കൂ ആപാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പല വകുപ്പുകളും അവരുടെ സമൂഹമാധ്യമ അക്കൗണ്ട് കൂ ആപിലേക്ക് മാറ്റി. കൂടുതല്‍ പേര് കൂ ആപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കങ്കണയുടെ ട്വിറ്ററിനെ ഉപേക്ഷിച്ച് കൂവിലേക്ക് നീങ്ങുമെന്ന ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: