കൊല്ലം: സിപിഎം നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്. വാഹനങ്ങള്‍ കടത്തിയതിനും പണം വാങ്ങി മുങ്ങിയതിനും ഇരുപത്തഞ്ചിലേറെ പരാതികള്‍ ഇയാള്‍ക്കെതിരെ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുണ്ട്.
സി പി എം പുനലൂര്‍ ഏരിയ കമ്മിറ്റിയംഗവും ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിജയന് ഉണ്ണിത്താന്റെ മകന് വിനീഷ് വി എസ് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. പുനലൂര്‍ ഇന്‍ഡസ് മോട്ടോഴ്സില്‍ സെയില്‍സ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന ഇയാളെ വിവിധ തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പുറത്താക്കിയിരുന്നു.
തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകനായ പുനലൂര്‍ സ്വദേശിയുടെ കാര്‍ കസ്റ്റമറെ കാണിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടു പോയ പരാതിയില്‍ ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വിനീഷ് ഒളിവിലാണ്. നിരവധി പരാതികള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാതെ പ്രതിയെ സംരക്ഷിക്കുന്നത് സി പി എമ്മിന്റെ പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. സംഘത്തിലെ അഖില്‍ എന്ന തട്ടിപ്പുകാരനെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റു ചെയ്തപ്പോഴും സിപിഎം നേതൃത്വം ഇടപെട്ട് വിനീഷിനെതിരായ നടപടി ഒഴിവാക്കി.
രണ്ടു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നത്. പത്തനാപുരം കാര്യറ സ്വദേശിയായ പ്രവാസിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും കരവാളൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവവും ഇതില്‍പ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൗജന്യമായി ആഡംബര വാഹനങ്ങള്‍ നല്‍കിയും സ്ഥലം മാറിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീട് വാടകയ്ക്ക് എടുത്തു നല്‍കിയുമാണ് വിനീഷ് ബന്ധം സ്ഥാപിക്കുന്നത്.
മാധ്യമ പ്രവര്ത്തകന് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതേസമയം കേസെടുത്ത വിവരം പുറത്തായതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തി. ഇതിനിടെ പത്തനാപുരം സ്വദേശിക്ക് പണയം വച്ചിരുന്ന പാസ്പോര്‍ട്ട് ഒരാഴ്ച മുമ്പ് തിരിച്ചെടുത്ത വിനീഷ് വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തി വരികയാണെന്നാണ് വിവരം. പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അകമഴിഞ്ഞു സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: